ചൈനയില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ ടെസ്‌ലയ്ക്ക് അനുമതി

ചൈനയില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ ടെസ്‌ലയ്ക്ക് അനുമതി

സര്‍ക്കാരിന്റെ അംഗീകൃത വാഹന നിര്‍മാതാക്കളുടെ പട്ടികയില്‍ ടെസ്‌ലയെ ഉള്‍പ്പെടുത്തിയതായി ചൈനീസ് വ്യവസായ മന്ത്രാലയം

ഷാംഗ്ഹായ്: സര്‍ക്കാരിന്റെ അംഗീകൃത വാഹന നിര്‍മാതാക്കളുടെ പട്ടികയില്‍ ടെസ്‌ലയെ ഉള്‍പ്പെടുത്തിയതായി ചൈനീസ് വ്യവസായ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് യുഎസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് കൈമാറി. ചൈനയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതിന് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയാണ് ഷാംഗ്ഹായില്‍ ടെസ്‌ല ഫാക്റ്ററി സ്ഥാപിച്ചിരിക്കുന്നത്. മാതൃ രാജ്യമായ യുഎസ്സിന് പുറത്ത് ടെസ്‌ലയുടെ ആദ്യ കാര്‍ നിര്‍മാണ ശാലയാണ് ചൈനയിലേത്. ചൈനീസ് ഫാക്റ്ററിയില്‍ ഈ മാസം ഉല്‍പ്പാദനം ആരംഭിക്കാന്‍ ടെസ്‌ല തയ്യാറെടുക്കുന്നതായി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചൈനയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതിന് ടെസ്‌ലയുടെ മുമ്പില്‍ പച്ചക്കൊടി മുഴുവനായും വീശിയിരിക്കുകയാണെന്ന് ഷാംഗ്ഹായ് ആസ്ഥാനമായ ഓട്ടോമോട്ടീവ് ഫോര്‍സൈറ്റ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപന മേധാവി യേല്‍ ഷാംഗ് പറഞ്ഞു. ടെസ്‌ലയ്ക്കിനി എപ്പോള്‍ വേണമെങ്കിലും ഇലക്ട്രിക് കാറുകള്‍ നിര്‍മിച്ചുതുടങ്ങാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം അവസാനത്തോടെ ഷാംഗ്ഹായ് ഫാക്റ്ററിയില്‍ ഓരോ ആഴ്ച്ചയിലും ഏറ്റവും കുറഞ്ഞത് ആയിരം യൂണിറ്റ് മോഡല്‍ 3 നിര്‍മിക്കാനാണ് ടെസ്‌ല ഉദ്ദേശിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയില്‍ വില്‍പ്പന വര്‍ധിപ്പിക്കാനാണ് ശ്രമം. യുഎസ് കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഇതുവഴി ഒഴിവാക്കാനും കഴിയും.

പൂര്‍ണമായും വിദേശ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ചൈനയിലെ ആദ്യ കാര്‍ നിര്‍മാണ ശാലയാണ് ടെസ്‌ലയുടേത്. സ്വന്തം കാര്‍ വിപണി ലോകത്തിന് മുമ്പാകെ തുറന്നുകൊടുക്കാനുള്ള ചൈനയുടെ മാറ്റത്തെയും ടെസ്‌ല ഫാക്റ്ററി പ്രതിഫലിപ്പിക്കുന്നു. ഫാക്റ്ററി നിര്‍മാണം വേഗത്തിലാക്കുന്നതിന് ഷാംഗ്ഹായ് അധികൃതര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. പത്ത് ശതമാനം കാര്‍ വാങ്ങല്‍ നികുതി ടെസ്‌ല മോഡലുകള്‍ക്കായി ഒഴിവാക്കുകയും ചെയ്തു.

Comments

comments

Categories: Auto
Tags: Tesla