ഉത്തേജന നടപടികള്‍ക്ക് ആഹ്വാനം ചെയ്ത് ഇന്ത്യ

ഉത്തേജന നടപടികള്‍ക്ക് ആഹ്വാനം ചെയ്ത് ഇന്ത്യ

മാന്ദ്യത്തെ നേരിടുന്നതിന് രാജ്യങ്ങള്‍ ഘടനാപരമായ പരിഷ്‌കരണം നടത്തണമെന്ന് നിര്‍മല സീതാരാമന്‍

കോര്‍പ്പറേറ്റ് നികുതി 30% ല്‍ നിന്ന് 22 ലേക്ക് കുറച്ചതിലൂടെ ഇന്ത്യ ലോകത്തിലെ ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്ന്

-നിര്‍മല സീതാരാമന്‍

വാഷിംഗ്ടണ്‍: ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഉണര്‍വുണ്ടാക്കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ ജി20 രാജ്യങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത് 19 ലോക രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്ന ജി20 കൂട്ടായ്മയുടെ കടമയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മല. കരുതല്‍ ധനശേഖരണത്തിലും സാമ്പത്തിക പരിഷ്‌കരണങ്ങളുടെ രണ്ടാം തരംഗത്തെ ത്വരിതപ്പെടുത്തുന്നതിലും ശക്തമായ നടപടികളെടുത്തുകൊണ്ട് ആഗോള നയങ്ങളുടെ ഏകോപനത്തിന്് സഹായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മാന്ദ്യത്തെ നേരിടുന്നതിന് രാജ്യങ്ങള്‍ ഘടനാപരമായ പരിഷ്‌കരണം നടത്തേണ്ടതുണ്ടെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റ് നികുതി 30% ല്‍ നിന്ന് 22 ലേക്ക് കുറച്ചതിലൂടെ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നായിരിക്കുകയാണെന്നും ഇത് നിക്ഷേപം വര്‍ധിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. നികുതി ഇളവിനോടൊപ്പം ഇന്ത്യയിലെ സര്‍ക്കാര്‍ ആധാര്‍ അധിഷ്ഠിത ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സാര്‍വത്രിക ആരോഗ്യസുരക്ഷാ നയത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും വ്യക്തമാക്കി.

Categories: FK News, Slider