പുതിയ ഉയരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്

പുതിയ ഉയരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്
  • വിപണി മൂലധനം ഒന്‍പത് ലക്ഷം കോടി കടക്കുന്ന രാജ്യത്തെ ആദ്യ കമ്പനി
  • റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 1.92% ഉയര്‍ന്ന് 1,423 രൂപയിലെത്തി
  • രണ്ട് വര്‍ഷത്തിനകം 200 ബില്യണ്‍ വിപണി മൂലധനം നേടുമെന്ന് മെറില്‍ ലിഞ്ച്
  • ഐടി ഭീമനായ ടിസിഎസ് 7.67 ലക്ഷം കോടി രൂപയോടെ രണ്ടാം സ്ഥാനത്ത്

2022 സാമ്പത്തിക വര്‍ഷത്തോടെ ഒരു കോടി കിരാന സ്‌റ്റോറുകളെയാണ് (ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍) ആര്‍ഐഎല്‍ ഉന്നമിടുന്നത്. ചെറുകിട വ്യാപാരത്തില്‍ 9 ബില്യണിന്റെയും ബ്രോഡ്ബാന്‍ഡില്‍ 7 ബില്യണിന്റെയും അടിസ്ഥാനവും 50% എബിറ്റ്ഡയും ലക്ഷ്യമിട്ടിരിക്കുന്നു

-ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച്

ന്യൂഡെല്‍ഹി: രാജ്യത്തെ വ്യവസായ ചരിത്രത്തില്‍ ഒരു റെക്കോഡ് കൂടി എഴുതിച്ചേര്‍ത്ത് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍). വിപണി മൂലധനം ഒന്‍പത് ലക്ഷം കോടി രൂപ (ട്രില്യണ്‍) കടക്കുന്ന രാജ്യത്തെ ആദ്യ കമ്പനിയെന്ന ഖ്യാതിയാണ് റിലയന്‍സ് സ്വന്തമാക്കിയത്. ഇന്നലെ കമ്പനിയുടെ ഓഹരികളുടെ വില 1.92% ഉയര്‍ന്ന് 1,423 രൂപയിലെത്തി. ജനുവരി മുതല്‍ ആര്‍ഐഎലിന്റെ ഓഹരി മൂല്യം 26% ആണ് വര്‍ധിച്ചത്. ഓഹരി വിപണിയില്‍ ട്രോഡ് ചെയ്യപ്പെടുന്ന കമ്പനിയുടെ ആകെ മൂല്യമാണ് വിപണി മൂലധനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഐടി ഭീമനായ ടാറ്റ കമ്യൂണിക്കേഷന്‍ സര്‍വീസ് (ടിസിഎസ്) 7.67 ലക്ഷം കോടി രൂപയോടെ വിപണി മൂലധനത്തില്‍ രണ്ടാം സ്ഥാനത്തെത്തി.

റിലയന്‍സിന്റെ ഭാവി സംബന്ധിച്ചും ഏറെ പ്രതീക്ഷയുണര്‍ത്തുന്ന വിപണി വിശകലനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനം നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മാറാന്‍ ഐആര്‍എല്ലിന് കഴിയുമെന്ന് പ്രമുഖ വിദേശ ഫണ്ട് ഉപദേശക സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് അഭിപ്രായപ്പെടുന്നു. ഓഹരി വില 1,615 രൂപയിലേക്ക് ഉയരുമെന്നാണ് അനുമാനം. പുതിയ സമഗ്ര ഇ-കൊമേഴ്‌സ് സംരംഭമായ റിലയന്‍സ് ന്യൂകൊമേഴ്‌സ്, ബ്രോഡ്ബാന്‍ഡ് സംരംഭമായ ഗിഗാഫൈബര്‍, ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നീ മൂന്ന് മേഖലകളിലൂടെയാവും റിലയന്‍സ് അടുത്ത രണ്ട് വര്‍ഷങ്ങില്‍ നിര്‍ണായക വളര്‍ച്ച കൈവരിക്കുകയെന്ന് ബ്രോക്കറേജ് സ്ഥാപനം അനുമാനിക്കുന്നു. ഡിജിറ്റല്‍ സംരംഭങ്ങളായ പരസ്യം, വായ്പ നല്‍കല്‍ എന്നിവയ്‌ക്കൊപ്പം ബ്രോഡ്ബാന്‍ഡ് വ്യവസായം കൂടി ചേരുന്നതോടെ 22 ബില്യണ്‍ ഡോളര്‍ മൂല്യ വര്‍ധനയുണ്ടാകുമെന്നും മെറില്‍ ലിഞ്ച് ചൂണ്ടിക്കാട്ടുന്നു. ജിയോയുടെ ശരാശരി ഉപഭോക്തൃ വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ 122 രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെത്തുമ്പോള്‍ 177 രൂപയിലേക്ക് ഉയരുമെന്നാണ് മെറില്‍ ലിഞ്ച് അനുമാനം.

തേരോട്ടം തുടര്‍ന്ന് ജിയോ

റിലയന്‍ഡസ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ എതിരാളികളെ പിന്തള്ളി വന്‍ കുതിപ്പ് തുടരുന്നെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ 84.45 ലക്ഷം വരിക്കാരെയാണ് ജിയോ പുതിയതായി കൂട്ടിച്ചേര്‍ത്തത്. ഇതോടെ കമ്പനിയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 34.82 കോടിയിലേക്ക് വളര്‍ന്നു. അതേസമയം ജിയോയുടെ എതിരാളികള്‍ക്കെല്ലാം ഉപഭോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. വരിക്കാരുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍-ഐഡിയയ്ക്ക് 49.56 ലക്ഷം ഉപഭോക്താക്കളെയാണ് നഷ്ടപ്പെട്ടത്. കമ്പനിയുടെ ആകെ വരിക്കാരുടെ എണ്ണം 375 കോടിയിലേക്ക് താണു. ഭാരതി എയര്‍ടെലിന്റെ വരിക്കാരുടെ എണ്ണം 5.61 ലക്ഷം ഇടിഞ്ഞ് 32.79 കോടിയായി. പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എലിന് 2.15 ലക്ഷം വരിക്കാരെയും എംടിഎന്‍എലിന് 6,700 ഉപഭോക്താക്കളെയും ഓഗസ്റ്റില്‍ നഷ്ടമായി. ഓഗസ്റ്റില്‍ ആകെ 26.83 ലക്ഷം പുതിയ മൊബീല്‍ ഉപഭോക്താക്കളാണ് രാജ്യത്തുണ്ടായത്. ഇതോടെ ആകെ മൊബീല്‍ ഉപഭോക്താക്കളുടെ എണ്ണം 117.1 കോടിയിലേക്ക് വര്‍ധിച്ചിട്ടുണ്ട്.

Categories: FK News, Slider