ബിസിനസിലും കൃഷിയിലും ജോണിക്ക് പ്രധാനം ‘പാഷന്‍’

ബിസിനസിലും കൃഷിയിലും ജോണിക്ക് പ്രധാനം ‘പാഷന്‍’

കര്‍ഷകന്‍ സംരംഭകനായാല്‍ അതിന്റെ ഗുണം കാര്‍ഷിക മേഖലക്ക് കൂടിയാണ്, അതിനുള്ള ഉത്തമ ഉദാഹരണമാണ് പാഷന്‍ ഫ്രൂട്ട് പള്‍പ്പ് പ്രോസസിംഗിലൂടെ ശ്രദ്ധേയമായ മറാക്ക ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെയും മാനേജിംഗ് ഡയറക്റ്റര്‍ ജോണിയുടെയും വിജയം. കാലങ്ങളായി പൈനാപ്പിള്‍ കര്‍ഷകനായിരുന്ന ജോണി തീര്‍ത്തും അവിചാരിതമായാണ് പാഷന്‍ ഫ്രൂട്ട് കൃഷിയിലേക്ക് തിരിയുന്നത്. പൈനാപ്പിളിന്റെ വിലയിടിവ് മൂലം സാമ്പത്തികമായി വന്‍നഷ്ടം നേരിട്ടപ്പോള്‍ പൈനാപ്പിളിന് ഒരു പകരക്കാരന്‍ എന്ന നിലക്ക് പാഷന്‍ ഫ്രൂട്ടിലേക്ക് ജോണി തിരിയുന്നത്. എന്നാല്‍ പത്തേക്കറില്‍ വിളഞ്ഞ ആദ്യത്തെ വിളവെടുപ്പിന് മതിയായ ആവശ്യക്കാര്‍ ഇല്ലാതായതോടെ ജോണി പാഷന്‍ ഫ്രൂട്ടില്‍ നിന്നുള്ള മൂല്യവര്‍ധിത വസ്തുക്കളുടെ നിര്‍മാണത്തെപ്പറ്റി ചിന്തിച്ചു. മറ്റ് പഴവര്‍ഗങ്ങളില്‍ നിന്നും ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്‍പന്തിയിലായ പാഷന്‍ ഫ്രൂട്ടില്‍ നിന്നുള്ള മൂല്യവര്‍ധിത വസ്തുക്കള്‍ വിപണി പിടിക്കും എന്ന് മനസ്സിലാക്കിയതോടെ രാമക്കല്‍മേട്ടില്‍ 42 ഏക്കറില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പാഷന്‍ഫ്രൂട്ട് കൃഷി ആരംഭിച്ചു. കര്‍ഷനില്‍ നിന്നും സംരംഭകനിലേക്ക് ചുവടുമാറിയപ്പോഴും കൃഷിയോടുള്ള ബഹുമാനം അതേപടി നിലനിര്‍ത്തി, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം നിര്‍മിച്ചു. 2017 ല്‍ രണ്ടര കോടി രൂപയുടെ നിക്ഷേപത്തിലാണ് മറാക്ക ഫ്രൂട്ട്‌സ് എന്ന സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്. 2018 ഒക്‌റ്റോബറില്‍ മറാക്ക ഫ്രൂട്ട്‌സ് സ്‌ക്വാഷുകള്‍ വിപണി പിടിച്ചു. രാമക്കല്‍മേട് , കമ്പം എന്നിവടങ്ങളില്‍ കൃഷി ചെയ്ത് തൊടുപുഴയില്‍ പ്രോസസ് ചെയ്‌തെടുക്കുന്ന മറാക്ക ഫ്രൂട്ട്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് പ്രതിമാസം 60 ലക്ഷം രൂപയുടെ വിറ്റുവരവാണുള്ളത്.

പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാത്തവര്‍ ആരാണുള്ളത്? പ്രെഷറിനും, പ്രമേഹത്തിനും , ഡെങ്കിപ്പനി മൂലം രക്തത്തിലെ കൗണ്ട് കുറയുന്നത് ചെറുക്കാനും, സൗന്ദര്യ സംരക്ഷണത്തിനും, ക്ഷീണം അകറ്റാനുമെല്ലാം പാഷന്‍ ഫ്രൂട്ടിനേക്കാള്‍ മികച്ച മറ്റൊരു ഫലമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാകും ഉത്തരം. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പോലെയാണ് വീട്ടുമുറ്റത്ത് നില്‍ക്കുന്ന വിളഞ്ഞു പാകമായ പാഷന്‍ഫ്രൂട്ടുകളോടുള്ള മലയാളികളുടെ സമീപനം. അടുക്കളത്തോട്ടങ്ങളിലും മറ്റ് മരങ്ങളുടെ തണലിലുമായി എളുപ്പത്തില്‍ പടര്‍ന്നു പന്തലിക്കുന്ന പാഷന്‍ ഫ്രൂട്ട് ആളത്ര നിസ്സാരക്കാരനല്ലെന്നും പാഷന്‍ ഫ്രൂട്ടിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നുമുള്ള ആഗ്രഹത്തിലാണ് കോതമംഗലത്തെ കര്‍ഷകനായിരുന്ന ജോണി പാഷന്‍ ഫ്രൂട്ട് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിയുന്നത്. പൈനാപ്പിള്‍ കര്‍ഷകനായിരുന്ന ജോണിക്ക് കേരളത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും പൈനാപ്പിള്‍ തോട്ടങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവിചാരിതമായി പൈനാപ്പിളിനുണ്ടായ വിലയിടിവും വിപണി നഷ്ടവും അദ്ദേഹത്തെയും ബാധിച്ചു. പൈനാപ്പിള്‍ കൃഷികൊണ്ട് ഇനി മുന്നോട്ട് പോകാനാകില്ലെന്നു മനസിലാക്കിയ ജോണി ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ തുടങ്ങി.

പൈനാപ്പിളിന് പകരക്കാരനായി പാഷന്‍ ഫ്രൂട്ട് എത്തുന്നത് തീര്‍ത്തും അവിചാരിതമായാണ്. കോതമംഗലത്ത് തന്റെ വീടിനു ചുറ്റുമായുള്ള സ്ഥലത്ത് ഒരു കൗതുകത്തിന്റെ പുറത്താണ് 2015 ല്‍ പാഷന്‍ ഫ്രൂട്ട് കൃഷി ആരംഭിക്കുന്നത്. അധികം പരിപാലനം ഒന്നും ആവശ്യമില്ലാത്ത ഫലമാണെന്നതും വ്യത്യസ്തമായ രുചിയാണെന്നതുമായിരുന്നു പാഷന്‍ ഫ്രൂട്ട് നടുന്നതിനായി പ്രേരിപ്പിച്ച ഘടകം. ആദ്യമാദ്യം ഉണ്ടായ പഴങ്ങള്‍ സമീപവാസികള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊക്കെയായി വിതരണം ചെയ്തു. ആയിടക്കാണ് കേരളത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത്. ഡെങ്കിപ്പനി മൂലം രക്തത്തിലെ കൗണ്ട് കുറയ്ക്കുന്നതിനുള്ള ഉത്തമ ഔഷധമാണ് പാഷന്‍ ഫ്രൂട്ട്. അതിനാല്‍ പനിബാധിച്ച ധാരാളം ആളുകള്‍ പാഷന്‍ ഫ്രൂട്ട് തേടി ജോണിയുടെ വീട്ടിലെത്തി. പാഷന്‍ ഫ്രൂട്ട് ആവശ്യപ്പെട്ട് എത്തിയ എല്ലാവര്‍ക്കും തന്നെ ജോണി തീര്‍ത്തും സൗജന്യമായാണ് പഴങ്ങള്‍ നല്‍കിയത്.എന്നാല്‍ പാഷന്‍ ഫ്രൂട്ട് എല്ലാവരും കരുതുന്ന പോലെ അത്ര നിസ്സാരക്കാരനല്ലെന്ന് മനസിലാക്കിയ ജോണി ഇന്റര്‍നെറ്റില്‍ പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അന്വേഷിച്ചു. സൗന്ദര്യ സംരക്ഷണം മുതല്‍ പ്രമേഹത്തെ പിടിച്ചുകെട്ടുന്നതിനും കിഡിനിക്ക് സംരക്ഷണം നല്‍കുന്നതിനും വരെ പാഷന്‍ ഫ്രൂട്ട് അത്യുത്തമമാണെന്ന് മനസിലാക്കിയ ജോണി പൈനാപ്പിളിന് പകരം വ്യാവസായികാടിസ്ഥാനത്തില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യാന്‍ തീരുമാനിച്ചു.

വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി

2016 വ്യാവസായികാടിസ്ഥാനത്തില്‍ പാഷന്‍ ഫ്രൂട്ട് കൃഷി തുടങ്ങാനുള്ള തന്റെ ആഗ്രഹം ജോണി ബന്ധുവായ നോബിളിനോട് പങ്കുവച്ചു. കാര്യകാരണങ്ങള്‍ സഹിതം ആഗ്രഹം വിശദീകരിച്ചപ്പോള്‍ അദ്ദ്‌ദേഹത്തിനും പൂര്‍ണ സമ്മതം. അടുത്ത സുഹൃത്തുക്കളും ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ മുന്നോട്ട് വന്നു. അങ്ങനെ വണ്ടന്‍മേട്ടില്‍ പത്തേക്കര്‍ സ്ഥലം എടുത്ത് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി തുടങ്ങി. വര്‍ഷങ്ങളിലായി കര്‍ഷകനായിരുന്ന ഒരു വ്യക്തിക്ക് കൃഷിയുടെ പാഠങ്ങള്‍ ആരും പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ലല്ലോ. മണ്ണിന്റെ ഗുണമറിഞ് കൃഷി ചെയ്തതിലൂടെ ആദ്യവട്ടം തന്നെ മികച്ച വിളവ് ലഭിച്ചു. എന്നാല്‍ കോതമംഗലത്ത് വീടിനു ചുറ്റും കൃഷി ചെയ്തപ്പോള്‍ പഴങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത പത്തേക്കറിലെ കൃഷിയില്‍ നിന്നും ലഭിച്ചില്ല. ഉല്‍പ്പാദനം കൂടിയപ്പോള്‍ ആവശ്യക്കാര്‍ ഇല്ലാതെയായി. അങ്ങനെ താന്‍ എടുത്ത തീരുമാനം തെറ്റായിപ്പോയോ എന്ന ചിന്തയില്‍ ഇരിക്കുമ്പോഴാണ് പാഷന്‍ ഫ്രൂട്ടില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം എന്ന ആശയം മനസിലേക്ക് വരുന്നത്. മറ്റ് പഴവര്‍ഗങ്ങളില്‍ നിന്നുള്ള സ്‌ക്വാഷുകളും ജാമുകളും മറ്റും പല ബ്രാന്‍ഡില്‍ വിപണിയില്‍ സജീവമായിരുന്നു എങ്കിലും പാഷന്‍ ഫ്രൂട്ടില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വളരെ കുറവായിരുന്നു. അതിനാല്‍ മൂല്യവര്‍ധിത ഉല്‍പ്പനങ്ങളുമായി മുന്നോട്ട് പോകാന്‍ ജോണി തീരുമാനിച്ചു.

മറാക്ക ഫ്രൂട്ട്‌സ് എന്ന ബ്രാന്‍ഡ് ജനിക്കുന്നു

ആദ്യവട്ടം വിളവെടുപ്പ് കഴിഞ്ഞതോടെ, വണ്ടന്‍മേട്ടിലെ പാഷന്‍ ഫ്രൂട്ട് കൃഷി ഉപേക്ഷിച്ചു. എന്നാല്‍ തന്റെ ആശയവുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു ജോണിയുടെ തീരുമാനം. പാഷന്‍ ഫ്രൂട്ടില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം എന്ന ആശയം മനസ്സില്‍ കയറിയതോടെ അതിനായുള്ള നീക്കങ്ങള്‍ അദ്ദേഹം ആരംഭിച്ചു. സ്‌ക്വാഷ് ഉല്‍പ്പാദനത്തിനായുള്ള യന്ത്രങ്ങള്‍ എവിടെ നിന്നും കിട്ടുമെന്നും എത്രവിലവരുമെന്നും അദ്ദേഹം കണ്ടെത്തി. അതിനുശേഷം അവ വാങ്ങിക്കുകയും ചെയ്തു. അതെ സമയം രാമക്കല്‍മേട്ടില്‍ 42 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് അവിടെ പായേഷന്‍ ഫ്രൂട്ട് കൃഷി ആരംഭിച്ചു. സീസണല്‍ ഫ്രൂട്ട് ആണെങ്കിലും ഹൈറേഞ്ചുകളില്‍ കൃഷി ചെയ്യുന്നതിനാല്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഒഴിച്ച് ബാക്കി കാലങ്ങളിലെല്ലാം വിളവ് നല്‍കുന്നു.പിറവം അഗ്രോ പാര്‍ക്കില്‍ നിന്നാണ് പാഷന്‍ ഫ്രൂട്ടിന്റെ പ്രോസസിംഗും ഉല്‍പ്പന്ന നിര്‍മാണവും ജോണി പഠിച്ചെടുത്തത്.

ചെറുപ്പം മുതല്‍ക്ക് കൃഷിയില്‍ ജോണിയും നോബിളും ഒരുമിച്ചായിരുന്നു. അതിനാല്‍ ആദ്യതവണ ക്ഷീണം നേരിട്ടെങ്കിലും പിന്നീട് തിരിച്ചു കയറാനുള്ള ശ്രമത്തിലും ജോണി നോബിളിനെ ഒപ്പം കൂട്ടി. ശേഷം, ജോണിയുടെ നാട്ടുകാരനായ ഡെന്നിസ്, പഞ്ചായത്തു മെമ്പര്‍, ടോമി എന്നിവരുമായി ചേര്‍ന്ന് ഒരു കമ്പനി ആരംഭിച്ചു. മടക്കത്താനത്ത് ഒരു കെട്ടിടം നിര്‍മിച്ച് മൂല്യവര്‍ധിത വസ്തുക്കളുടെ നിര്‍മാണത്തിനായുള്ള മെഷിനറി വാങ്ങി. തമിഴ്‌നാട് ഏരിയയിലും രാമക്കല്‍മേട്ടിലുമൊക്കെയായി 60 ഏക്കറോളം സ്ഥലത്ത് കൃഷി ആരംഭിച്ചു. ഇതിനു പുറമെ പായേഷന്‍ ഫ്രൂട്ട് കൃഷിയില്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് അതിനായുള്ള പരിശീലനവും വിത്തുകളും നല്‍കി അവരില്‍ നിന്നും പഴങ്ങള്‍ വിലക്ക് വാങ്ങുന്ന രീതിയും നടപ്പിലാക്കി.

വ്യത്യസ്തമായതും ഓര്‍ത്തിരിക്കുന്നതുമായ ഒരു ബ്രാന്‍ഡ് നെയിം എന്ന നിലക്കാണ് മറാക്ക ഫ്രൂട്ട്‌സ് എന്ന പേര് സ്വീകരിയ്ക്കുന്നത്. ബ്രസീലിയന്‍ ഭാഷയില്‍ മറാക്ക എന്നാല്‍ പാഷന്‍ ഫ്രൂട്ട് എന്നാണ് അര്‍ത്ഥം. തുടര്‍ന്ന് 2018 ഒക്ടോബറില്‍ ആദ്യ ഉല്‍പ്പന്നം എന്ന നിലക്ക് മറാക്കാ പാഷന്‍ ഫ്രൂട്ട് എന്ന പേരില്‍ സ്‌ക്വാഷ് രൂപത്തില്‍ പുറത്തിറക്കി.

രുചിയും ആരോഗ്യവും ചേര്‍ന്ന മിശ്രിതം

പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കുന്ന സാധാരണ ഫ്രൂട്ട് സ്‌ക്വാഷുകള്‍ക്ക് സമാനമായ ഒന്നായിരുന്നില്ല മറാക്ക പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ്. ഇതില്‍ പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമേയില്ലായിരുന്നു. ഉല്‍പ്പന്നം ആദ്യം കൊച്ചിയിലെ വിപണിയിലാണ് അവതരിപ്പിക്കപ്പെട്ടത്. തുടക്കം മുതല്‍ക്ക് ഉല്‍പ്പന്നത്തിന് മികച്ച വിപണി ലഭിക്കുകയും ചെയ്തു. അതോടെ, കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വിതരണ ശൃംഖല വ്യാപിപ്പിച്ചു. ഇന്ന് കേരളത്തിലെ മിക്ക സ്ഥലങ്ങളിലും മറാക്കാ പാഷന്‍ ഫ്രൂട്ട് ലഭ്യമാണ്. അഞ്ച് ലിറ്ററിന്റെ ബോട്ടിലിന് കൂടുതലും കാറ്ററിംഗ് ആവശ്യങ്ങള്‍ക്കാരുടെ ഓര്‍ഡര്‍ ലഭിക്കുന്നു. വീട്ടാവശ്യത്തിനായി 750 മി. ലി. 500 മി. ലി. ബോട്ടിലുകളാണുള്ളത്. യാതൊരുവിധ പ്രിസര്‍വേറ്റിവുകളും ചേര്‍ക്കാതെ തീര്‍ത്തും വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഉല്‍പ്പന്നത്തിന്റെ നിര്‍മാണം.സീസണലായി പാഷന്‍ ഫ്രൂട്ട് ലഭിക്കുന്ന ക്രമത്തില്‍ പള്‍പ്പ് രൂപത്തില്‍ ഇവ ശേഖരിച്ച് സൂക്ഷിക്കുന്നു. കേരളത്തിന് പുറത്തുനിന്നും ഉല്‍പ്പനനത്തിനു ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും നിലവില്‍ കേരളത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടരക്കോടി രൂപയുടെ നിക്ഷേപത്തിലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ പ്രതിമാസം 60 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിക്കുന്നുണ്ട്. തോട്ടത്തിലും ഫാക്റ്ററിയിലുമായി നൂറില്‍പരം ആളുകള്‍ക്ക് മറാക്ക ഫ്രൂട്ട്‌സ് ജോലിയും നല്‍കുന്നുണ്ട്. രാമക്കല്‌മേട്ടില് നിന്നും കമ്പത്ത് നിന്നും പാഷന്‍ ഫ്രൂട്ട് വിളവെടുത്ത് തൊടുപുഴയിലുള്ള ഫാക്റ്ററിയില്‍ എത്തിക്കുന്നു. അവിടെ വച്ചാണ് പ്രോസസിംഗ് നടക്കുന്നത്. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കപ്പെടുന്നു.

സാധ്യതകള്‍ ഏറെ

”അനന്തമായ സാധ്യതകള്‍ ഉള്ള ഒരു പഴമാണ് പാഷന്‍ ഫ്രൂട്ട്. എന്നാല്‍ നാം അത് അറിയാതെ പോകുന്നു. ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ടും രുചികൊണ്ടും പാഷന്‍ ഫ്രൂട്ട് കേമനാണ്. നിലവില്‍ ഒരൊറ്റ ഉല്‍പ്പനന്മ മാത്രമാണ് മറാക്ക ഫ്രൂട്ട്‌സിന് കീഴിലുള്ളത്. താമസിയാതെ റെഡി റ്റു ഡ്രിങ്ക് പാനീയം വിപണിയിലെത്തിക്കും. തുടര്‍ന്ന് മറ്റ് പഴവര്‍ഗങ്ങളുടെ ഉല്‍പ്പാദനത്തിലേക്കും തിരിയണമെന്നാണ് സ്ഥാപനം ആഗ്രഹിക്കുന്നത്. നിലവിലെ ആവശ്യമനുസരിച്ച് ഇനിയും ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടതായുണ്ട്. അതിന്റെ ഭാഗമായി പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്ന മറ്റ് കര്‍ഷകരില്‍ നിന്നും പാഷന്‍ ഫ്രൂട്ട് ശേഖരിക്കുന്നു. എന്നാല്‍ , ഗുണനിലവാരം ഉറപ്പാക്കേണ്ടതിനാല്‍ പരിചയക്കാരില്‍ നിന്ന് മാത്രമേ ഫ്രൂട്‌സ് വാങ്ങാനാവൂ. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നമ്മുടെ നാട്ടില്‍ പാഷന്‍ ഫ്രൂട്ടിന്റെ സീസണാണ്. വലിയ പരിചരണത്തിന്റെ ആവശ്യവും ഇല്ല. വലിയ മരത്തില്‍ പടര്‍ന്നു പോയാല്‍ മാത്രമേ പറിച്ചെടുക്കാന്‍ പ്രയാസമുളളൂ” ജോണി പറയുന്നു

Categories: FK Special, Slider