മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യയില്‍ ‘ജി മാനുഫാക്ച്ചര്‍ പ്രോഗ്രാം’ അവതരിപ്പിച്ചു

മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യയില്‍ ‘ജി മാനുഫാക്ച്ചര്‍ പ്രോഗ്രാം’ അവതരിപ്പിച്ചു

ജി-ക്ലാസ് ഉപയോക്താക്കള്‍ക്ക് പത്ത് ലക്ഷത്തിലധികം കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ലഭിക്കും

ന്യൂഡെല്‍ഹി: മെഴ്‌സേഡസ് ബെന്‍സ് ജി-ക്ലാസ് എസ്‌യുവിയുടെ ജി 350ഡി വേര്‍ഷന്‍ ഈയിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1.50 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ജി 350ഡി ഉപയോക്താക്കള്‍ക്കായി ഇന്ത്യയില്‍ ‘ജി മാനുഫാക്ച്ചര്‍’ കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ് മെഴ്‌സേഡസ് ബെന്‍സ്. പത്ത് ലക്ഷത്തിലധികം കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ് പാക്കേജിലൂടെ ലഭ്യമാക്കുന്നത്. തെരഞ്ഞെടുക്കുന്ന ഓപ്ഷനുകളുടെ എണ്ണമനുസരിച്ച് ജി-ക്ലാസിന്റെ ഓണ്‍ റോഡ് വില പിന്നെയും വര്‍ധിക്കും. വെയ്റ്റിംഗ് പിരീഡ് രണ്ടോ മൂന്നോ മാസം വര്‍ധിക്കുകയും ചെയ്യും. പൂര്‍ണമായും നിര്‍മിച്ചശേഷമാണ് മെഴ്‌സേഡസ് ബെന്‍സ് ജി 350ഡി ഇന്ത്യയില്‍ എത്തിക്കുന്നത്. ഇന്ത്യയില്‍ 2011 മുതല്‍ ജി-ക്ലാസ് വിറ്റുവരുന്നുണ്ട്. ആദ്യം ജി55 എഎംജി അവതരിപ്പിച്ചെങ്കില്‍ പിന്നീട് ജി63 എഎംജി പതിപ്പും ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ എത്തിയതാണ് എസ്‌യുവിയുടെ ജി 350ഡി വേര്‍ഷന്‍.

കാബിന്‍ സംബന്ധിച്ച് നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഇരട്ട നിറ തീം, തുന്നലുകളുടെ നിറത്തിന് കൂടുതല്‍ ഓപ്ഷനുകള്‍, കസ്റ്റം ഡോര്‍ പാനലുകള്‍ തുടങ്ങിയവയാണ് ഇന്റീരിയര്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍. ജി മാനുഫാക്ച്ചര്‍ പ്രോഗ്രാമിന്റെ ഭാഗമായി 64 സീറ്റ് കോംബിനേഷനുകള്‍ ലഭിക്കും. ഇരട്ട നിറത്തിലുള്ള തുകല്‍ സ്റ്റിയറിംഗ് വളയം വേണമെങ്കിലും തെരഞ്ഞെടുക്കാം. തുകല്‍, വുഡ് ഇന്‍സെര്‍ട്ടുകള്‍, കാര്‍ബണ്‍ ഫൈബര്‍ എന്നിങ്ങനെ ഡാഷ്‌ബോര്‍ഡ് അലങ്കാരങ്ങളും തെരഞ്ഞെടുക്കാന്‍ കഴിയും. ബര്‍മെസ്റ്റര്‍ ഓഡിയോ സിസ്റ്റം, ഫാന്‍സി ലെതര്‍ അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകള്‍ എന്നിവയും കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ്. ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിന് 12.3 ഇഞ്ച് വലുപ്പമുള്ള രണ്ടാമതൊരു ഡിസ്‌പ്ലേ ലഭിക്കും.

മെറ്റാലിക്, മാറ്റ് വിഭാഗങ്ങളിലായി 23 കളര്‍ ഓപ്ഷനുകളാണ് ഇന്ത്യയിലെ ജി-ക്ലാസ് ഉപയോക്താക്കള്‍ക്കായി ജി മാനുഫാക്ച്ചര്‍ പാക്കേജിലൂടെ ലഭ്യമാക്കുന്നത്. ബംപറുകള്‍, ബോഡി പാനലുകള്‍, സ്‌പെയര്‍ വീല്‍ കവര്‍, റൂഫ് എന്നിവയ്ക്കായി കറുത്ത ഘടകങ്ങള്‍ ലഭിക്കും. എഎംജി ബ്രാന്‍ഡ് ഡോര്‍ സില്ലുകള്‍, ഫെയ്രിം ഇല്ലാത്ത റിയര്‍ വ്യൂ മിറര്‍, മള്‍ട്ടി ബീം ഹെഡ്‌ലൈറ്റുകള്‍ എന്നിവയും ഓപ്ഷനുകള്‍ തന്നെ. ഹാന്‍ഡിലുകളില്‍ ‘ജി മാനുഫാക്ച്ചര്‍’ ലോഗോ ആവശ്യമെങ്കില്‍ വാങ്ങാം. ആറ് അലോയ് വീല്‍ ഓപ്ഷനുകളും എസ്‌യുവിക്കായി ലഭിക്കും. പിറേലി ടയറുകള്‍ നല്‍കിയ 18 ഇഞ്ച്, 19 ഇഞ്ച്, 20 ഇഞ്ച് വലുപ്പമുള്ള ചക്രങ്ങള്‍ തെരഞ്ഞെടുക്കാം. പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്ന യാതൊന്നും ജി മാനുഫാക്ച്ചര്‍ പാക്കേജിന്റെ ഭാഗമായി ലഭ്യമല്ല.

Comments

comments

Categories: Auto