മഹീന്ദ്ര നൂറാമത്തെ എസ്‌സിവി ഡീലര്‍ഷിപ്പ് തുറന്നു

മഹീന്ദ്ര നൂറാമത്തെ എസ്‌സിവി ഡീലര്‍ഷിപ്പ് തുറന്നു

2020 മാര്‍ച്ച് മാസത്തോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 250 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം

ന്യൂഡെല്‍ഹി: ചെറിയ വാണിജ്യ വാഹനങ്ങളുടെ (എസ്‌സിവി) വില്‍പ്പനയ്ക്കായി നൂറാമത്തെ ഡീലര്‍ഷിപ്പ് തുറന്നതായി മഹീന്ദ്ര പ്രഖ്യാപിച്ചു. ആറ് മാസത്തിനിടെയാണ് മഹീന്ദ്രയുടെ ഈ നേട്ടം. വില്‍പ്പന, സര്‍വീസ് ആവശ്യങ്ങള്‍ ഒരുപോലെ നിര്‍വഹിക്കുന്നതാണ് ഡീലര്‍ഷിപ്പുകള്‍. ഫിനാന്‍സ് ഓപ്ഷനുകള്‍, വാഹന ആക്‌സസറികള്‍, ഫുള്‍ സര്‍വീസ് കോണ്‍ട്രാക്റ്റ് എന്നിവ ഉപയോക്താക്കള്‍ക്ക് ലഭ്യമായിരിക്കും.

ചെറിയ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ച കണക്കിലെടുത്ത് ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് പ്രത്യേക ശൃംഖല ആരംഭിച്ചതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം വില്‍പ്പന, വിപണന മേധാവി വീജയ് റാം നക്ര പറഞ്ഞു. ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിച്ചുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറിയ വാണിജ്യ വാഹനങ്ങളുടെ സെഗ്‌മെന്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വില്‍പ്പനയും വിപണി വിഹിതവും വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ഉപയോക്താക്കളെ ലഭിക്കുന്നതിനും പ്രത്യേക വില്‍പ്പന ശൃംഖല സഹായിച്ചതായും വീജയ് റാം നക്ര പറഞ്ഞു.

ആല്‍ഫ പാസഞ്ചര്‍, ആല്‍ഫ ലോഡ്, ഇ-ആല്‍ഫ, ട്രിയോ ഓട്ടോ, ട്രിയോ യാരി, ജീത്തോ വാഹനങ്ങള്‍, സുപ്രോ വാഹനങ്ങള്‍ എന്നിവയാണ് മഹീന്ദ്രയുടെ ചെറിയ വാണിജ്യ വാഹനങ്ങള്‍ (എസ്‌സിവി). 2020 മാര്‍ച്ച് മാസത്തോടെ എസ്‌സിവി ഡീലര്‍ഷിപ്പുകളുടെ എണ്ണം 250 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

Comments

comments

Categories: Auto
Tags: Mahindra