ലാല്‍ കപ്താന്‍ (ഹിന്ദി)

ലാല്‍ കപ്താന്‍ (ഹിന്ദി)

സംവിധാനം: നവദീപ് സിംഗ്
അഭിനേതാക്കള്‍: സെയ്ഫ് അലി ഖാന്‍, സോയ ഹുസൈന്‍, ദീപക് ദോബ്രിയല്‍
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 35 മിനിറ്റ്

വഞ്ചനയെയും വീര്യത്തെയും കുറിച്ചുള്ളൊരു വലിയ കഥയാണ് ലാല്‍ കപ്താന്‍. ഈ ചിത്രം ഇന്ത്യയുടെ ചരിത്രത്തിലേക്ക് ഒരു ദ്രുത സന്ദര്‍ശനം നടത്തുന്നു. 1700-കളുടെ അവസാനത്തിലാണ് ലാല്‍ കപ്താന്‍ ഒരുങ്ങുന്നത്. ബക്‌സാര്‍ യുദ്ധം നടന്നു. മുഗളരുടെ പിടി നഷ്ടപ്പെടുന്നു, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ചു തുടങ്ങുന്നു. സഖ്യകക്ഷികളെ വിലയ്‌ക്കെടുത്തും, ശത്രുക്കളെ ഭീഷണിപ്പെടുത്തിയും ഇന്ത്യയുടെ മേല്‍ സമ്പൂര്‍ണ നിയന്ത്രണം സ്ഥാപിക്കുകയാണ് അവര്‍.

ഇതിനിടെ പ്രതികാരം തേടുന്ന ഗൊസെയ്ന്‍ എന്നൊരു നാഗ സാധു (സെയ്ഫ് അലി ഖാന്‍) പ്രത്യക്ഷപ്പെടുകയാണ്. ഇയാള്‍ ശത്രുക്കളെ തേടിപ്പിടിച്ചു തകര്‍ക്കുകയാണ്. ഗൊസെയ്ന്‍ നടത്തുന്ന കൊലപാതകങ്ങളിലൂടെ അയാള്‍ ഒരു കൂലിപ്പടയാളിയാണെന്നു സ്ഥിരീകരിക്കപ്പെടുന്നു. കഴിഞ്ഞ 20 വര്‍ഷമായി പട്ടാളമേധാവിയും മറാത്ത രാജ്യത്തെ കുപ്രസിദ്ധ രാജ്യദ്രോഹിയുമായ റഹ്മത്ത് ഖാനെ പിന്തുടരുകയാണു ഗൊസെയ്ന്‍. ഗൊസെയ്‌നെ ചുറ്റിപ്പറ്റിയുള്ള കഥകളുടെ ചുരുളഴിയുമ്പോഴും, അദ്ദേഹത്തിന്റെ നിഗൂഢ, സാഹസിക കൃത്യങ്ങള്‍ വെളിപ്പെടുമ്പോഴുമാണു ഗൊസെയ്‌ന്റെ പ്രതികാര കഥയുടെ ഉത്ഭവം പ്രേക്ഷകര്‍ക്കു മനസിലാവുന്നത്. നിരൂപക പ്രശംസ നേടിയ ‘മനോരമ സിക്‌സ് ഫീറ്റ് അണ്ടര്‍’, ‘എന്‍എച്ച്10’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ കപ്താനിലൂടെ സംവിധായകന്‍ നവദീപ് സിംഗ് പ്രതികാരം മുഖ്യ പ്രമേയമാക്കി ഒരു വീരകഥ സൃഷ്ടിക്കാന്‍ ശ്രമിച്ചിരിക്കുകയാണ്.

ആഖ്യാനം വളരെ ദൈര്‍ഘ്യമേറിയതാണ്. പ്രേക്ഷകനെ ആകര്‍ഷിക്കുന്നതും ഞെട്ടിക്കുന്നതുമായ രംഗങ്ങളുണ്ട് ലാല്‍ കപ്താനില്‍. എന്നാല്‍ കാഴ്ചയുടെ ഒഴുക്ക് തടസപ്പെടുത്തുന്ന രംഗങ്ങളുമുണ്ട് ചിത്രത്തില്‍. 18-ാം നൂറ്റാണ്ടിലെ കഥ പറയുന്നതിനാല്‍, ഈ ചിത്രം ആകര്‍ഷകമാക്കി മാറ്റാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ആ സാധ്യത പ്രയോജനപ്പെടുത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്കു സാധിച്ചിട്ടില്ല. ഒരു കാലഘട്ടത്തെ കുറിച്ചുള്ള സിനിമയില്‍ ഛായാഗ്രഹണം ഒരു പ്രധാന ഘടകമാണ്. ഇവിടെ ഛായാഗ്രാഹകന്‍ ഷങ്കര്‍ രാമന്‍ ചില രംഗങ്ങള്‍ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. പക്ഷേ, ചിലത് രംഗങ്ങളില്‍ അദ്ദേഹം നിരാശ സമ്മാനിക്കുന്നു. ചിത്രത്തിന്റെ പ്ലസ് പോയ്ന്റ് എന്നു പറയാവുന്നത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സെയ്ഫ് അലി ഖാന്റെ പ്രകടനമാണ്. ഗൊസെയ്ന്‍ എന്ന നാഗ സാധുവിലേക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനം കെങ്കേമമാണ്. നീളമുള്ള ചുരുണ്ട മുടിയും, ചാര നിറത്തിലുള്ള മുഖവും ബുദ്ധിസ്ഥിരതയില്ലാത്തതെന്നു തോന്നിപ്പിക്കുന്നതും വന്യവുമായ രൂപവും പ്രശംസാര്‍ഹമാണ്. ഇത്തരം പ്രത്യേകതകള്‍ക്കൊപ്പം സെയ്ഫിന്റെ ശരീരഭാഷയും അഭിനയ വൈദഗ്ധ്യവും ഗൊസെയ്‌നെ ശക്തവും ആഴത്തിലുള്ളതുമായ കഥാപാത്രമാക്കി മാറ്റുന്നു. പക്ഷേ, സെയ്ഫിന്റെ ഗൊസെയ്ന്‍ എന്ന കഥാപാത്രത്തിന്റെ രൂപം പിറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ എന്ന ചിത്രത്തിലെ ജാക്ക് സ്പാരോയുമായി വളരെയടുത്തു സാമ്യം തോന്നുന്നതാണ്. ഇത് ഗൊസെയ്ന്‍ എന്ന കഥാപാത്രത്തില്‍നിന്നും ശ്രദ്ധ തിരിക്കുമോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Comments

comments

Categories: Movies
Tags: Lal Capthan