മുന്നിലെത്തി കേരളവും കര്‍ണാടകവും

മുന്നിലെത്തി കേരളവും കര്‍ണാടകവും

മൂന്നാം സ്ഥാനത്ത് ഗുജറാത്ത്; പശ്ചിമബംഗാളും മധ്യപ്രദേശും ബിഹാറും പിന്നില്‍

ന്യൂഡെല്‍ഹി: വ്യവസായങ്ങളും സര്‍വകലാശാലകളും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപടിയില്‍ രാജ്യത്ത് രണ്ടാം സ്ഥാനം നേടി കേരളം. പത്ത് മാനദണ്ഡങ്ങള്‍ പരിശോധിച്ചുള്ള റാങ്കിംഗില്‍ 7.3 പോയന്റ് നേടിയാണ് കേരളം നേട്ടമുണ്ടാക്കിയത്. 7.8 പോയന്റുമായി കര്‍ണാടകയാണ് ഒന്നാമതെത്തിയത്. മികച്ച വ്യാവസായിക സംസ്ഥാനമെന്ന പേരുകേട്ട ഗുജറാത്ത് 6.7 പോയന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്നിലാണ് ഈ സംസ്ഥാനങ്ങള്‍. സംയുക്ത പാറ്റന്റ്, വ്യാവസായിക ഉപദേശം, പ്ലേസ്‌മെന്റ്, കരിക്കുലത്തിന്റെയും അധ്യാപനരീതിയുടെയും രൂപീകരണത്തില്‍ വ്യവസായ മേഖലയുടെ പങ്ക് തുടങ്ങി പത്ത് അളവുകോലുകളുപയോഗിച്ചാണ് സര്‍വേ നടത്തിയത്. പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ശാസ്ത്ര സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച സര്‍വേയാണിത്.

വ്യവസായരംഗവുമായുള്ള സഹകരണത്തിന്റെ കാര്യത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖല പൊതുവെ പിന്നോട്ടാണെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ പത്തില്‍ 4.7 മാര്‍ക്കാണ് മൊത്തത്തില്‍ രാജ്യത്തിന് സര്‍വേ നല്‍കിയിരിക്കുന്നത്. നൈപുണ്യ വികസനം, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണം, ടെക്‌സ്റ്റെല്‍സ്, ഐടി, ഐടി അനുബന്ധ സേവനം, ഊര്‍ജം, സിമന്റ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബീല്‍ എന്നിങ്ങനെ ഇന്‍ഡസ്ട്രിയുമായുള്ള ബന്ധം ശക്തമാക്കേണ്ട പത്ത് മേഖലകളും സര്‍വേ നിര്‍ദേശിക്കുന്നുണ്ട്. വ്യവസായ-സര്‍വകലാശാല ബന്ധം ശക്തമാക്കുന്നതിന് സഹായിക്കുന്ന വ്യക്തമായ നയങ്ങളുടെ അപര്യാപ്തതയാണ് ഈ വിഷയത്തില്‍ പുരോഗതി നേടുന്നതില്‍ നിന്ന് ഇന്ത്യയെ പിന്നോട്ടടിപ്പിക്കുന്നതെന്ന് വിലയിരുത്തുന്ന സര്‍വേ 2008 ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത പ്രൊഡക്ഷന്‍ ആന്‍ഡ് യൂട്ടിലൈസേഷന്‍ ഓഫ് പബ്ലിക് ഫണ്ടണ്ട് ഇന്റെലെക്ച്വല്‍ പ്രോപ്പര്‍ട്ടി ബില്‍ പുനരവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തു പറയുന്നുണ്ട്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡെല്‍ഹി, ഒഡീഷ, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് വ്യവസായ-വിദ്യാഭ്യാസ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ മികവ് പുലര്‍ത്തുന്ന മറ്റ് സംസ്ഥാനങ്ങള്‍. അതേസമയം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ബിഹാര്‍ എന്നീ വലിയ സംസ്ഥാനങ്ങളും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. വ്യവസായങ്ങളും സര്‍വകലാശാലകളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നത് കാംപസ് നിയമനങ്ങളും തൊഴില്‍ സൃഷ്ടിയും വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് സര്‍വേ നിരീക്ഷിക്കുന്നത്. അധ്യാപന രീതികളില്‍ വ്യവസായമേഖലയുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതും സംയുക്തമായ പാറ്റന്റ് പദ്ധതിയും ഇരു മേഖലകളും തമ്മിലുള്ള ക്രമമായ ആശയവിനിമയവുമെല്ലാം ഇക്കാര്യത്തില്‍ സഹായിക്കും. അതിനാല്‍ വ്യവസായങ്ങളും അക്കാഡമിക് മേഖലയും തമ്മിലുള്ള ശക്തമായ ബന്ധം പ്രോല്‍സാഹിപ്പിക്കണമെന്നും സര്‍വേ ആവശ്യപ്പെടുന്നു.

വ്യവസായ-സര്‍വകലാശാലാ ലിങ്കിംഗ്

റാങ്ക് സംസ്ഥാനം

1 കര്‍ണാടക

2 കേരളം

3 ഗുജറാത്ത്

4 മഹാരാഷ്ട്ര

5 തമിഴ്‌നാട്

6 ഡെല്‍ഹി

7 ഒഡീഷ

8 ഉത്തര്‍പ്രദേശ്

9 തെലങ്കാന

Categories: FK News, Slider