ഇന്ത്യയിലെ യുവാക്കള്‍ കാര്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നതായി സര്‍വേ

ഇന്ത്യയിലെ യുവാക്കള്‍ കാര്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നതായി സര്‍വേ

ഇന്ത്യയില്‍ നഗരങ്ങളില്‍ താമസിക്കുന്ന നൂറ് ശതമാനം മില്ലേനിയലുകളും അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍

ന്യൂഡെല്‍ഹി: സ്വന്തമായി കാര്‍ വാങ്ങുന്നതിനേക്കാള്‍ റൈഡ് ഷെയറിംഗ് ഇഷ്ടപ്പെടുന്നവരാണ് ഇപ്പോഴത്തെ യുവത്വം എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇന്ത്യന്‍ യുവജനങ്ങള്‍ക്കിടയില്‍ ഡഫ് & ഫെല്‍പ്‌സ് നടത്തിയ സര്‍വേ ഈ ധാരണ പൊളിച്ചെഴുതുന്നതാണ്. ഇന്ത്യയില്‍ നഗരങ്ങളില്‍ താമസിക്കുന്നവരും നിലവില്‍ കാര്‍ ഇല്ലാത്തവരും വാടകയ്ക്ക് (ലീസ്) എടുക്കാത്തവരുമായ നൂറ് ശതമാനം മില്ലേനിയലുകളും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരെണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഒല, യൂബര്‍ സര്‍വീസുകളേക്കാള്‍ ഇവര്‍ ഇഷ്ടപ്പെടുന്നത് ഒരു കാര്‍ സ്വന്തമാക്കാനാണ്.

ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും നടത്തിയ സര്‍വേ സമാനമായ കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളേക്കാള്‍ ഇന്ത്യയിലെ മില്ലേനിയലുകള്‍ കാര്‍ സ്വന്തമാക്കുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ കൂടുതലായി ആഗ്രഹിക്കുന്നു എന്ന് സര്‍വേ വ്യക്തമാക്കുന്നു. 1980 കളുടെ തുടക്കത്തിലും 1990 കളുടെ മധ്യത്തിലും ഇടയില്‍ ജനിച്ചവരെയാണ് മില്ലേനിയല്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം പേരും പെട്രോള്‍, ഡീസല്‍ കാര്‍ സ്വന്തമാക്കാനാണ് ഇഷ്ടപ്പെടുന്നത്. 33 ശതമാനം പേര്‍ ഹൈബ്രിഡ് വാഹനങ്ങളില്‍ താല്‍പ്പര്യം കാണിച്ചു.

ലോകമെമ്പാടുമുള്ള 85 ശതമാനം മില്ലേനിയലുകളും ഒരു കാര്‍ സ്വന്തമാക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നു. സ്വന്തം കാറാണെങ്കില്‍ കൂടുതല്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ അഭിപ്രായം. സര്‍വേ അനുസരിച്ച്, ആഗോളതലത്തില്‍ നഗരങ്ങളില്‍ താമസിക്കുന്നവരും നിലവില്‍ കാര്‍ ഉള്ളവരുമായ 88 ശതമാനം യുവജനങ്ങളും അഞ്ച് വര്‍ഷത്തിനുള്ളില്‍ മറ്റൊരു കാര്‍ കൂടി വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുമെന്ന് വ്യക്തമാക്കുന്നു.

Comments

comments

Categories: Auto
Tags: Car