പ്രതിരോധ കയറ്റുമതി 35,000 കോടി രൂപയിലേക്ക് ഉയരും

പ്രതിരോധ കയറ്റുമതി 35,000 കോടി രൂപയിലേക്ക് ഉയരും

ആള്‍ബലം, യുദ്ധ പരിചയം, പ്രൊഫഷണലിസം, അരാഷ്ട്രീയ സ്വഭാവം എന്നിവയാല്‍ ലോകത്തെ ഏറ്റവും മികച്ച സൈന്യമാണ് ഇന്ത്യയുടേതെന്ന് കരസേനാ മേധാവി

സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ ലക്ഷ്യം നിറവേറ്റാന്‍ സായുധ സേന പ്രാപ്തമായിരിക്കണം. അതിനായി മികച്ച രീതിയില്‍ ശാക്തീകരിക്കപ്പെട്ട പട്ടാളക്കാര്‍, നാവികര്‍, വ്യോമസൈനികര്‍ എന്നിവരെയാണ് ആവശ്യം. മികച്ച പരിശീലനവും നിലവാരമുള്ള ആയുധങ്ങളും ഉപകരണങ്ങളും നല്‍കുന്നതാണ് സൈനികരുടെ ശാക്തീകരണമെന്ന് ഞാന്‍ കരുതുന്നു

-ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 35,000 കോടി രൂപയായി ഉയരുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പ്രതിരോധ സേനയെ സായുധമാക്കാന്‍ മാത്രമല്ല രാജ്യം ഇപ്പോള്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിര്‍മ്മിക്കുന്നതെന്നും കയറ്റുമതി അധിഷ്ഠിത പ്രതിരോധ വ്യവസായമായി നാം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 11,000 കോടി രൂപയുടേതാണ് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി. ഇത് 2024 ആകുമ്പോഴേക്കും 35,000 കോടി രൂപയുടേതാകുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയ പ്രതിരോധ ഉപകരണ കയറ്റുമതി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കരസേനാ മേധാവി. ഫെബ്രുവരി രണ്ടാം വാരം ലക്‌നൗവില്‍ വെച്ച് സംഘടിപ്പിക്കുന്ന പ്രതിരോധ മേളയില്‍ ഏറ്റവും നൂതനമായ ആയുധങ്ങളും സാങ്കേതിക വിദ്യകളും പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആള്‍ബലത്തിനൊപ്പം യുദ്ധ പരിചയം, പ്രൊഫഷണലിസം, അരാഷ്ട്രീയ സ്വഭാവം എന്നിവകൊണ്ടും ലോകത്തെ തന്നെ ഏറ്റവും മികച്ച സൈന്യമാണ് ഇന്ത്യയുടേതെന്ന് റാവത്ത് ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യയിലെ പ്രതിരോധ മേഖലയെ ഊര്‍ജസ്വലമാക്കുന്നതിനായി സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തദ്ദേശവല്‍ക്കരണത്തോട് ആഴത്തിലുള്ള പ്രതിജ്ഞാബന്ധത ഞങ്ങള്‍ക്കുണ്ട്. സുതാര്യതയ്ക്ക് വലിയ പ്രാധാന്യമാണ് ഞങ്ങള്‍ നല്‍കുന്നത്,’ അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ വ്യവസായത്തിന് വ്യക്തമായ ദിശാബോധം നല്‍കുന്നതിനായി സൈന്യത്തിന്റെ പ്രശ്‌നങ്ങളും മറ്റും സംബന്ധിച്ച് വര്‍ഷം തോറും പ്രസ്താവകള്‍ പുറത്തിറക്കുന്നുണ്ടെന്നും മേഖല ഇതിനോട് അനുകൂലമായാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Categories: FK News, Slider