അപായ സൂചന തിരിച്ചറിയണം

അപായ സൂചന തിരിച്ചറിയണം

അതിവേഗം വിറ്റുപോകുന്ന ഉല്‍പ്പന്നവിഭാഗം ഗ്രാമീണ മേഖലയിലും സമ്മര്‍ദമനുഭവിക്കുന്നു. ലിപ്സ്റ്റിക്ക് പ്രഭാവവും ദൃശ്യമായിത്തുടങ്ങി. ഇത് തിരിച്ചറിഞ്ഞ് വേണം നടപടികള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃഉല്‍പ്പന്ന കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. അവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിങ്ങനെ, മൊത്തവില വ്യാപാരികളും ചെറുകിട വ്യാപാരികളും പണലഭ്യതയിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കടുത്ത സമ്മര്‍ദം അനുഭവിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഗ്രാമീണ മേഖലകളിലും അതിവേഗം വിറ്റുപോകുന്ന ഉല്‍പ്പന്ന വിഭാഗം (എഫ്എംസിജി) വളര്‍ച്ചയില്‍ ഇപ്പോള്‍ ഉല്‍സാഹം കാണിക്കാത്തത്. ഗ്രാമീണ മേഖലകളിലെ ആവശ്യകത കുറയുന്നുവെന്നത് എഫ്എംസിജി വ്യവസായത്തിന് കടുത്ത ആഘാതമേല്‍പ്പിക്കുന്ന ഘടകമാണ്.

ഇന്ത്യന്‍ ബാങ്കുകളുടെ വായ്പാ വളര്‍ച്ച രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ട്. ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍, രാജ്യത്തെ ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള വാണിജ്യ വായ്പകളില്‍ ഇടിവുണ്ടായതായി ട്രാന്‍സ് യൂണിയന്‍ സിബില്‍-സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എല്ലാ പാദങ്ങളിലും തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഈ ഇടിവെന്നത് സാഹചര്യത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തെ അപേക്ഷിച്ച് ഇത്തവണ 10.4 ശതമാനം വളര്‍ച്ച കൈവരിക്കാനായി എങ്കിലും ഈ വര്‍ഷം തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് 2.6 ശതമാനം ഇടിവാണ് വായ്പയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. 2019 മാര്‍ച്ചിലെ 65.5 ലക്ഷം കോടി രൂപയില്‍ നിന്ന് 2019 ജൂണില്‍ 63.8 ലക്ഷം കോടി രൂപയിലേക്കാണ് ഇന്ത്യയിലെ വാണിജ്യ വായ്പകള്‍ കുറഞ്ഞിട്ടുള്ളത്. ചെറുകിട ഉല്‍പ്പാദകര്‍ക്ക് വിതരണത്തിലും വില്‍പ്പനയിലും വലിയ ഇടിവാണുണ്ടായിരിക്കുന്നതെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബാങ്ക് വായ്പാ വിതരണത്തില്‍ വലിയ ഇടിവുണ്ടായതായി ആര്‍ബിഐ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. വായ്പ വിതരണം ഇടിഞ്ഞ് രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതായി കേന്ദ്ര ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ അവസാനത്തോടെ ബാങ്ക് വായ്പാ വിതരണം പകുതിയായി കുറഞ്ഞ് 8.8 ശതമാനത്തിലെത്തിയെന്നാണ് കണക്കുകള്‍.

ഇത്തരമൊരു സാഹചര്യത്തില്‍ ചെളിവാരിയെറിയലുകള്‍ അവസാനിപ്പിക്കുകയെന്നതാണ് നേതാക്കള്‍ ചെയ്യേണ്ടത്. എവിടെ മാന്ദ്യമെന്ന ചോദ്യങ്ങളും അപ്രസക്തമാണ്. അടുത്തിടെ, ബോളിവുഡ് സിനിമകളുടെ കളക്ഷന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടി എവിടെ മാന്ദ്യമെന്ന് ഒരു മന്ത്രി ട്വീറ്റ് ചെയ്ത് ഒടുവില്‍ അത് പിന്‍വലിക്കേണ്ടി വന്നു. സാമ്പത്തിക പ്രതിസന്ധിയെ സിനിമാ വ്യവസായം അതിജീവിക്കുന്നുവെന്നല്ല കളക്ഷന്‍ കണക്കുകള്‍ അതര്‍ത്ഥമാക്കുന്നത്. മാന്ദ്യമില്ലെന്നുമല്ല. മറിച്ച്, ലിപ്സ്റ്റിക് പ്രഭാവമാണ് കാരണം. മാന്ദ്യകാലത്തും സാമ്പത്തിക തിരിച്ചടികളുടെ സമയത്തും ചെറിയ വിനോദങ്ങള്‍ക്ക് മാത്രം ഉപഭോക്താക്കള്‍ പണം ചെലവിടുന്നതിനെയാണ് ലിപ്സ്റ്റിക് പ്രഭാവമെന്ന് സാമ്പത്തികഭാഷയില്‍ പറയുന്നത്. ഒരാളുടെ കൈയില്‍ കാശ് കുറവുള്ള സാഹചര്യങ്ങളില്‍ വലിയ ആഡംബരങ്ങള്‍ക്ക് പകരം സിനിമ പോലുള്ള വിനോദത്തില്‍ മുഴുകനായാരിക്കും ശ്രമിക്കുകയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ സാമ്പത്തിക തളര്‍ച്ചയുടെ ദു:ഖം മറക്കുന്നത് സിനിമ കണ്ടാണെന്നുള്ള പ്രമുഖ ബിസിനസുകാരന്റെ പ്രസ്താവനയും ചേര്‍ത്തുവായിക്കുക.

എന്തായാലും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് വാസ്തവമാണ്. അതിനെ അംഗീകരിച്ച്, യുക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് ഊന്നല്‍ നല്‍കുന്ന സമീപനമാണ് ഉചിതം. കുറ്റപ്പെടുത്തലുകളും ഒരു ഗുണവുമില്ലാത്ത ആരോപണ, പ്രത്യാരോപണങ്ങളും ഒന്നിനും പരിഹാരമല്ലെന്നത് തിരിച്ചറിയണം. സാമ്പത്തിക മാന്ദ്യമില്ലെന്ന് കാണിക്കാന്‍ ഉപരിപ്ലവമായ കണക്കുകള്‍ എടുത്തുകാണിക്കുന്ന പ്രവണതയും നല്ലതല്ല.

Categories: Editorial, Slider
Tags: FMCG