ദുരന്തങ്ങളെ പ്രതിരോധിക്കുന്ന ഭവനനിര്‍മാണ നയം

ദുരന്തങ്ങളെ പ്രതിരോധിക്കുന്ന ഭവനനിര്‍മാണ നയം

കഴിഞ്ഞ വര്‍ഷം കേരളത്തെയാകെ താറുമാറാക്കിയ പ്രളയവും ഈ വര്‍ഷം ദുരിതം വിതച്ച മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമെല്ലാം പതിനായിരങ്ങളെയാണ് തെരുവിലാക്കിയത്. മഹാരാഷ്ട്രയടക്കം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഇത്തവണ സ്ഥിതി വ്യത്യസ്തമല്ല. വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ട ജനസമൂഹങ്ങളെ, അവരുടെ ജീവിതം തിരികെ പിടിക്കാനുതകുന്ന വിധം പുനരധിവസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. ഭാവി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന രീതിയിലുള്ള നൂതന ഭവന നിര്‍മാണ സാങ്കേതിക വിദ്യകളിലേക്ക് നീങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

രാജന്‍ സാമുവല്‍

കാലാവസ്ഥാ ചക്രങ്ങള്‍ പ്രവചനാതീതവും കാലാവസ്ഥ അസ്ഥിരവുമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യന്‍ ജനസംഖ്യയുടെ വലിയ ഒരു ഭാഗം പൊടുന്നനെയുള്ള വെള്ളപ്പൊക്കം, ഭൂകമ്പം മുതലായ പ്രകൃതി ദുരന്ത ഭീഷണികള്‍ നേരിടുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടാകുന്ന വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ രാജ്യമെമ്പാടുമുള്ള പരിസ്ഥിതി ലോല മേഖലകളില്‍ വിനാശകരമായ അനുപാതത്തിലെത്തിയതോടെ ജനസമൂഹങ്ങള്‍ അധിവാസമേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകുന്നത് പതിവായിരിക്കുന്നു. ഒരു പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് സ്വന്തം വാസസ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകേണ്ടിവരുന്ന സമൂഹങ്ങളെ പുനരധിവസിപ്പിക്കുന്നതും അവരുടെ ജീവിതം സാധാരണ നിലയിലാക്കുന്നതും പരമപ്രധാനമായ കാര്യമാണ്. സുരക്ഷിതവും മാന്യവുമായ അഭയസങ്കേതം ലഭ്യമാക്കുന്നത് ആരോഗ്യം, കുടിവെള്ളം, ശുചിയായ ശൗചാലയങ്ങള്‍, സുരക്ഷ, വിദ്യാഭ്യാസം, ഉപജീവനം തുടങ്ങിയ അടിസ്ഥാന സഹായങ്ങള്‍ നല്‍കുന്നതിന് വേദിയൊരുക്കും. ദുരന്തബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ശാശ്വതമായ മാര്‍ഗങ്ങള്‍ ദേശ വ്യാപകമായി വികസിപ്പിക്കുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ദുരന്ത ബാധിതര്‍ക്ക് ശാശ്വതവും സുസ്ഥിരവും ദുരന്തത്തെ പ്രതിരോധിക്കുന്നതുമായ താമസസൗകര്യങ്ങള്‍ നല്‍കുന്നതിലാകണം ശ്രദ്ധ ചെലുത്തേണ്ടത്.

പ്രകൃതി ദുരന്തങ്ങളെ നേരിടുമ്പോള്‍ ഘട്ടം ഘട്ടമായുള്ള ദുരന്ത നിവാരണ സമീപനമാണ് ആവശ്യം. അതുപോലെ ശാശ്വതമായ, ദീര്‍ഘകാലത്തേക്കുള്ള താമസസൗകര്യങ്ങളൊരുക്കുന്നതിനും ഒന്നിലധികം വഴികളുണ്ട്. ആദ്യഘട്ടത്തില്‍ അടിയന്തര സഹായം ഉറപ്പാക്കിക്കൊണ്ട് ദേശീയ ദുരന്ത നിവാരണ ഏജന്‍സി (എന്‍ഡിഎംഎ) പോലെയുള്ള ദേശീയ സംവിധാനങ്ങള്‍ ദുരന്ത മുഖത്ത് പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങളിലും ആശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. രാജ്യത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഏജന്‍സിയായ എന്‍ഡിഎംഎ, അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, കുടിവെള്ളം, മരുന്ന്, തുണിത്തരങ്ങള്‍ എന്നിവയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിതരണത്തിലും സഹായം നല്‍കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും കുടുംബങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അടിയന്തര താമസ സൗകര്യമൊരുക്കുന്നതിനും പകര്‍ച്ച വ്യാധികള്‍ തടയുന്നതിലും എന്‍ഡിഎംഎ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. അടിസ്ഥാന സഹായ കിറ്റുകള്‍, വസ്ത്രങ്ങള്‍, ശുദ്ധ ജലം, ശുചീകരണ സാമഗ്രികള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ നല്‍കിക്കൊണ്ട് സന്നദ്ധ സംഘടനകളും രക്ഷാപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തില്‍ എന്‍ജിഒകള്‍ പോലെയുള്ള ഏജന്‍സികളും ഗ്രാമപഞ്ചായത്ത് പോലുള്ള അടിസ്ഥാന തലത്തിലെ പ്രാദേശിക ഭരണകൂടങ്ങളും ദുരിതബാധിത കുടുംബങ്ങള്‍ക്ക് താല്‍കാലിക താമസസൗകര്യങ്ങളൊരുക്കുന്ന പരിശ്രമങ്ങളില്‍ പങ്കാളികളാകുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ അന്തിമ ഘട്ടത്തില്‍ കുടുംബങ്ങളെ അവരുടെ ജീവിതം തിരിച്ചുപിടിക്കുന്നതിന് സഹായിക്കുന്ന വിധത്തില്‍ ദുരന്ത നിവാരണ സംഘടനകളുടെ നേതൃത്വത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ അറ്റകുറ്റപണികള്‍ നടത്തി വാസയോഗ്യമാക്കുകയും പുതിയ ഭവനങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. കുടുംബങ്ങള്‍ക്ക് അവരുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ സഹായിക്കുന്നവിധം സാമൂഹ്യ തലത്തില്‍ ദുരന്ത ലഘൂകരണ പരിശീലനം നല്‍കുകയും ചെയ്യും.

ദുരന്ത നിവാരണ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി റാപിഡ് റെസ്‌പോണ്‍സ് ഡിസാസ്റ്റര്‍ ഫിനാന്‍ഷ്യല്‍ പ്ലെഡ്ജ് (ദ്രുത പ്രതികരണ ദുരന്ത സാമ്പത്തിക പ്രതിജ്ഞ) എന്ന ഒരു സാമ്പത്തിക ഉത്തരവാദിത്ത സംവിധാനം രൂപീകരിക്കേണ്ട ആവശ്യമുണ്ട്. ഫണ്ടിന് ആവശ്യമായ പ്രാരംഭ മൂലധനം സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള കോര്‍പ്പറേറ്റുകള്‍ മുന്നോട്ട് വരികയും തങ്ങളുടെ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുകയും വേണം.

ഭവനരഹിതരായ സമൂഹങ്ങളെ സഹായിക്കുന്നതിനായി സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സമൂഹവും കൂടുതല്‍ ഇടപെടേണ്ടതുണ്ട്. തല്‍സമയ വിവര ശേഖരണം, സുസ്ഥിരവും ചെലവു കുറഞ്ഞതും പ്രീഫാബ്രിക്കേറ്റ് ചെയ്തതുമായ (മുന്‍കൂട്ടി തയാറാക്കിയ ഘടകങ്ങള്‍ സംയോജിപ്പിച്ചുള്ള നിര്‍മാണം) ഭവന നിര്‍മാണ പദ്ധതികള്‍ വികസിപ്പിക്കുക എന്നീ വിഷയങ്ങളിലാകണം ശ്രദ്ധ നല്‍കേണ്ടത്. ദുരന്ത ബാധിതര്‍ക്കായി ഇന്നൊവേറ്റീവ് ഭവന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആനുകൂല്യം നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാരും മുന്നോട്ടു വരേണ്ടതാണ്.

ഏത് ദുരന്ത സാഹചര്യത്തിലും കുടുംബങ്ങളെയും സമൂഹങ്ങളെയും ദുരന്ത ബാധിതരായി കാണുന്നതിന് പകരം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പങ്കാളികളായി വേണം പരിഗണിക്കാന്‍. ദുരന്ത നിവാരണമോ വികസന പ്രവര്‍ത്തനങ്ങളോ സംബന്ധിച്ച ഇടപെടലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ അവ ബാധിക്കുന്ന ജനങ്ങളുടെ പങ്കാളിത്തം കൂടി ഉണ്ടാകുകയാണെങ്കില്‍ അത് കൂടുതല്‍ വിജയകരമായിത്തീരും. 2018 ല്‍ ഉണ്ടായ വെള്ളപ്പൊക്കം കേരളത്തിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിച്ചിരുന്നു. സര്‍ക്കാര്‍, പ്രാദേശിക ഭരണസ്ഥാപനങ്ങള്‍, പൊതു സമൂഹം എന്നിവ ദുരന്ത ബാധിതരുടെ ജീവിതം പഴയരീതിയിലാക്കുന്നതിന് പ്രധാന പങ്ക് വഹിച്ചു. നഗര ഭരണകൂടങ്ങള്‍, കോര്‍പ്പറേറ്റുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിന് പിന്തുണയേകി.

അപകടസാധ്യത കുറയ്ക്കുന്ന നടപടികള്‍, ദുരന്തബാധിത കുടുംബങ്ങള്‍ക്കുള്ള പിന്തുണ, ശ്വാശ്വതമായ ദീര്‍ഘകാലത്തേക്ക് ഉതകുന്ന താമസസൗകര്യങ്ങള്‍ ഒരുക്കാനുള്ള സമഗ്രമായ ഇടപെടലുകള്‍ എന്നിവയാണ് സ്ഥിര പരിഹാരത്തിലേക്കുള്ള വഴികള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, കോര്‍പ്പറേറ്റ് മേഖല, പൊതുസമൂഹം എന്നിവയ്ക്ക് ദുരന്ത നിവാരണത്തില്‍ ഇപ്രകാരം നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും.

(ഹാബിറ്റാറ്റ് ഓഫ് ഹ്യുമാനിറ്റി ഇന്ത്യ എംഡിയാണ് ലേഖകന്‍)

കടപ്പാട് ഐഎഎന്‍എസ്

Categories: FK Special, Slider