പന്നിപ്പനി ചൈനയുടെ ഭക്ഷണ രീതിയെ ബാധിച്ചപ്പോള്‍

പന്നിപ്പനി ചൈനയുടെ ഭക്ഷണ രീതിയെ ബാധിച്ചപ്പോള്‍

ചൈനയെ ഇപ്പോള്‍ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നത് ഹോങ്കോങ് പ്രക്ഷോഭമോ യുഎസ്സുമായുള്ള വ്യാപാര യുദ്ധമോ അല്ല. പകരം പന്നിയിറച്ചി വിതരണത്തിലുള്ള പ്രതിസന്ധിയാണ്. ഏകദേശം ഒരു വര്‍ഷം മുമ്പാണ് ചൈനയില്‍ പന്നിപ്പനി ബാധയുണ്ടായത്. ഇതേ തുടര്‍ന്ന് ചൈനയിലെ പന്നി വളര്‍ത്തു കേന്ദ്രങ്ങളില്‍ നിരവധി പന്നികളെ കൊന്നൊടുക്കേണ്ടി വന്നു. തല്‍ഫലമായി പന്നി മാംസത്തിനു ക്ഷാമം വന്നു. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ 70-ാം വാര്‍ഷികത്തിന് ആഴ്ചകള്‍ക്കു മുമ്പ്, അതായത് സെപ്റ്റംബറില്‍, ആഭ്യന്തര വിപണിയില്‍ പന്നിയിറച്ചി ആവശ്യകത നിറവേറ്റുന്നതിനായി ചൈനീസ് സര്‍ക്കാര്‍ 30,000 മെട്രിക് ടണ്‍ വരുന്ന ശീതീകരിച്ച പന്നി മാംസത്തിന്റെ കരുതല്‍ ശേഖരം പുറത്തിറക്കുകയുണ്ടായി. ഇതിനു പുറമേ യുഎസില്‍നിന്നും പന്നി മാംസം ഇറക്കുമതിയും ചെയ്തു. എന്നിട്ടും പന്നി മാംസത്തിനുള്ള ആവശ്യകത നിറവേറ്റാനായില്ല. ഇതേ തുടര്‍ന്നു പന്നി മാംസത്തിന് വില വര്‍ധിച്ചു. വിലയിലുണ്ടായ ഈ കുതിച്ചുചാട്ടം ചൈനയില്‍ പണപ്പെരുപ്പത്തിനും കാരണമായി.

ആഫ്രിക്കന്‍ പന്നിപ്പനി (African swine) ചൈനയിലെ പന്നികളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ ദോഷം ഏറ്റവുമധികം അനുഭവിക്കുന്നതാകട്ടെ ചൈനയിലെ മാംസാഹാരം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളാണ്. പന്നി മാംസത്തിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണു ചൈന. എന്നാല്‍ പന്നിപ്പനി പിടിപ്പെട്ടതോടെ പന്നി മാംസത്തിന് ക്ഷാമം നേരിടുകയാണ്. ഇനി ലഭിക്കുന്ന പന്നി മാംസത്തിനാകട്ടെ, വന്‍ വില വര്‍ധനയുണ്ടായിരിക്കുകയും ചെയ്തിരിക്കുകയാണ്. പലര്‍ക്കും ഇതേ തുടര്‍ന്നു മറ്റ് മാംസങ്ങളിലേക്കു മാറേണ്ടിയും വന്നിരിക്കുകയാണ്. ഇപ്പോള്‍ ചൈനയിലെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചൈനയിലെ പന്നിയിറച്ചിക്ക് വില ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 70 ശതമാനം കൂടുതലാണെന്നാണ്. വിലയിലുണ്ടായ ഈ കുതിച്ചുചാട്ടം ചൈനയുടെ പണപ്പെരുപ്പം 2.8-ല്‍നിന്നും മൂന്ന് ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ആഫ്രിക്കന്‍ പന്നിപ്പനി ചൈനയിലെ പന്നികളുടെ എണ്ണത്തില്‍ ഉണ്ടാക്കിയ നാശനഷ്ടം വളരെ വലുതാണ്. ലോകത്തുള്ള പന്നികളില്‍ പകുതിയും ഉള്‍ക്കൊള്ളുന്നത് ചൈനയിലാണ്. ഏകദേശം 13 മാസം മുന്‍പു ആഫ്രിക്കന്‍ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അതിന്റെ എണ്ണം 130 ദശലക്ഷമായി കുറഞ്ഞതായിട്ടാണു ചൈനയുടെ കാര്‍ഷികമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പന്നിപ്പനി പിടിപെട്ടാലോ എന്ന ഭയം കാരണം ഭൂരിഭാഗം പന്നി കര്‍ഷകരും അറവിനു ശേഷം അവയെ റീ സ്റ്റോക്ക് ചെയ്യാന്‍ മടിക്കുകയാണ്. പന്നിയിറച്ചി പ്രധാന ഭക്ഷണമായ ഒരു രാജ്യമാണു ചൈന. അവിടെ പന്നിപ്പനി പിടിപെട്ടത് അക്ഷരാര്‍ഥത്തില്‍ വലിയ തലവേദന തന്നെയാണു സൃഷ്ടിച്ചിരിക്കുന്നത്. ചൈനയില്‍ മൊത്തം ഉപഭോഗം ചെയ്യുന്ന ഇറച്ചിയുടെ 70 ശതമാനം വരും പന്നിയിറച്ചി. ചൈനയില്‍ പ്രതിവര്‍ഷം ഒരാള്‍ ശരാശരി 20 കിലോഗ്രാം പന്നിയിറച്ചി കഴിക്കുന്നതായും കണക്കുകള്‍ പറയുന്നു. നൂറുകണക്കിനു വര്‍ഷങ്ങളായി ചൈനീസ് ഭക്ഷണവിഭവങ്ങള്‍ക്കു പന്നിയിറച്ചി പ്രധാനമാണ്.

ചട്ടിയിലിട്ടു വരട്ടി എടുക്കുന്ന ഡോങ്‌പോ പന്നിയിറച്ചി, രണ്ടുതവണ വേവിച്ച പന്നിയിറച്ചി എന്നിവ ഉള്‍പ്പെടെ നിരവധി പ്രശസ്ത വിഭവങ്ങളില്‍ ഇതു വ്യാപകമായി ഉപയോഗിക്കുന്നു. പന്നിയിറച്ചിയിലുണ്ടായ വില വര്‍ധന പലപ്പോഴും ചൈനയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. ചിലര്‍ പറയുന്നത്, വില വര്‍ധന കാരണം അവര്‍ക്കു സസ്യഭുക്ക് ആകേണ്ടി വന്നിരിക്കുന്നെന്നാണ്. ഒരു സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ വിലയാണ് പന്നിയിറച്ചിക്കെന്നാണ് ഒരു വെയ്‌ബോ യൂസര്‍ കുറിച്ചത്. 2017ല്‍ ഒരു കിലോ പന്നിയിറച്ചിക്ക് വില 32 യുവാനായിരുന്നു. ഇത് 4.5 ഡോളറിനു തുല്യമാണ്. എന്നാലിപ്പോള്‍ ഒരു കിലോ പന്നിയിറച്ചി വില്‍ക്കുന്നത് 60 യുവാനാണ്. അതായത്, 8.45 ഡോളര്‍. ഇത് ഏകദേശം 601 രൂപ വരും. വില വര്‍ധനയില്‍ നട്ടം തിരിയുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരാനായി ചൈനയില്‍ പന്നിയിറച്ചിക്ക് സബ്‌സിഡി നല്‍കുന്നുണ്ട്. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കാണു സബ്‌സിഡി നല്‍കിയത്. സബ്‌സിഡിക്കായി സര്‍ക്കാര്‍ 3.2 ബില്യന്‍ യുവാനാണ് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നീക്കിവച്ചത്. പന്നിയിറച്ചി ക്ഷാമത്തെ കുറിച്ച് നേരിട്ടു മനസിലാക്കുവാനും ആളുകളുമായി സംസാരിക്കുവാനും ചൈനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യത്തമൊട്ടാകെ പര്യടനം നടത്തുകയുണ്ടായി. ഇങ്ങനെ സമൂഹത്തിലിറങ്ങി സ്പന്ദനം മനസിലാക്കിയില്ലെങ്കില്‍ അഥവാ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടത്താതെ പോയാല്‍ അത് സാമൂഹിക അസ്ഥിരതയിലേക്കായിരിക്കും നയിക്കുക എന്ന ഉത്തമ ബോധ്യം സര്‍ക്കാരിനുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മറ്റ് നടപടികളും സ്വീകരിക്കുകയുണ്ടായി. കഴിഞ്ഞ മാസം 30,000 മെട്രിക് ടണ്‍ ശീതീകരിച്ച പന്നിയിറച്ച കേന്ദ്ര കരുതല്‍ ശേഖരത്തില്‍നിന്നും ലേലം ചെയ്യുകയുണ്ടായി.
ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാനായി ചൈന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പന്നി മാംസം ഇറക്കുമതി ചെയ്യുന്നുമുണ്ട്. 2019 ന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ രാജ്യം 1.3 ദശലക്ഷം ടണ്ണിലധികം പന്നിയിറച്ചിയാണ് ഇറക്കുമതി ചെയ്തത്. ഒരു വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ 44 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായത്. ബീഫിന്റെ ഇറക്കുമതിയിലാകട്ടെ 50 ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തി. കാരണം ആളുകള്‍ പന്നിയിറച്ചിക്കു പകരമായി കണ്ടെത്തിയത് ബീഫിനെയാണ്. ഇതോടെ ബീഫിനുള്ള ഡിമാന്‍ഡും വര്‍ധിച്ചു. യുഎസുമായുള്ള ചൈനയുടെ വ്യാപാര യുദ്ധവും പന്നിയിറച്ചി ക്ഷാമത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചു. വ്യാപാര യുദ്ധം ആരംഭിക്കുന്നതിനു മുമ്പ്, യുഎസ് കാര്‍ഷിക കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയായിരുന്നു ചൈന. പന്നിയിറച്ചി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ വലിയൊരു ഭാഗവുമായിരുന്നു.

പന്നി മാംസ പ്രിയരായ ചൈനക്കാര്‍

പന്നി മാംസ പ്രിയരാണു ചൈനക്കാര്‍. ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന പന്നിയിറച്ചിയുടെ പകുതിയിലധികം ഉപയോഗിക്കുന്നത് ചൈനയിലാണ്. ചൈനക്കാര്‍ക്ക് പന്നി മാംസം പ്രധാനഭക്ഷണം മാത്രമല്ല, സമൃദ്ധിയുടെ പ്രതീകം കൂടിയാണ്. ഒരു ശരാശരി ചൈനീസ് കുടുംബത്തെ സംബന്ധിച്ചിടത്തോളം അവരുടെ മൊത്തം ഇറച്ചി ഉപഭോഗത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും പന്നിയിറച്ചിയാണ്. പന്നിയിറച്ചി വിതരണത്തിന്റെ കാര്യത്തില്‍ ചൈന ഏതാണ്ട് സ്വയം പര്യാപ്തമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ്, ചൈനയില്‍ ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ സ്ഥിതിഗതികള്‍ ആകെ മാറി. വാണിജ്യാവശ്യങ്ങള്‍ക്കായി ഫാമുകളില്‍ വളര്‍ത്തിയ പന്നികളെ കൊന്നുകളയേണ്ടി വന്നു. ഇത് പന്നിയിറച്ചിക്ക് കടുത്ത ക്ഷാമമുണ്ടാക്കുകയും ചെയ്തു. ആഫ്രിക്കന്‍ പന്നിപ്പനിയുടെ ഉല്‍ഭവം എവിടെനിന്നാണെന്ന് ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് റഷ്യയില്‍നിന്നും ചൈനയിലേക്ക് കടത്തിക്കൊണ്ടു വന്ന (smuggled) പന്നിയിറച്ചിയില്‍നിന്നും പടര്‍ന്നെന്നാണ്. വൈറസ് ബാധയുള്ള പാകം ചെയ്യാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്ന പന്നി തീറ്റയിലൂടെയാണു ചൈനയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പിടിപെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ചെറുകിട ഫാമുകളെയാണ് ആഫ്രിക്കന്‍ പന്നിപ്പനി എളുപ്പം ബാധിക്കുക. കാരണം ചെറുകിട ഫാമുകളില്‍ രോഗപ്രതിരോധ സംവിധാനങ്ങളുണ്ടാകില്ല. ചൈനയില്‍ 90 ശതമാനം പന്നി ഫാമുകളും ചെറുകിട ഫാമുകളാണ്. ചൈനയില്‍ വിതരണം ചെയ്യുന്ന മൂന്നിലൊന്ന് പന്നിയിറച്ചിയും ഉല്‍പ്പാദിപ്പിക്കുന്നത് ചെറുകിട ഫാമുകളിലാണ്. അതേസമയം, ചൈനയില്‍ പന്നിപ്പനി വന്‍കിട പന്നിഫാമുകളെയും ബാധിക്കുകയുണ്ടായി. രോഗബാധയുള്ള പന്നികളെ പൊതുവിപണിയില്‍ വിറ്റഴിച്ചതും, രോഗം ബാധിച്ചു ചത്ത പന്നികളെ ശാസ്ത്രീയമായി മറവ് ചെയ്യാതിരുന്നതുമൊക്കെയാണ് ഇതിനുള്ള കാരണമായി പറയപ്പെടുന്നത്.

ചൈനയില്‍ സ്ട്രാറ്റജിക് പോര്‍ക്ക് റിസര്‍വ് സിസ്റ്റം എന്നൊരു സംവിധാനമുണ്ട്. 1970ലാണ് ഈ സംവിധാനം നടപ്പിലാക്കിയത്. പ്രകൃതിദുരന്തങ്ങള്‍, യുദ്ധങ്ങള്‍ എന്നിവ പോലുള്ള അടിയന്തിര സമയങ്ങളില്‍ ആഭ്യന്തര ഇറച്ചി വില സ്ഥിരപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ സംവിധാനം നടപ്പിലാക്കിയത്. ഈ സംവിധാനം അനുസരിച്ചു ചൈനയില്‍ ഏകദേശം ഒരു ലക്ഷം ടണ്‍ ശീതീകരിച്ച പന്നിയിറച്ചി ശേഖരം ഉണ്ട്. കഴിഞ്ഞ മാസം ഈ ശേഖരത്തില്‍നിന്നും പന്നിയിറച്ചി സര്‍ക്കാര്‍ വിപണിയിലെത്തിക്കുകയുണ്ടായി.

Comments

comments

Categories: Top Stories