കളിയുടെ കാലത്തെ കച്ചവടം

കളിയുടെ കാലത്തെ കച്ചവടം

ക്രിക്കറ്റ് മല്‍സരങ്ങളുടെ ജനപ്രീതിയാണ് ഇന്ത്യയിലെ ബ്രാന്‍ഡിംഗിന്റെയും പരസ്യങ്ങളുടെയും സ്വഭാവത്തെ തന്നെ മാറ്റി മറിച്ചത്. 1983 ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തോടെ രാജ്യത്ത് പടര്‍ന്നു പിടിച്ച ക്രിക്കറ്റ് ജ്വരത്തിന്റെ പശ്ചാത്തലത്തില്‍ ടെലിവിഷന് മുന്നിലേക്ക് പ്രേക്ഷകര്‍ ഒഴുകിയെത്തി. ടൂര്‍ണമെന്റുകളുടെയും ക്രിക്കറ്റ് സംപ്രേഷണത്തിന്റെയും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തും ഇടവേളകളില്‍ പരസ്യങ്ങള്‍ നല്‍കിയും താരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാരായി അവതരിപ്പിച്ചുമാണ് ബ്രാന്‍ഡുകള്‍ ഇതിനോട് പ്രതികരിച്ചത്

കായിക മത്സരങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ഒരിക്കലും കളിക്കളത്തില്‍ ഇറങ്ങാത്തവര്‍ പോലും കായിക മത്സരങ്ങള്‍ ആവേശത്തോടെ കാണാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. അതിനാലാണ് ലോകകപ്പ് മത്സരങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ അത് ഏതു സമയത്താണെങ്കിലും കാണാന്‍ പ്രേക്ഷകരുണ്ടാകുന്നത്. സാധാരണ കായികപ്രേമികള്‍ക്കുവരെ അന്താരാഷ്ട്ര ഫുട്‌ബോള്‍, ക്രിക്കറ്റ് താരങ്ങളെ പരിചയമാകുന്നതും ഈ മത്സരങ്ങള്‍ പതിവായി വീക്ഷിക്കുന്നതിനാലാണ്. അവരുടെ പേരുകളും ശൈലികളും തകര്‍പ്പന്‍ പ്രകടനങ്ങളും കായികപ്രേമികള്‍ ഓര്‍ത്തിരിക്കാറുണ്ട്. കായിക താരങ്ങള്‍ കാഴ്ചക്കാരുടെ ആരാധനാപാത്രങ്ങളായി മാറുന്നുമുണ്ട്. കളികളോടുള്ള ജനങ്ങളുടെ താല്‍പ്പര്യം ബ്രാന്‍ഡിംഗിനും ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള അവസരമായും ബ്രാന്‍ഡുകള്‍ കാണുന്നു. അതിനാലാണ് കായികമത്സരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാനും പ്രക്ഷേപണത്തിനിടെ പരസ്യങ്ങള്‍ അവതരിപ്പിക്കാനും ബ്രാന്‍ഡുകള്‍ തയ്യാറാവുന്നത്.

കായികമത്സരങ്ങള്‍, ബ്രാന്‍ഡുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കാനുള്ള പ്രിയപ്പെട്ട വഴിയായി മാറിയതിനു പിന്നില്‍ 1983 ല്‍ ഇന്ത്യ നേടിയ ലോകകപ്പ് ക്രിക്കറ്റ് വിജയവുമുണ്ട്. അതിനു മുമ്പ് 1982 ല്‍ ഏഷ്യന്‍ ഗെയിംസ് ഡല്‍ഹിയില്‍ നടക്കുമ്പോഴാണ് ഇന്ത്യയില്‍ കളര്‍ ടെലിവിഷന്‍ സംപ്രേഷണം ആരംഭിക്കുന്നത്. ഇത് ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ കായികപ്രേമികള്‍ക്ക് ടെലിവിഷനില്‍ കണ്ട് ആസ്വദിക്കാനും ആവേശം കൊള്ളാനും അവസരമാകുകയായിരുന്നു. കൂട്ടത്തില്‍ പറയട്ടെ, വീട്ടമ്മമാരുള്‍പ്പെടെ ധാരാളം സ്ത്രീകളും കായിക മല്‍സരങ്ങളുടെ പ്രേക്ഷകരമായി മാറിയിരുന്നു. പിന്നീടങ്ങോട്ട് സാറ്റലൈറ്റ് സംപ്രേഷണത്തിന്റെ വളര്‍ച്ചയോടെ കേബിള്‍ ടെലിവിഷന്‍ നാട്ടിന്‍പുറങ്ങളില്‍ എത്തിയതും കായിക മത്സരങ്ങള്‍ കാണാന്‍ ആളുണ്ടാവുമെന്ന് ഉറപ്പാക്കി. അതുകൊണ്ടുതന്നെ വന്‍കിട ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ തുടര്‍ന്നു വന്ന പല ലോകകപ്പ് മത്സരങ്ങളുടെയും സ്‌പോസര്‍മാരായി.

കായികതാരങ്ങളോട് കാണികള്‍ക്ക് ആരാധനയുണ്ടാവുമെന്ന് മനസ്സിലാക്കിയ ബ്രാന്‍ഡുകള്‍ അവരെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കാനും മറന്നില്ല. ഇന്ത്യയില്‍ തന്നെ സച്ചിനും ധോണിയും കൃഷ്ണമാചാരി ശ്രീകാന്തുമടക്കം ക്രിക്കറ്റ് താരങ്ങള്‍ വിവിധ ബ്രാന്‍ഡുകളുടെ അംബാസഡര്‍മാരായി. കപില്‍ദേവും സുനില്‍ ഗാവസ്‌കറും മുമ്പേതന്നെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുെന്നങ്കിലും 1983 ലെ ലോകകപ്പ് വിജയത്തോടെ കൂടുതല്‍ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അവരും എത്തി. കരുത്ത്, ഊര്‍ജം, ശക്തി തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലായിരുന്നു ക്രിക്കറ്റ് താരങ്ങള്‍ കൂടുതലും പ്രത്യക്ഷപ്പെട്ടിരുന്നത്.

ഇതര പരിപാടികള്‍ക്കൊപ്പം പരസ്യം ചെയ്യുന്നതിലുപരി കായിക മത്സരങ്ങളുടെ സംപ്രേഷണം സ്‌പോണ്‍സര്‍ ചെയ്യാനും മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിനിടയില്‍ പരസ്യങ്ങള്‍ നല്‍കാനും ബ്രാന്‍ഡുകള്‍ ഇഷ്ടപ്പെടുന്നു. കായിക പരിപാടികള്‍ക്കിടയില്‍ പരസ്യം ചെയ്യുന്നതിലൂടെ തങ്ങളുടെ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാവുമെന്ന് അവര്‍ കരുതുന്നു. പരമാവധി പ്രചാരണം നേടുക എതാണല്ലോ ബ്രാന്‍ഡിന്റെ ലക്ഷ്യം. കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കാണാന്‍ ടെലിവിഷന്‍ സംപ്രേഷണം സഹായിക്കുമെന്നതിനാല്‍ മത്സരങ്ങള്‍ ജനപ്രിയമാകാനിടയാകുന്നു. ക്രിക്കറ്റിന് ആരാധകരെ സൃഷ്ടിച്ചതില്‍ ടെലിവിഷനും വലിയ പങ്കുണ്ട്. ഇത് പരമാവധിപേരിലേക്കെത്താന്‍ ബ്രാന്‍ഡുകളെ സഹായിക്കുകയും ചെയ്യുന്നു.

Categories: FK Special, Slider
Tags: branding