വോള്‍വോ എക്‌സ്‌സി40 റീച്ചാര്‍ജ് അനാവരണം ചെയ്തു

വോള്‍വോ എക്‌സ്‌സി40 റീച്ചാര്‍ജ് അനാവരണം ചെയ്തു

വോള്‍വോ കാറുകളുടെ ‘റീച്ചാര്‍ജ്’ എന്ന ശ്രേണിക്കും ഇതോടെ തുടക്കമായി

ഗോഥെന്‍ബര്‍ഗ്: വോള്‍വോയുടെ ആദ്യ പൂര്‍ണ വൈദ്യുത (ഓള്‍-ഇലക്ട്രിക്) വാഹനമായ ‘എക്‌സ്‌സി40 റീച്ചാര്‍ജ്’ അനാവരണം ചെയ്തു. വോള്‍വോ കാറുകളുടെ പുതിയ ‘റീച്ചാര്‍ജ്’ എന്ന ശ്രേണിക്കും ഇതോടെ തുടക്കമായി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും ഒരു പുതിയ പൂര്‍ണ വൈദ്യുത വാഹനം വിപണിയിലെത്തിക്കുകയാണ് വോള്‍വോയുടെ ലക്ഷ്യം. 2025 ഓടെ ആഗോള വില്‍പ്പനയുടെ പകുതിയോളം ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കണമെന്നാണ് വോള്‍വോയുടെ പദ്ധതി. ഇലക്ട്രിക് വാഹനങ്ങളിലാണ് ഭാവി എന്ന കാര്യം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നതായി വോള്‍വോ കാര്‍സ് സിഇഒ ഹകന്‍ സാമുവല്‍സ്‌സണ്‍ പറഞ്ഞു. ആ ദിശയിലേക്കുള്ള പുതിയ കാല്‍വെപ്പാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ കാറും പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ് 40 ശതമാനം കുറയ്ക്കുമെന്ന് വോള്‍വോ കാര്‍സ് ഈയിടെയാണ് പ്രഖ്യാപിച്ചത്. 2040 ഓടെ കാര്‍ബണ്‍ സന്തുലനം കൈവരിക്കുകയാണ് വോള്‍വോയുടെ അന്തിമ ലക്ഷ്യം.

വോള്‍വോ എക്‌സ്‌സി40 റീച്ചാര്‍ജ് ഇലക്ട്രിക് വാഹനത്തിന്റെ അകവും പുറവും കണ്ടാല്‍ എക്‌സ്‌സി40 എന്ന സ്റ്റാന്‍ഡേഡ് മോഡലാണെന്നേ തോന്നൂ. എന്നാല്‍ അടിയില്‍ അഴിച്ചുപണി നടത്തിയിരിക്കുന്നു. സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് വോള്‍വോ എക്‌സ്‌സി40 റീച്ചാര്‍ജ് നിര്‍മിച്ചിരിക്കുന്നത്. ഫ്‌ളോറിന് അടിയില്‍ ബാറ്ററികള്‍ സ്ഥാപിച്ചു. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് (മുന്‍, പിന്‍ ആക്‌സിലുകളില്‍ ഓരോന്ന് വീതം) വാഹനത്തെ മുന്നോട്ട് നയിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന് വോള്‍വോ അവകാശപ്പെടുന്നു. അതിവേഗ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് വെറും നാല്‍പ്പത് മിനിറ്റ് മതി. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്ന് ആകെ 408 കുതിരശക്തിയാണ് പുറപ്പെടുവിക്കുന്നത്. സ്‌പോര്‍ട്‌സ് കാറുകളുടേതുപോലുള്ള പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കും. ഓള്‍ വീല്‍ ഡ്രൈവ് സവിശേഷതയാണ്.

കാറിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന എക്‌സ്‌സി40 എന്ന സ്റ്റാന്‍ഡേഡ് മോഡലുമായി വളരെ സമാനമാണ്. എന്നാല്‍ വൈദ്യുതി ഉപയോഗിക്കുന്ന കാറാണെന്ന ചില സൂചനകള്‍ എക്‌സ്‌സി40 റീച്ചാര്‍ജില്‍ കാണാം. എയ്‌റോഡൈനാമിക് ഡ്രാഗ് കുറയ്ക്കുന്നതിനും ഡ്രൈവിംഗ് റേഞ്ച് വര്‍ധിപ്പിക്കുന്നതിനുമായി മുന്നിലെ ഗ്രില്‍ പരിഷ്‌കരിച്ചു. പിറകിലെ മാറ്റങ്ങള്‍ നാമമാത്രമാണ്. എക്‌സോസ്റ്റ് പൈപ്പുകളിലെ കട്ട് ഔട്ടുകള്‍ എടുത്തുകളഞ്ഞു. ‘പി8 എഡബ്ല്യുഡി റീച്ചാര്‍ജ്’ എന്ന പുതിയ ബാഡ്ജ് ടെയ്ല്‍ഗേറ്റില്‍ നല്‍കി. വാഹനം ഡ്രൈവ് ചെയ്യുന്ന സമയത്തുതന്നെ ബാറ്ററി റീച്ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് സവിശേഷതയാണ്. ഈ ഫീച്ചര്‍ ഇലക്ട്രിക് വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ച് വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.

രൂപകല്‍പ്പനയുടെ കാര്യത്തില്‍ സ്റ്റാന്‍ഡേഡ് മോഡലുമായി വളരെയധികം സാമ്യമുള്ളതാണ് കാബിന്‍. എന്നാല്‍ പുതുതായി ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പുതുതായി പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവ നല്‍കി. ഇവയാണ് കാറിനകത്തെ വലിയ മാറ്റങ്ങള്‍. സിംഗിള്‍ പെഡല്‍ ഡ്രൈവാണ് ഇലക്ട്രിക് വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഇലക്ട്രിക് മോട്ടോറുകള്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി കാറിന്റെ അടിഭാഗത്ത് മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഇപ്പോള്‍ യാത്രാസാധനങ്ങള്‍ സൂക്ഷിക്കാന്‍ മുന്നിലും പിന്നിലും കൂടുതല്‍ സ്ഥലം ലഭിക്കും. മാത്രമല്ല, കൂട്ടിയിടി കുറേക്കൂടി മികച്ച രീതിയില്‍ പ്രതിരോധിക്കുന്നവിധം കൂടുതല്‍ സുരക്ഷിതമാണ് വോള്‍വോ എക്‌സ്‌സി40 റീച്ചാര്‍ജ്.

Comments

comments

Categories: Auto
Tags: Volvo XC40