‘ക്വാറി വ്യവസായത്തിനും വേണം നിലനില്‍പ്പ്’

‘ക്വാറി വ്യവസായത്തിനും വേണം നിലനില്‍പ്പ്’

ലീഗല്‍ പെര്‍മിറ്റ്, മലിനീകരണ നിയന്ത്ര ബോര്‍ഡിന്റെ ലൈസന്‍സ്, ജിയോളജി റോയല്‍റ്റി തുടങ്ങിയ ഉറപ്പുകളോടെ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ ക്വാറികളെ പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത രീതിയിലുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നാണ് രജിസ്റ്റേര്‍ഡ് മെറ്റല്‍ ക്രഷേഴ്‌സ് യൂണിറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്

പ്രകൃതി ചൂഷണത്തിന്റെയും പരിസ്ഥിതി ദുര്‍ബലതയുടെയും പേരില്‍ സര്‍ക്കാരും മറ്റ് സംഘടനകളും കരിങ്കല്‍ ക്വാറികളെ ഒറ്റപ്പെടുത്തുകയും ഇല്ലാതാക്കാന്‍ നോക്കുകയും ചെയ്യുമ്പോള്‍ അതിലൂടെ ഇല്ലാതാക്കപ്പെടുന്നത് പതിനായിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തെ വലിയൊരു വ്യവസായം കൂടിയാണെന്ന് രജിസ്റ്റേര്‍ഡ് മെറ്റല്‍ ക്രഷേഴ്‌സ് യൂണിറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ ട്രഷററും സതേണ്‍ റോക്ക് ആന്‍ഡ് അഗ്രിഗേറ്റ് മൈനിംഗ് കമ്പനി സിഇഒയുമായ പ്രിന്‍സ് എബ്രഹാം അഭിപ്രായപ്പെടുന്നു.

കേരളത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം കുറക്കുന്നതിനായുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതോടെ, ഒരു വ്യവസായത്തിന് കൂടി കേരളത്തില്‍ അന്ത്യം കുറിക്കപ്പെടും. കൃത്യ സമയത്ത് കൃത്യമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ കാലതാമസമാണ് എല്ലാ മേഖലകളിലും എന്ന പോലെ ഈ രംഗത്തും കള്ളനാണയങ്ങളെ സൃഷ്ടിച്ചത്. മൂന്നാര്‍ , മരട് വിഷയങ്ങളില്‍ എന്താണോ സംഭവിച്ചത് അത് തന്നെയാണ് ക്വാറികളുടെ നടത്തിപ്പിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ക്വാറികള്‍. എന്നാല്‍ അടുത്തിടെ കവളപ്പാറയില്‍ നടന്നത് പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം സര്‍ക്കാര്‍ ക്വാറികളെ കുറ്റപ്പെടുത്തുന്നു. എല്ലാ മേഖലകളിലും എന്ന പോലെ ഈ മേഖലയിലും കള്ളനാണയങ്ങള്‍ ഉണ്ടായേക്കാം. അത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തി വരുടെ പ്രവര്‍ത്തനത്തിന് മാത്രമാണ് വിലക്ക് ഏര്‍പ്പെടുത്തേണ്ടത്. നിയമപരമായ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ വ്യവസായമായിത്തന്നെ പരിഗണിക്കണം” പ്രിന്‍സ് എബ്രഹാം പറയുന്നു.

ഏകദേശം 40 ല്‍ പരം ലൈസന്‍സുകള്‍ നേടിയ ശേഷമാണു ഒരു ക്വാറി പ്രവര്‍ത്തന സജ്ജമാകുന്നത്. ഇത്തരം ലൈസന്‍സുകള്‍ സംഘടിപ്പിക്കുന്നതിന് ഏതുഘട്ടത്തില്‍ വേണമെങ്കിലും ക്വാറികളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനുള്ള അവസരമുണ്ട്. എന്നാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് സുരക്ഷാസംബന്ധമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലുടമയെന്ന നിലയില്‍ ഞങ്ങളുടെ സംഭാവനകളെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍ മനപ്പൂര്‍വം ക്വാറി ഉടമകളെ ലക്ഷ്യമിടുന്നതായാണ് കണ്ടു വരുന്നത്. ക്വാറികള്‍ നിര്‍ത്തണം എന്ന് ആവശ്യപ്പെടുന്നവര്‍ ഒന്ന് മനസിലാക്കണം, കരിങ്കല്ലുകള്‍ ആവശ്യത്തിന് ലഭ്യമല്ലെങ്കില്‍ അത് നിര്‍മാണമേഖലയെ ബാധിക്കും. മാത്രമല്ല, ഈ ഒരു തൊഴില്‌മേഖലയെ ചുറ്റിപ്പറ്റി ലക്ഷക്കണക്കിന് ആളുകളാണ് ഉപജീവനമാര്‍ഗം തേടുന്നത്. അതിനാല്‍ സാമ്പത്തികമായ ഒരു അരക്ഷിതാവസ്ഥ സമൂഹത്തില്‍ ഉടലെടുക്കുന്നതിനു ക്വാറികള്‍ക്ക് മേലുള്ള ആരോപണങ്ങള്‍ വഴിതെളിക്കും, അദ്ദേഹം കൂട്ടി ചേര്‍ത്തു.

ലീഗല്‍ പെര്‍മിറ്റ്, മലിനീകരണ നിയന്ത്ര ബോര്‍ഡിന്റെ ലൈസന്‍സ്, ജിയോളജി റോയല്‍റ്റി തുടങ്ങിയ ഉറപ്പുകളോടെ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ ക്വാറികളെ പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത രീതിയിലുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നാണ് രജിസ്റ്റേര്‍ഡ് മെറ്റല്‍ ക്രഷേഴ്‌സ് യൂണിറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. അംഗീകാരമുള്ള ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേലുള്ള അനിശ്ചിതത്വം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് രജിസ്റ്റേര്‍ഡ് മെറ്റല്‍ ക്രഷേഴ്‌സ് യൂണിറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special