മാനവികത ബിസിനസ്സിന്റെ പുതിയ മുഖമാവണം; ദിലീപ് നാരായണന്‍

മാനവികത ബിസിനസ്സിന്റെ പുതിയ മുഖമാവണം; ദിലീപ് നാരായണന്‍

പര്‍പ്പസ് ബ്രാന്‍ഡിംഗിന്റെ കാലമാണിത്. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് എങ്ങനെയാണ് അവയുടെ ബ്രാന്‍ഡുകളിലൂടെ സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നതെന്നാണ് പര്‍പ്പസ് ബ്രാന്‍ഡിംഗ് നമ്മളെ പഠിപ്പിക്കുന്നത്. രാജ്യത്ത് ഇതാദ്യമായി കൊച്ചി ആസ്ഥാനമായി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ പര്‍പ്പസ് ബ്രാന്‍ഡിങ്ങിന് തുടക്കമിട്ട ഓര്‍ഗാനിക് ബിപിഎസ് എന്ന ബ്രാന്‍ഡിംഗ് ഏജന്‍സിയുടെ സ്ഥാപകനും ബ്രാന്‍ഡ് മെന്ററുമായ ദിലീപ് നാരായണന്‍ പര്‍പ്പസ് ബ്രാന്‍ഡിംഗിന്റെ സാധ്യതകളെ പറ്റി വിശദീകരിക്കുന്നു

ബോംബെ, പൂണെ എന്നീ നഗരങ്ങളിലെ പരസ്യ രംഗത്തെ അനുഭവസമ്പത്തുമായാണ് ദിലീപ് നാരായണന്‍ എന്ന കുറ്റിപ്പുറത്തുകാരന്‍ ഓര്‍ഗാനിക് ബിപിഎസ് എന്ന ബ്രാന്‍ഡിംഗ് ഏജന്‍സി 1999 ല്‍ കൊച്ചിയില്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ പരസ്യരംഗത്തെ ദൈവം എന്ന് അറിയപ്പെടുന്ന അലിക്ക് പദംമ്സീയുടെ കാര്‍മ്മീകത്വത്തില്‍ ആണ് ഓര്‍ഗാനിക്കിന്റെ തുടക്കം. ‘പരസ്യങ്ങള്‍ കൂടുതല്‍ സത്യസന്ധത പുലര്‍ത്തുന്നതും സ്വാഭാവികതയുള്ളതും ആകണം, ഉപഭോക്താക്കളുടെ വിശ്വാസ്യത നേടാനും നിലനിര്‍ത്താനും ഇത് അനിവാര്യമാണ്. ഈ ബോധ്യത്തോടെയാണ് ഓര്‍ഗാനിക് ബി.പി.എസ് തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ദിലീപ് പറയുന്നു. ഒരു ബ്രാന്‍ഡിന് കാലങ്ങളോളം നിലനില്‍ക്കണമെങ്കില്‍ അത് സത്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതും ഉപഭോക്താവിന് ആവശ്യമുള്ളതും ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങളെ അവലോകനം ചെയ്താല്‍ പ്രധാനമായും മൂന്ന് കാര്യങ്ങളിലേക്കാണ് നാമെത്തിച്ചേരുക. ഒരുല്പന്നം വിപണിയിലെത്തി കഴിഞ്ഞാല്‍ ഒരാഴ്ചയുടെ വ്യത്യാസം പോലുമില്ലാതെ അതേ സാങ്കേതീക വിദ്യയും ഗുണമേന്മയുമുളള മറ്റൊരു ഉല്പന്നം അതിലും കുറഞ്ഞ വിലയില്‍ വിപണിയില്‍ മത്സരത്തിനെത്തും. ആ ഉല്പന്നം പിന്നെ എന്ത് വ്യത്യാസം ചൂണ്ടിക്കാട്ടി വിപണനം ചെയ്യും? സമൂഹത്തില്‍ പൊതുവില്‍ നിഴലിക്കുന്ന ഒരു വിശ്വാസമില്ലായ്മ തന്നെയാണ് പരസ്യരംഗത്തിനുമുളളത്. പിന്നെ എന്ത് കഥകള്‍ പറഞ്ഞ് പരസ്യം ചെയ്യും? പണ്ട് സംരംഭകന്‍ ഉല്‍പ്പന്നത്തെ കുറിച്ച് പറയുന്നതാണ് ഉപഭോക്താവിന് ഉല്‍പ്പന്നത്തെക്കുറിച്ച് ലഭ്യമാകുന്ന അറിവ്. വളരെ നിയന്ത്രിതമായിരുന്നു അന്നത്തെ ചുറ്റുപാടുകള്‍. ഇന്ന് സമൂഹമാധ്യമങ്ങളിലെ നിരൂപണങ്ങളും, അഭിപ്രായ പ്രകടനങ്ങള്‍ അഥവാ റിവ്യൂകളും വ്യക്തമായി വായിച്ച് ധാരണ രൂപപ്പെടുത്തിയാണ് ഉപഭോക്താവ് ഓരോ ഉല്‍പ്പന്നവും വാങ്ങാന്‍ തീരുമാനിക്കുന്നത്. ഉപഭോക്താക്കള്‍ തന്നെ സമൂഹമാധ്യമങ്ങളെ നിയന്ത്രണത്തിലാക്കിയ ലോകത്തില്‍ സംരംഭകന് എങ്ങനെ ഉല്‍പ്പന്നം വില്‍ക്കാന്‍ സാധിക്കും?

ഈ നിര്‍ണായകസന്ധിയിലാണ് പര്‍പ്പസ് ബ്രാന്‍ഡിംഗ് മേഖലയിലേക്ക് കടക്കാന്‍ ഓര്‍ഗാനിക് ബിപിഎസ് തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി 2009-ല്‍ ഗ്രീന്‍സ്റ്റോം എന്ന സിഎസ്ആര്‍ പദ്ധതിക്ക് ഓര്‍ഗാനിക് ബിപിഎസ് തുടക്കമിട്ടു. പാരിസ്ഥിതിക അവബോധം ജനങ്ങളില്‍ എത്തിക്കുക എന്നാണ് ഗ്രീന്‍സ്റ്റോമിന്റെ ലക്ഷ്യം. ചുരുങ്ങിയകാലം കൊണ്ടു തന്നെ ലക്ഷ്യമിട്ട മാര്‍ഗത്തില്‍ മികച്ച മുന്നേറ്റവും വളര്‍ച്ചയും കൈവരിച്ച ഗ്രീന്‍സ്റ്റോം ആഗോളശ്രദ്ധയാകര്‍ഷിച്ച ഒരു പരിസ്ഥിതി സംരംഭമായി മാറി. കഴിഞ്ഞ വര്‍ഷം ലോക പ്രശസ്തമായ ഐഎഎ ഒലിവ് ക്രൗണ്‍ അവാര്‍ഡ് ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്‍ കരസ്ഥമാക്കി. ഗ്രീന്‍സ്റ്റോമിന് ലഭിക്കുന്ന സ്വീകാര്യത പര്‍പ്പസ് ബ്രാന്‍ഡിംഗ് സങ്കേതങ്ങള്‍ മറ്റ് ബ്രാന്‍ഡുകള്‍ക്കും ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് ആവേശം നല്‍കി. ദിലീപ് പറയുന്നു.

‘ബ്രാന്‍ഡുകളുടെ മിഷനും വിഷനും പ്രധാനം തന്നെ. ഒരു ബ്രാന്‍ഡ് എന്താണ് (What) എന്നാണ് മിഷന്‍ സൂചിപ്പിക്കുന്നത്. എവിടേയ്ക്കാണ് (Where) എന്നാണ് വിഷന്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അതിനപ്പുറം ഒരു ബ്രാന്‍ഡ് എന്തിനാണ് (Why), എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന പരമ പ്രധാനമായ ചോദ്യമാണ് പര്‍പ്പസ് ബ്രാന്‍ഡിംഗ് മുന്നോട്ടുവെയ്ക്കുന്നത്. ‘ഡൂയിങ് ഗുഡ് ഈസ് ഗുഡ് ബിസിനസ്’ എന്ന മുദ്രാവാക്യം ആണ് ഓര്‍ഗാനിക് ബിപിഎസ് പിന്തുടരുന്നത്. ലാഭം ഉണ്ടാക്കുക എന്നത് മാത്രമല്ല ബിസിനസിന്റെ ലക്ഷ്യം, സമൂഹത്തിനായി നല്ലത് ചെയ്യുക. ബിസിനസിനെ മുന്നോട്ട് നയിക്കുന്ന എന്‍ജിന്‍ ലാഭം ആവരുത്, നന്മ ആയിരിക്കണം. ജീവനക്കാരെ കൂടുതല്‍ പ്രതിബദ്ധരാക്കാന്‍, ഉപഭോക്താക്കളെ കൂടുതല്‍ കൂറുള്ളവരാക്കാന്‍, ലാഭം വര്‍ധിപ്പിക്കാന്‍ സോദ്ദേശ്യ ബ്രാന്‍ഡിങ്ങിലൂടെ സാധിക്കും, അതിനെക്കാളെല്ലാം ഉപരിയായി സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാമെന്നതാണ് ഇതിന്റെ പ്രധാന മെച്ചം.വ്യവസായീക വിപ്ലവം കൈകള്‍ കൊണ്ടും വിവര സാങ്കേതീക വിപ്ലവം മസ്തിഷ്‌ക്കം കൊണ്ടുമാണ് യാഥാര്‍ത്ഥ്യമാക്കിയതെങ്കില്‍ പര്‍പ്പസ് ബ്രാന്‍ഡിംഗിലൂടെ വിഭാവനം ചെയ്യുന്ന മാനവീകതാ വിപ്ലവം ഹൃദയങ്ങള്‍ കൊണ്ടാണ് യാഥാര്‍ത്ഥ്യമാകുക. മാനുഷീക മൂല്യങ്ങള്‍ ആണ് അതിന്റെ അടിസ്ഥാന ശില.

ലോകപ്രസിദ്ധമായ സ്റ്റെഞ്ചല്‍ റിപ്പോര്‍ട്ട് ഇതിന് തെളിവാണ്. പര്‍പ്പസ് ഉള്ള ഒരു ബ്രാന്‍ഡിന് അതുമായി മത്സരിക്കുന്ന മറ്റു പര്‍പ്പസില്ലാത്ത ബ്രാന്‍ഡുകളെക്കാള്‍ 400 ശതമാനം വരെ മികച്ച മത്സര മികവ് കാഴ്ചവെയ്ക്കാനാകുമെന്നും പര്‍പ്പസ് ഉള്ള ബ്രാന്‍ഡുകളോട് പുതുതലമുറ 90 ശതമാനം കൂടുതല്‍ കൂറ് പുലര്‍ത്തുന്നുവെന്നും പത്തില്‍ ആറ് ചെറുപ്പക്കാരും പര്‍പ്പസ് ഉള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് സ്റ്റെഞ്ചല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍,’ ദിലീപ് വിശദീകരിക്കുന്നു.

വിദേശങ്ങളിലുള്ള നിരവധി കമ്പനികള്‍ ഇന്ന് പര്‍പ്പസ് ബ്രാന്‍ഡിംഗിന്റെ വലിയ വക്താക്കളായി മാറിക്കഴിഞ്ഞു. ഇന്ത്യയിലും ഈ ആശയം പ്രചരിച്ചു വരുന്നുണ്ട്. ലാഭത്തിനുപരിയുള്ള ഒരു പര്‍പ്പസ് നെഞ്ചേറ്റുന്ന സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ വരെ ഇന്ന് ഓര്‍ഗാനിക് ബിപിഎസിന്റെ ക്ലയന്റ് ലിസ്റ്റില്‍ ഉണ്ടെന്നതു തന്നെ ഇതിനുള്ള തെളിവ്.

ഇന്ത്യയിലെ ചെറുതും വലുതുമായ സംരംഭകരെ സഹായിക്കുവാനായി ഓര്‍ഗാനിക് ബിപിഎസ്, സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ പര്‍പ്പസ് ബ്രാന്‍ഡിംഗ് എന്ന ഒരു സംരംഭത്തിന് തുടക്കമിട്ടത്. കഴിഞ്ഞ 20 വര്‍ഷങ്ങളിലായി നടത്തിയ നിരന്തര ഗവേഷണങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ബിപിഎസ് അഥവാ ബ്രാന്‍ഡ് പര്‍പ്പസ് സൊലൂഷന്‍സ് എന്ന പേരില്‍ പര്‍പ്പസ് ബ്രാന്‍ഡിംഗ് അടിസ്ഥാനമാക്കിയ ഒരു ബ്രാന്‍ഡിംഗ് മോഡല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചിന്തകളും ആശയങ്ങളും പങ്കുവെച്ച് ചര്‍ച്ചകള്‍ നടത്തിയും ഗവേഷണങ്ങളിലൂടെയുമാണ് ഇവിടെ ഓരോ ബ്രാന്‍ഡിനും പര്‍പ്പസിന്റെ അടിത്തറയില്‍ പുതുജീവന്‍ നല്‍കുന്നത്,’ ദിലീപ് വ്യക്തമാക്കുന്നു.

പര്‍പ്പസ് ബ്രാന്‍ഡിങ്ങിന് ഉദാഹരണങ്ങള്‍ തേടി വേറെങ്ങും പോകേണ്ടതില്ല എന്നും ദിലീപ് കൂട്ടിച്ചേര്‍ക്കുന്നു. പര്‍പ്പസ് ബ്രാന്‍ഡിങ്ങില്‍ ഏറ്റവും വലിയ ഉദാഹരണവും തന്റെ റോള്‍ മോഡലും നമ്മുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി തന്നെയാണ് എന്നാണ് ദിലീപ് പറയുന്നത്. ‘ഇന്ത്യയുടെ സ്വാതന്ത്ര്യവും സമൂഹ ഉന്നമനവും ആയിരുന്നു ഗാന്ധിജിയുടെ ഏക ലക്ഷ്യം. ‘ഡൂയിങ് ഈസ് ബീയിങ്’ എന്നതാണ് ഗാന്ധിസത്തിന്റെ സത്ത. അതുകൊണ്ടു തന്നെയാണ് ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്നു പറയാന്‍ അദ്ദേഹത്തിനു സാധിച്ചത്. തന്റെ കര്‍മങ്ങളായിരുന്നു അദ്ദേഹത്തിന്റെ ബ്രാന്‍ഡിങ്. പുതിയ ബിസിനസുകാരെ സമൂഹത്തിനു കൂടി ഉതകുന്ന ബിസിനസ് ചെയ്യിപ്പിക്കാന്‍, സമൂഹത്തെക്കൂടി ഉള്‍പ്പെടുത്തുന്ന ബോട്ടംലൈന്‍ വിഭാവനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പര്‍പ്പസ് ബ്രാന്‍ഡിങ്ങിന്റേതായ ഈ കാലത്ത് ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളാണ് ഇതിനുള്ള ഏറ്റവും മികച്ച പാഠപുസ്തകം’ ദിലീപ് പറഞ്ഞു നിര്‍ത്തി.

പര്‍പ്പസ് ബ്രാന്‍ഡിങ്ങിന് ഉദാഹരണങ്ങള്‍ തേടി വേറെങ്ങും പോകേണ്ടതില്ല എന്നും ദിലീപ് കൂട്ടിച്ചേര്‍ക്കുന്നു. പര്‍പ്പസ് ബ്രാന്‍ഡിങ്ങില്‍ ഏറ്റവും വലിയ ഉദാഹരണവും തന്റെ റോള്‍ മോഡലും നമ്മുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി തന്നെയാണ് എന്നാണ് ദിലീപ് പറയുന്നത്

(dileep@organicbps.com)

Categories: Top Stories