ഇചാര്‍ജ്‌ബേസുമായി എംജി മോട്ടോര്‍ പങ്കാളിത്തം സ്ഥാപിച്ചു

ഇചാര്‍ജ്‌ബേസുമായി എംജി മോട്ടോര്‍ പങ്കാളിത്തം സ്ഥാപിച്ചു

എംജി മോട്ടോറിന്റെ ഇവി ഉപയോക്താക്കള്‍ക്ക് അവരവരുടെ വീടുകളില്‍ ചാര്‍ജിംഗ് സൗകര്യം സജ്ജീകരിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് സഹായിക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹി ആസ്ഥാനമായ ഇചാര്‍ജ്‌ബേസ് എന്ന സ്റ്റാര്‍ട്ടപ്പുമായി എംജി മോട്ടോര്‍ ഇന്ത്യ പങ്കാളിത്തം സ്ഥാപിച്ചു. എംജി മോട്ടോറിന്റെ ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് അവരവരുടെ വീടുകളില്‍ ചാര്‍ജിംഗ് സൗകര്യം സജ്ജീകരിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് സഹായിക്കും. ഇന്ത്യയില്‍ എംജി മോട്ടോറിന്റെ അടുത്ത മോഡലായ ഇസഡ്എസ് ഇവി അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതിയ പങ്കാളിത്തം. പങ്കാളിത്തത്തിന്റെ ഭാഗമായി, ഇവി ചാര്‍ജര്‍ സ്ഥാപിക്കുന്നതിന് എംജി മോട്ടോര്‍ തങ്ങളുടെ വിദഗ്ധരെ ഉപയോക്താക്കളുടെ വീടുകളിലേക്ക് പറഞ്ഞയയ്ക്കും.

ഇവി ചാര്‍ജിംഗ് രംഗത്തെ കമ്പനികളുമായി എംജി മോട്ടോര്‍ ഇന്ത്യ സ്ഥാപിക്കുന്ന ഒടുവിലത്തെ സഖ്യമാണ് ഇത്. നേരത്തെ അതിവേഗ ചാര്‍ജിംഗ്, സാധാരണ ചാര്‍ജിംഗ് എന്നിവയുമായി ബന്ധപ്പെട്ട് യഥാക്രമം ഫോര്‍ട്ടം, ഡെല്‍റ്റ ഇലക്ട്രോണിക്‌സ് ഇന്ത്യ എന്നിവയുമായി പങ്കാളിത്തം സ്ഥാപിച്ചിരുന്നു. ഇവി ചാര്‍ജിംഗ് സംബന്ധിച്ച് ഇന്ത്യയില്‍ മികച്ച അടിസ്ഥാനസൗകര്യമൊരുക്കാനാണ് എംജി മോട്ടോര്‍ ഇന്ത്യ ആഗ്രഹിക്കുന്നത്. വീടുകളില്‍ ഇവി ചാര്‍ജിംഗ് സൗകര്യമൊരുക്കുന്നതിനാണ് പുതിയ പങ്കാളിത്തമെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ഛാബ പറഞ്ഞു.

ഇന്ത്യന്‍ വിപണിയിലെ വരവറിയിച്ച് എംജി ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയുടെ ടീസര്‍ ഇതിനകം പ്രത്യക്ഷപ്പെട്ടിരുന്നു. പൂര്‍ണ വൈദ്യുത വാഹനമായ ഇസഡ്എസ് ഇവി ഡിസംബറില്‍ വിപണിയില്‍ അവതരിപ്പിക്കും. ഹെക്ടര്‍ എസ്‌യുവിയുടെ പിറകേ എംജി മോട്ടോറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ മോഡല്‍ എന്ന ഖ്യാതിയോടെയാണ് ഇസഡ്എസ് ഇവി വരുന്നത്. ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റില്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യും. ഇന്ത്യയില്‍ ഹ്യുണ്ടായ് കോന ഇലക്ട്രിക് ആയിരിക്കും എതിരാളി.

ഓവര്‍ ദ എയര്‍ (ഒടിഎ) സാങ്കേതികവിദ്യ സവിശേഷതയായിരിക്കും. എംജി ഹെക്ടര്‍ പോലെ, ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയിലും എംജിയുടെ ഐ-സ്മാര്‍ട്ട് നെക്‌സ്റ്റ്-ജെന്‍ കണക്റ്റഡ് ടെക്‌നോളജി നല്‍കും. യുകെയില്‍ പുറത്തിറക്കിയ എംജി ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയിലെ ഒരേയൊരു ഇലക്ട്രിക് മോട്ടോര്‍ 141 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബാറ്ററിക്ക് ഏഴ് വര്‍ഷ വാറന്റി ലഭിക്കും. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 262 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. 50 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് 43 മിനിറ്റ് മതി.

Comments

comments

Categories: Auto
Tags: Mg Motor