കിയ കാര്‍ണിവല്‍ എംപിവി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും

കിയ കാര്‍ണിവല്‍ എംപിവി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും

ഇന്ത്യയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്രീമിയം എതിരാളിയായിരിക്കും കിയ കാര്‍ണിവല്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ രണ്ടാമത്തെ ഉല്‍പ്പന്നം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. സെല്‍റ്റോസ് എസ്‌യുവിക്കുശേഷം കാര്‍ണിവല്‍ എന്ന മള്‍ട്ടി പര്‍പ്പസ് വാഹനമാണ് (എംപിവി) ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2020 ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ കിയ കാര്‍ണിവല്‍ പുറത്തിറക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2018 ഓട്ടോ എക്‌സ്‌പോയില്‍ കിയ കാര്‍ണിവല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എക്‌സ്‌പോ കാണാനെത്തിയ ജനങ്ങളില്‍ അന്ന് വലിയ താല്‍പ്പര്യമാണ് എംപിവി ജനിപ്പിച്ചത്. മുമ്പ് പ്രദര്‍ശിപ്പിച്ച വാഹനത്തില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയായിരിക്കും ഇന്ത്യയില്‍ വില്‍ക്കുന്നത്. ഫീച്ചറുകളുടെ എണ്ണത്തിലും ചെറിയ മാറ്റമുണ്ടായിരിക്കും.

ഇന്ത്യയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്രീമിയം എതിരാളിയായിരിക്കും കിയ കാര്‍ണിവല്‍. 7 സീറ്റര്‍, 8 സീറ്റര്‍, 11 സീറ്റര്‍ വിധങ്ങളില്‍ വിപണിയിലെത്തിക്കാന്‍ കഴിയുന്നത്ര വലുപ്പമുള്ള വാഹനമാണ് കിയ കാര്‍ണിവല്‍. എംപിവിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 5,115 എംഎം, 1,985 എംഎം, 1,740 എംഎം എന്നിങ്ങനെയാണ്. വീല്‍ബേസ് 3,060 മില്ലി മീറ്റര്‍. ഇന്നോവ ക്രിസ്റ്റയേക്കാള്‍ നീളവും വീതിയുമുള്ളവന്‍. രണ്ടാം നിരയില്‍ കയറുന്നവര്‍ക്കായി പവേര്‍ഡ് സ്ലൈഡിംഗ് ഡോറുകള്‍ നല്‍കിയത് കൂടുതല്‍ പ്രായോഗിക നടപടിയാണ്.

നീട്ടാവുന്ന ലെഗ് റെസ്റ്റുകള്‍, ചെയര്‍ ആമുകള്‍ എന്നിവ സഹിതം ക്യാപ്റ്റന്‍ ചെയറുകള്‍, 10.1 ഇഞ്ച് വലുപ്പമുള്ള ഒന്നിലധികം സ്‌ക്രീനുകളോടെ ഉയര്‍ന്ന നിലവാരമുള്ള എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ് എന്നിവ ഉയര്‍ന്ന വേരിയന്റുകളില്‍ പ്രതീക്ഷിക്കാം. കിയയുടെ ‘ഉവോ കണക്റ്റ്’ ഇന്‍-കാര്‍ കണക്റ്റിവിറ്റി, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, രണ്ട് സണ്‍റൂഫുകള്‍, പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ് (മെമ്മറി ഫംഗ്ഷന്‍ സഹിതം), 3 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും സവിശേഷതകളായിരിക്കും.

ബിഎസ് 6 പാലിക്കുന്ന 2.2 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും ഇന്ത്യന്‍ വിപണിയില്‍ കിയ കാര്‍ണിവലിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 202 എച്ച്പി കരുത്തും 441 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. 6 സ്പീഡ് മാന്വല്‍ നല്‍കുമോയെന്ന് കണ്ടറിയാം. ജനുവരി പകുതിയോടെ ബുക്കിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. ചില വിപണികളില്‍ സെഡോണ എന്ന പേരിലാണ് കിയ കാര്‍ണിവല്‍ വില്‍ക്കുന്നത്.

Comments

comments

Categories: Auto
Tags: Kia carnival