കരട് വിദ്യാഭ്യാസ നയവും സാമ്പത്തിക വളര്‍ച്ചയും

കരട് വിദ്യാഭ്യാസ നയവും സാമ്പത്തിക വളര്‍ച്ചയും

കെ കസ്തൂരിരംഗന്‍ സമിതി തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം 2019 ന്റെ കരട് പൊതുജനസമക്ഷത്തിലേക്ക് അഭിപ്രായങ്ങള്‍ തേടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ടിഎസ്ആര്‍സുബ്രഹ്മണ്യന്‍ സമിതി റിപ്പോര്‍ട്ടും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അഭിപ്രായങ്ങളും ക്രോഡീകരിച്ചാണ് കരട് നയം തയാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കാരം നടപ്പിലാക്കി നിലവാരം ഉയര്‍ത്താനും ഭാവിയിലെ ഇന്ത്യയ്ക്കും ലോകത്തിനും ആവശ്യമായ നൈപുണ്യത്തോടു കൂടിയ പുതുതലമുറയെ വാര്‍ത്തെടുക്കാനുമുള്ള ലക്ഷ്യമാണ് നയം മുന്നോട്ടുവെക്കുന്നത്

ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ രാജ്യത്തെ അഭിസംബോധന ചെയത പ്രധാനമന്ത്രി നരേന്ദ്ര മോദി ജനസംഖ്യാ വിസ്‌ഫോടനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റിയും അതിന് പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഊന്നിപ്പറഞ്ഞിരുന്നു. ജനസംഖ്യാ വര്‍ധനവിന്റെ തീക്ഷ്ണത കുറയ്ക്കുന്നതിനും അതിനെ ഉല്‍പ്പാദനക്ഷമമാക്കുന്നതിനുമുള്ള മാര്‍ഗം വിദ്യാഭ്യാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാക്ഷരതാ നിരക്ക് ഉയരുന്നതിന് ആനുപാതികമായി ജനന നിരക്ക് കുറയുകയും സാമ്പത്തിക വളര്‍ച്ചാ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നത് അനായാസകരമാകുകയും ചെയ്യുന്നുണ്ടെന്നാണ് വികസന പ്രവണതകളുടെ ചപരിത്രം തെളിയിക്കുന്നത്. വിദ്യാഭ്യാസത്തിനൊപ്പം കുട്ടികളുടെ വികാസവും വേഗത്തില്‍ നടക്കുമെന്നും ഭാവിയിലെ അധ്വാനവര്‍ഗം കൂടുതല്‍ ഉല്‍പ്പാദനക്ഷമമാകുമെന്നുമുള്ള വസ്തുതയാണ് സാമ്പത്തിക വികസനത്തിന് ഉപകരിക്കുക.

ഈ കാഴ്ചപ്പാട് വെച്ചുകൊണ്ട്, രാജ്യത്തെ കുട്ടികള്‍ക്കെല്ലാം ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം തുല്യ അളവില്‍ ഉറപ്പാക്കുന്നതിന് ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) സര്‍ക്കാര്‍ സ്ഥിരമായി നവീകരിക്കുന്നുണ്ട്. ഏറ്റവും പുതിയതായി രൂപീകരിക്കപ്പെട്ട എന്‍ഇപി 2019 നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം രാജ്യത്തെ നഗരങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും കുറഞ്ഞ സാക്ഷരതാ നിരക്കിന് പരിഹാരം കാണുന്നതിനായി കേന്ദ്ര സര്‍ക്കാരുകള്‍ എക്കാലത്തും വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.

കൊത്താരി കമ്മീഷന്റെ (1964-66) ശുപാര്‍ശകളും റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി 1968 ലാണ് ഇന്ത്യയില്‍ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നത്. ദേശീയോദ്ഗ്രഥനവും മെച്ചപ്പെട്ട സാമ്പത്തിക-സാംസ്‌കാരിക വികസനവും നേടിയെടുക്കാന്‍ സമൂലമായി ഉടച്ചുവാര്‍ത്തതും തുല്യവുമായ വിദ്യാഭ്യാസ അവസരങ്ങള്‍ ലഭ്യമാക്കണമെന്ന് അന്നത്തെ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ നയമാണ് രാജ്യത്ത് പിന്നീട് നിലവില്‍ വന്ന എല്ലാ വിദ്യാഭ്യാസ നയങ്ങള്‍ക്കും അടിത്തറയായത്.

14 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കുന്നതില്‍ ഊന്നിയും ത്രിഭാഷാ സമവാക്യത്തെ (പ്രാദേശിക ഭാഷാ പഠനത്തെ പ്രോല്‍സാഹിപ്പിക്കുന്ന) പ്രോല്‍സാഹിപ്പിക്കുന്നതുമായ 1986 ലെ വിദ്യാഭ്യാസ നയമാണ് പിന്നീട് രംഗപ്രവേശം ചെയ്തത്. രാജീവ് ഗാന്ധി സര്‍ക്കാരിനു കീഴില്‍ രൂപംകൊണ്ട ഈ നയം സ്‌കോളര്‍ഷിപ്പ്, ദരിദ്ര കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍, പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ അധ്യാപകരുടെ നിയമനം തുടങ്ങിയ പരിപാടികള്‍ വഴി പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇത്തരം പദ്ധതികളുടെ ഫലമായി അടുത്ത തലമുറയ്ക്ക് നല്‍കാന്‍ നമ്മുടെ സമൂഹത്തിന് ആവശ്യമായ മെച്ചപ്പെട്ടതും എല്ലാവരെയും ഉള്‍പ്പെടുത്തുന്നതുമായ വിദ്യാഭ്യാസ വ്യവസ്ഥിതിയിലേക്ക് രാജ്യം എത്തപ്പെട്ടു. 1951 ലെ സെന്‍സസ് പ്രകാരം സ്വാതന്ത്ര്യലബ്ധിക്ക് ശേഷം സാക്ഷരതാ നിരക്ക് 18.33 ശതമാനത്തിലേക്കും 2011 ലെ സെന്‍സെസ് പ്രകാരം 74.04 ശതമാനത്തിലേക്കും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് സെന്‍സെസുകള്‍ക്കിടയിലുള്ള ദശാബ്ദത്തില്‍ മാത്രം ഇന്ത്യയിലെ സാക്ഷരതാ നിരക്കില്‍ 14 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണുണ്ടായത്.

അതേസമയം വിദ്യാഭ്യാസ രംഗത്തെ ലിംഗ അസമത്വമാണ് നിലവിലെ നയങ്ങള്‍ക്ക് ഇപ്പോഴും കാര്യമായി സ്വാധീനിക്കാനാവാത്ത ഒരു മേഖല. 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ സാക്ഷരരായ പുരുഷന്‍മാരുടെയും(80.9%) സ്ത്രീകളുടെയും (64.60%) എണ്ണത്തിലെ വിടവ് വളരെ ബൃഹത്താണ്. ഈ വിടവ് കുടുംബാസൂത്രണത്തെ സ്വാധീനിച്ചത് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ കാരണങ്ങളിലൊന്നാണ്. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പോലെയുള്ള സര്‍ക്കാരിന്റെ മികവുറ്റ പരിശ്രമങ്ങള്‍ക്കിടയിലും ഈ പ്രവണതകള്‍ നിലനില്‍ക്കുന്നു.

അടിസ്ഥാന സാക്ഷരതയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തിന് തൊഴില്‍ക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനും പരിഹാരം കാണേണ്ടതുണ്ട്. ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജുക്കേഷണല്‍ റിപ്പോര്‍ട്ട് (എഎസ്ഇആര്‍) ഓരോ വര്‍ഷവും പ്രാഥമിക സ്‌കൂള്‍ തലം മുതല്‍ വിദ്യാഭ്യാസം ആരംഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിലെ പോരായ്മകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട്, രാജ്യത്തെ അഞ്ചാം ക്ലാസുകളിലെ പകുതിയിലധികം കുട്ടികള്‍ക്ക് രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാനുള്ള ക്ഷമതയേ ഉള്ളെന്ന് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ന്യൂനതകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അനുകൂലമായ ഉല്‍പ്പാദനക്ഷമതാ നിരക്ക് കൈവരിക്കുന്നതിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും.

മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിപാടികള്‍ നേരിടുന്ന തടസങ്ങളും ഒപ്പം അടുത്ത ദശാബ്ദത്തിലെ നിരവധി ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പദ്ധതികള്‍ക്കും ദേശീയ വിദ്യാഭ്യാസ നയം 2019 ഊന്നല്‍ നല്‍കുന്നുണ്ട്. തീരെ കുട്ടിക്കാലത്ത് തന്നെ പരിപാലനവും പഠനവും ആരംഭിച്ചുകൊണ്ട് 2025 ഓടെ 3-6 വയസിനിടയിലുള്ള കുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസവും അഞ്ചാം ക്ലാസും അതിനു മുകളിലുമുള്ള എല്ലാ കുട്ടികള്‍ക്കും സംഖ്യാപരമായ അറിവും സാക്ഷരതയും ഉറപ്പാക്കാനാണ് എന്‍ഇപി 2019 നയം വിഭാവനം ചെയ്യുന്നത്. വിദ്യാഭ്യാസ അവകാശ നിയമം 12 ാം ക്ലാസ് വരെ നിര്‍ബന്ധമാക്കിയതിനുശേഷം 2030 ഓടെ സ്‌കൂളുകളില്‍ സാര്‍വത്രിക മൊത്ത പ്രവേശന അനുപാതം നേടാനും യുവജനങ്ങളുടെയും പ്രായപൂര്‍ത്തിയായവരുടെയും സാര്‍വത്രിക സാക്ഷരത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുകൊണ്ട് ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ അഞ്ചാമത്തെ ലക്ഷ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ വിദ്യാഭ്യാസ നയം.

പ്രസ്തുത വിദ്യാഭ്യാസ നയത്തിനൊപ്പം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നയ രൂപകര്‍ത്താക്കള്‍ക്കും വലിയ ഒരു പങ്കു വഹിക്കാനുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെയും വിഭവസ്രോതസുകളുടെയും ആളുകളുടെയും ലഭ്യത ഉറപ്പാക്കി, സ്‌കൂളുകളെ വിവിധ തലങ്ങളിലെ വിദ്യാഭ്യാസം ലഭ്യമാക്കുന്ന സമ്പൂര്‍ണ സ്‌കൂളുകളാക്കി മാറ്റികൊണ്ട് ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നതിലാണ് ഇത് പ്രാധാന്യം നല്‍കുന്നതെന്നതാണ് ആദ്യത്തെ കാര്യം. രാഷ്ട്രീയ ശിക്ഷാ ആയോഗ് (ദേശീയ വിദ്യാഭ്യാസ കൗണ്‍സില്‍) എന്ന പേരില്‍ ഇന്ത്യയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ പരിപാലകനായി പ്രവര്‍ത്തിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യഷതയില്‍ ഒരു ഉന്നതാധികാര സമതിക്ക് രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നതാണ് രണ്ടാമത്തെ കാര്യം. മൂന്നാമതായി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസ, ഭരണ, സാമ്പത്തിക തലത്തില്‍ സ്വയം ഭരണാധികാരവും ശുപാര്‍ശ ചെയ്യുന്നു. അന്തിമമായി, ദേശീയ ഗവേഷണ ഫൗണ്ടേഷന്‍ രൂപീകരിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള ഗവേഷണ-ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും ഈ വിദ്യാഭ്യാസ നയം ഉന്നമിടുന്നു.

നയത്തിലൂടെ ലക്ഷ്യമിടുന്ന ഫലങ്ങള്‍ ലഭിക്കുന്നതിന് നടപ്പാക്കല്‍ രീതി അതീവ നിര്‍ണായകമാണ്. കുട്ടികളുടെ വികാസത്തിലൂടെ ജനസംഖ്യാ വളര്‍ച്ചയുടെ തീക്ഷ്ണത കുറയ്ക്കാനും ഭാവിയില്‍ മികച്ച സാമ്പത്തിക വളര്‍ച്ച നേടാനും ആവശ്യമായ അജണ്ടയാണ് നയം മുന്നോട്ടുവെക്കുന്നതെന്നതില്‍ സംശയമില്ല. കുട്ടികള്‍ക്ക് ഒന്നിലേറെ വിഷയങ്ങളില്‍ അറിവ് നല്‍കാന്‍ സഹായകമായ സംയുക്ത കരിക്കുലങ്ങള്‍, തൊഴിലധിഷ്ഠിത പരിശീലനം എന്നിവയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിന് നയം ശുപാര്‍ശ ചെയ്യുന്നു. വര്‍ധിച്ച രീതിയില്‍ യാന്ത്രികമായികൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിന്റെ ആവശ്യകതയെ പിന്തുണക്കുന്ന നടപടിയാണിത്. ഈ പദ്ധതികളുടെ പ്രഭാവം എത്രത്തോളമുണ്ടെന്ന് ദീര്‍ഘകാല അവലോകനത്തിലേ മനസിലാക്കാനാവൂ. എന്നാല്‍ മികച്ച വിദ്യാഭ്യാസ ഫലങ്ങളുടെ വ്യാഖ്യാനങ്ങളില്‍ കാലോചിതമായ ഒരു മാറ്റം ആവശ്യമാണ്. ആനുപാതികമായ നയം മാറ്റം ഈ സമയത്ത് സ്വീകാര്യമാണ്. ഭാവിയിലെ ഇന്ത്യ അത് ആവശ്യപ്പെടുന്നുണ്ട്.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റീറ്റീവ്‌നെസ് അധ്യക്ഷനാണ് ലേഖകന്‍. amit.kapoor@competitiveness.in എന്ന ഇ-മെയ്ല്‍ വിലാസത്തില്‍ അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്)

കരട് ദേശീയ വിദ്യാഭ്യാസ നയം 2019

 • 2025 ഓടെ പ്രീ-പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും എല്ലാവര്‍ക്കും അടിസ്ഥാന സംഖ്യാപരമായ അറിയും സാക്ഷരതയും ലഭ്യമാക്കാനും ലക്ഷ്യം
 • 3 മുതല്‍ 18 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 5+3+3+4 വിദ്യാഭ്യാസ ശൈലി. പ്രീ-പ്രൈമറി, 1,2 ക്ലാസുകള്‍ അടിസ്ഥാന ഘട്ടമായി പരിഗണിക്കും. 3,4,5 ക്ലാസുകള്‍ പ്രാഥമിക ഘട്ടം. 6,7,8 ക്ലാസുകളാണ് മിഡില്‍ അഥവാ അപ്പര്‍ പ്രൈമറി ഘട്ടം. 9 മുതല്‍ 12 ാം ക്ലാസ് വരെ സെക്കന്‍ഡറി ഘട്ടമായിരിക്കും. ഇത് അക്കാദമിക് പുനസംഘടന മാത്രമാവുമെന്നും സ്‌കൂളുകളിലെ ക്ലാസ് വിഭാഗങ്ങളുടെ പുനസംഘടന ഉണ്ടാവില്ലെന്നും നയം വ്യക്തമാക്കുന്നു.
 • 2030 ഓടെ സ്‌കൂളുകളില്‍ 100% വിദ്യാര്‍ത്ഥി പ്രവേശനം നടപ്പാക്കും.
 • കുട്ടികള്‍ ഭാഷകള്‍ നന്നായി ഗ്രഹിക്കുന്നത് 2 വയസ് മുതല്‍ 8 വയസുവരെയുള്ള പ്രായത്തില്‍. ബഹുഭാഷാ ഗ്രാഹ്യം ഏറെ പ്രയോജനകരം. ഇതിനെ പ്രോത്സാഹിപ്പിക്കാന്‍ ത്രിഭാഷാ സംവിധാനം കൊണ്ടുവരും.
 • ക്ലാസിക്കല്‍ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, പാലി, പേര്‍ഷ്യന്‍, പ്രാകൃത ഭാഷകള്‍ പഠിപ്പിക്കാന്‍ ശുപാര്‍ശ
 • സ്വതന്ത്ര സംവിധാനമായ സംസ്ഥാന സ്‌കൂള്‍ റെഗുലേറ്ററി അതോറിറ്റി (എസ്എസ്ആര്‍എ) രൂപീകരിക്കും
 • 800 സര്‍വകലാശാലകളെയും 40,000 കോളെജുകളെയും സംയോജിപ്പിച്ച് 15,000 വലിയ, ബഹുവിഷയ സ്ഥാപനങ്ങള്‍ രൂപീകരിക്കണം
 • മൂന്ന് തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാവണം രാജ്യത്തുണ്ടാവേണ്ടത്; ഗവേഷണ സര്‍വകലാശാലകള്‍, പാഠ്യ സര്‍വകലാശാലകള്‍, സ്വയംഭരണാവകാശമുള്ള ബിരുദ കോളെജുകള്‍.
 • ദേശീയ ഗവേഷണ ഫൗണ്ടഷന്‍ (എന്‍ആര്‍എഫ്) സ്ഥാപിക്കാന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം.
 • പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണര്‍, ഗവേഷകര്‍, കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാരുടെ പ്രതിനിധികള്‍, വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ എന്നിവര്‍ അംഗങ്ങള്‍
 • കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുനസംഘടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിക്കും
 • 10 വര്‍ഷത്തേക്ക് കേന്ദ്ര, സംസ്ഥാന ചെലവഴിക്കലിന്റെ 20% വിദ്യാഭ്യാസ മേഖലയ്ക്ക്

Categories: FK Special, Slider