സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഡിജിറ്റല്‍ കാമറ വിപണി

സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഡിജിറ്റല്‍ കാമറ വിപണി

സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ ഡിജിറ്റല്‍ കാമറ വിപണി അതിജീവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. 2018-ല്‍ ലോകമെമ്പാടും 400 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചപ്പോള്‍ വെറും 19 ദശലക്ഷം ഡിജിറ്റല്‍ കാമറയാണു വിറ്റഴിച്ചത്. പ്രമുഖ ഡിജിറ്റല്‍ കാമറ നിര്‍മാതാക്കളും ജാപ്പനീസ് കമ്പനികളുമായ നിക്കോണും, കാനനും, ഫ്യൂജി ഫിലിമും വിപണിയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സോണി മാത്രമാണ് വ്യത്യസ്തരായത്. അതുപക്ഷേ അവര്‍ ഡിജിറ്റല്‍ കാമറയുടെ വില്‍പ്പനയില്‍ വന്‍ നേട്ടം കൈവരിച്ചതു കൊണ്ടായിരുന്നില്ല. പകരം അവരുടെ ടെക്‌നോളജി സ്മാര്‍ട്ട്‌ഫോണ്‍, ഇമേജ് സെന്‍സേഴ്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ രംഗത്ത് ഉപയോഗിച്ചതു കൊണ്ടായിരുന്നു.

ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ കാമറ ഏതാണെന്ന് അറിയുമോ ? അത് ഫോട്ടോഗ്രാഫി ഫിലിം നിര്‍മിച്ചിരുന്ന കമ്പനിയായ ഫ്യൂജി ഫിലിം പുറത്തിറക്കിയ FUJIX DS-1P കാമറയാണ്. 1988-ല്‍ ജര്‍മനിയിലെ ഫോട്ടോകിന ട്രേഡ് ഫെയറില്‍ വച്ചായിരുന്നു ഫ്യൂജി ഫിലം കമ്പനി ഫ്യൂജിക്‌സ് ഡിഎസ്-1പി എന്ന ഡിജിറ്റല്‍ കാമറ അനൗണ്‍സ് ചെയ്തത്. സെമി കണ്ടക്ടര്‍ മെമ്മറി കാര്‍ഡിലേക്കു ഡാറ്റ സേവ് ചെയ്യുന്ന ആദ്യ കാമറ കൂടിയായിരുന്നു ഇത്. ഇങ്ങനെ സേവ് ചെയ്യുന്ന രീതി അക്കാലത്ത് വിപ്ലവകരമായ കണ്ടുപിടുത്തമായിരുന്നു. ഈ സെമി കണ്ടക്ടര്‍ മെമ്മറി കാര്‍ഡിന് അഞ്ച് മുതല്‍ 10 വരെ ഫോട്ടോഗ്രാഫുകള്‍ അടങ്ങുന്ന ഡാറ്റ സൂക്ഷിക്കാനുള്ള കഴിവുണ്ടായിരുന്നു. ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലുപ്പത്തിലുള്ളവയായിരുന്നു സെമി കണ്ടക്ടര്‍ മെമ്മറി കാര്‍ഡ്. 1988-ല്‍നിന്നും 2019 ലെത്തിയപ്പോള്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചു. പ്രത്യേകിച്ചു 2007-ല്‍ ആപ്പിള്‍ ഐ ഫോണ്‍ അവതരിപ്പിച്ചതിനു ശേഷം, ഇന്ന് ഉപയോക്താക്കള്‍ക്ക് ആയിരക്കണക്കിനു ചിത്രങ്ങള്‍ ഐ ഫോണില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നുണ്ട്. ഐ ഫോണ്‍ പുറത്തിറങ്ങിയ ആദ്യ വര്‍ഷം 100 ദശലക്ഷം ഡിജിറ്റല്‍ കാമറകള്‍ കയറ്റി അയച്ചിട്ടുണ്ട്. എന്നാല്‍ 2018 -ലെത്തിയപ്പോള്‍ ഡിജിറ്റല്‍ കാമറ വിപണി ഏകദേശം 80 ഇടിഞ്ഞ് വില്‍പ്പന 19 ദശലക്ഷമായി ചുരുങ്ങി. ഇന്നു ജപ്പാനിലെ എട്ട് ഡിജിറ്റല്‍ കാമറ നിര്‍മാതാക്കളില്‍, മാര്‍ച്ച് 31 വരെയുള്ള കണക്കെടുത്താല്‍ മികച്ച വാര്‍ഷിക വില്‍പ്പനയും ലാഭ വളര്‍ച്ചയും കൈവരിച്ചത് സോണി എന്ന ഒരേയൊരു കമ്പനി മാത്രമാണ്. അതു പക്ഷേ വിജയകരമായ കാമറ വില്‍പ്പന കൊണ്ടല്ല, പകരം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സോണി അവരുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ സ്വീകരിച്ച നടപടികളെത്തുടര്‍ന്നായിരുന്നു.
ഫോട്ടോഗ്രാഫിയുടെ ചരിത്രം ആരംഭിക്കുന്നത് പ്രഥമ ഛായാഗ്രഹണ സംവിധാനമായ ഡഗറോടൈപ്പില്‍ (daguerreotype) നിന്നാണ്. സില്‍വര്‍ ഹാലൈഡ് പൂശിയ ഒരു ചെമ്പ് തകിടിനെ ക്യാമറയില്‍ ഫിലിമിനു പകരം ഉപയോഗിച്ചു ചിത്രമെടുത്ത ശേഷം തകിടില്‍ അല്പസമയം മെര്‍ക്കുറി ബാഷ്പം പതിപ്പിക്കുന്നു. തുടര്‍ന്ന് ഉപ്പു ലായനി ഉപയോഗിച്ച് നെഗറ്റീവിലെ ചിത്രത്തെ ഫിക്‌സ് ചെയ്യുന്നതോടെ തകിടില്‍ വസ്തുവിന്റെ ഒരു സ്ഥിര പ്രതിബിംബം രൂപം കൊള്ളുന്നു. നിരവധി ഛായാചിത്രങ്ങള്‍ ഈ സംവിധാനത്തിലൂടെ തയ്യാറാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ ലൂയിജാക്വസ്മന്‍ഡെ ഡഗറെ (Louis-Jacques-Mand’e Daguerre)യും ജോസഫ് നൈസ്‌ഫോര്‍ നൈസ്പ്‌സും (Joseph- Nicephore Nicepce) ചേര്‍ന്ന് 1830-ുകളില്‍ രൂപപ്പെടുത്തിയ ഈ സംവിധാനത്തിന് ഡഗറെയുടെ ബഹുമാനാര്‍ഥം ഡഗറോടൈപ്പ് എന്ന പേരു നല്‍കപ്പെട്ടു. ഫോട്ടോഗ്രാഫിയുടെ ആദ്യകാലങ്ങളില്‍ അത് സമ്പന്നരുടെ മാത്രം വിനോദമായിരുന്നു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണിലൂടെ ലോകം സാക്ഷ്യം വഹിച്ചത് ചിത്രമെടുക്കലിന്റെ ജനാധിപത്യവല്‍കരണമായിരുന്നു (democratization). ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഏകദേശം അഞ്ച് ബില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മുതിര്‍ന്നവരുടെ കൈയിലുണ്ട്. നമ്മള്‍ക്ക് എവിടെനിന്നും ഫോട്ടോകള്‍ എടുക്കാമെന്ന സാഹചര്യവുമുണ്ട്. ഫോട്ടോയെടുക്കാന്‍ പ്രത്യേകിച്ച് സ്റ്റുഡിയോയോ അതുപോലെ സജ്ജീകരിച്ച ഇടമോ വേണമെന്നില്ല.

സുവര്‍ണകാലം

90-കള്‍ വീഡിയോ നിര്‍മാണത്തിന് ഒരു വലിയ ദശകമായിരുന്നു. 1995-ല്‍ ഡിവി സ്റ്റാന്‍ഡേര്‍ഡ് (Digital Video standard) അവതരിപ്പിച്ചു. ഇത് എല്ലാ പ്രമുഖ വീഡിയോ കാമറ നിര്‍മാതാക്കളും ഏറ്റെടുത്തു. അതാകട്ടെ, കണ്‍സ്യൂമര്‍, പ്രഫഷണല്‍ ഉപയോഗത്തിനുള്ള ഒരു ഏകീകൃത ഡിജിറ്റല്‍ വീഡിയോ ഫോര്‍മാറ്റ് രൂപം കൊള്ളാനും കാരണമായി. ഡിജിറ്റല്‍ വീഡിയോ എല്ലാം മാറ്റിമറിച്ചു. ഇതിന്റെ ഗുണനിലവാരം അനലോഗിനേക്കാള്‍ (analog) മികച്ചതായിരുന്നു. ഡിജിറ്റല്‍ വീഡിയോയില്‍ ഒരേ ടേപ്പുകളില്‍ യാതൊരുവിധ പ്രശ്‌നവുമില്ലാതെ ഒന്നിലധികം തവണ വീണ്ടും റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചു.

ക്യാംകോഡര്‍

വീഡിയോ, ഓഡിയോ എന്നിവ റെക്കോര്‍ഡ് ചെയ്യാനുപയോഗിക്കുന്ന ഒരു ഇലക്ട്രോണിക്‌സ് ഉപകരണമാണു ക്യാംകോഡര്‍ (Camcorder). ആദ്യകാല ക്യാം കോഡറുകളില്‍ അനലോഗ് വീഡിയോ റെക്കോര്‍ഡിങ്ങാണ് ഉണ്ടായിരുന്നത്. 1990 മുതല്‍ ഡിജിറ്റല്‍ റെക്കോര്‍ഡിങ്ങ് വന്നപ്പോഴും ഡാറ്റ സേവ് ചെയ്തിരുന്നത് വീഡിയോ ടേപ്പിലായിരുന്നു. 2000-മായപ്പോഴേക്കും വീഡിയോ ടേപ്പിന്റെ സ്ഥാനത്ത് ഒപ്റ്റിക്കല്‍ ഡിസ്‌ക്, ഹാര്‍ഡ് ഡ്രൈവ്, ഫ്‌ളാഷ് മെമ്മറി എന്നിവ ഉപയോഗിക്കാന്‍ തുടങ്ങി. ക്യാം കോഡറുകളുടെ ഉപയോഗവും ഇന്ന് അപൂര്‍വമായി മാറി. ഇപ്പോള്‍ പുതുതായി വിപണിയിലിറങ്ങുന്ന ഏറ്റവും മുന്തിയ ഇനം ഡിഎസ്എല്‍ആര്‍, മിറര്‍ലെസ് കാമറകള്‍ മുതല്‍ ഫോണുകള്‍ വരെയുള്ള എല്ലാ ഉപകരണങ്ങളിലും ക്യാംകോഡറിന്റെ പ്രവര്‍ത്തനം ലഭ്യമാണ്. അതു കൊണ്ട് തന്നെ മിക്ക ഉപയോക്താക്കള്‍ക്കും ഒരു പ്രത്യേക വീഡിയോ കാമറ സ്വന്തമാക്കേണ്ട ആവശ്യം വരുന്നില്ലെന്നതാണു യാഥാര്‍ഥ്യം. പ്രമുഖ ക്യാംകോഡര്‍ നിര്‍മാതാക്കളാണു പാനസോണിക്കും സോണിയും. ഇവര്‍ പക്ഷേ ഇപ്രാവിശ്യത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ പുതിയ ക്യാംകോഡര്‍ ലോഞ്ച് ചെയ്തില്ല.

Comments

comments

Categories: Top Stories