സൈബര്‍ സുരക്ഷ അതിപ്രധാനം

സൈബര്‍ സുരക്ഷ അതിപ്രധാനം

വിവരം ചോര്‍ത്തല്‍ വിവാദങ്ങള്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്കും തലവേദനയാണ്. സൈബര്‍ സുരക്ഷയിലെ പാളിച്ച കാരണം വലുപ്പവ്യത്യാസമില്ലാതെ കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ നയപരിപാടികളില്‍ അവര്‍ മാറ്റം വരുത്തണം

ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും സൈബര്‍ സുരക്ഷ വലിയ തലവേദന ആകുന്ന കാലമാണിത്. 2018 ജൂലൈ മാസത്തിനും 2019 ഏപ്രിലിനും ഇടയ്ക്ക് ഏകദേശം 35,636 വിവരം ചോര്‍ത്തല്‍ സംഭവങ്ങളാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഒരു പ്രമുഖ കമ്പനിയുടെ പഠനത്തില്‍ പറയുന്നു. ഓരോ സ്ഥാപനത്തിനും ഈ പ്രശ്‌നം കാരണം വരുന്ന ശരാശരി നഷ്ടം 12.8 കോടി രൂപയാണെന്ന് പഠനമനുസരിച്ച് വിലയിരുത്താവുന്നതാണ്. ചെറിയ സ്ഥാപനങ്ങളാണെങ്കിലും വലിയ സ്ഥാപനങ്ങളാണെങ്കിലും സൈബര്‍ ഭീഷണി വലിയ തോതില്‍ അഭിമുഖീകരിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ഒരു ധനകാര്യസേവന സ്ഥാപനത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്നാണ്. ഡാറ്റ മോഷണവും വിവരം ചോര്‍ത്തലുകളും സുരക്ഷയിലെ പാളിച്ചകളുമെല്ലാം സ്ഥിരം വാര്‍ത്തകളായി മാറുകയാണ്. സൈബര്‍ ഭീഷണിയെ എങ്ങനെ നേരിടണമെന്നതാണ് ഇന്ത്യന്‍ സ്ഥാപനങ്ങളിലെ പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി. അടുത്തിടെ സിസ്‌കോ പുറത്തുവിട്ട പഠനം അനുസരിച്ച് സൈബര്‍ ആക്രമണങ്ങളാണ് ഇന്ത്യയിലെ ഉന്നത മാനേജ്‌മെന്റ് പദവികളിലിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആശങ്കയേറിയ കാര്യം.

ഇന്ത്യയിലെ മിക്ക സ്ഥാപനങ്ങള്‍ക്കും സൈബര്‍ സുരക്ഷ എക്‌സിക്യുട്ടിവ് തലത്തില്‍ മാത്രമാണ് മുന്‍ഗണനയെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ മറ്റ് ജോലികളോടൊപ്പം സൈബര്‍ സുരക്ഷയും കൂടിയാകുമ്പോള്‍ അതീവസമ്മര്‍ദമാണ് ജീവനക്കാര്‍ക്ക് അനുഭവപ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പലപ്പോഴും സൈബര്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാന്‍ സാധിക്കുന്നില്ല എന്നതാണ് വലിയ പ്രശ്‌നമായി മാറുന്നത്.

മുന്‍ഗണനാ പ്രശ്‌നം, ബജറ്റ് പരിമിതികള്‍, വിദഗ്ധ ജീവനക്കാരുടെ അഭാവം, പുതിയ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ, സര്‍ട്ടിഫിക്കേഷന്‍ ആവശ്യകതള്‍ തുടങ്ങിയ നിരവധി ഘടകങ്ങളാണ് അത്യാധുനിക സൈബര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് കമ്പനികളെ പിന്നോട്ടടിപ്പിക്കുന്നത്.

സൈബര്‍ ആക്രമണങ്ങളെ ഫലപ്രദമായി നേരിടുന്നതിന് ആദ്യം ചെയ്യേണ്ടത് ആ വിഷയത്തോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം വരുത്തുകയാണ്. സൈബര്‍ സുരക്ഷയ്ക്കായി നീക്കിവെക്കുന്ന പണത്തിന്റെ അളവ് കാര്യമായി വര്‍ധിപ്പിക്കണം. മറ്റൊരു പ്രധാനപ്പെട്ട കാര്യം സൈബര്‍ സങ്കേതങ്ങളില്‍ ജീവനക്കാര്‍ക്ക് ഏറ്റവും അത്യാധുനിക പരിശീലനം നല്‍കുകയെന്നതാണ്. സൈബര്‍ സുരക്ഷയ്ക്കായുള്ള അടിസ്ഥാനസൗകര്യം മികവുറ്റതാക്കി ഈ പ്രശ്‌നത്തെ നേരിടാനാണ് ചെറുകിട കമ്പനികളായാലും വന്‍കിട കമ്പനികളായാലും ശ്രമിക്കേണ്ടത്.

കമ്പനികളുടെ പ്രതിച്ഛായ, തൊഴില്‍ സമയം, നിക്ഷേം തുടങ്ങിയ ഘടകങ്ങളെ നെഗറ്റീവായി ബാധിക്കുന്നതുള്‍പ്പടെ നിരവധി പ്രത്യാഘാതങ്ങളാണ് സൈബര്‍ ആക്രമണങ്ങളുടെ ഫലമായി ഉണ്ടാകുന്നത്. തങ്ങളുടെ ഉപഭോക്താക്കളെ ബാധിക്കാതെ സൈബര്‍ ഭീഷണികള്‍ നേരിടുന്നതിലാണ് കമ്പനിയുടെ മിടുക്ക്. ആ തലത്തിലേക്ക് ഉയരുന്ന സംവിധാനങ്ങളാകണം വിന്യസിക്കപ്പെടേണ്ടത്.

Categories: Editorial, Slider