പേയ്‌മെന്റ് സംവിധാനവുമായി വാട്‌സ് ആപ്പ്

പേയ്‌മെന്റ് സംവിധാനവുമായി വാട്‌സ് ആപ്പ്

ഇന്ത്യയില്‍ വാട്‌സ് ആപ്പ് ഇപ്പോള്‍ പ്രധാനമായും സന്ദേശങ്ങള്‍, ചിത്രം, ശബ്ദ സന്ദേശം എന്നിവ അയയ്ക്കാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഉടന്‍ തന്നെ പണമിടപാട് നടത്താനുള്ള പേയ്‌മെന്റ് സംവിധാനം കൂടി വാട്‌സ് ആപ്പ് യൂസര്‍ക്ക് ലഭ്യമാക്കാന്‍ പോവുകയാണ്. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും മുന്നോട്ടുവച്ച നിബന്ധനകള്‍ പാലിക്കാന്‍ വാട്‌സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. വാട്‌സ് ആപ്പ് പേയ്‌മെന്റ് സംവിധാനം ഇന്ത്യയില്‍ നടപ്പിലാകുന്നതോടെ രാജ്യത്ത് ഡിജിറ്റല്‍ വിപ്ലവത്തിന്റെ പുതിയൊരു തരംഗമായിരിക്കും സംഭവിക്കാന്‍ പോകുന്നത്.

ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ക്ക് ഇന്നു വന്‍ പ്രാധാന്യമാണുള്ളത്. ഇന്ത്യയില്‍ 2016 നവംബറില്‍ കറന്‍സി നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതോടെ ഓണ്‍ലൈന്‍ അഥവാ ഡിജിറ്റല്‍ പേയ്‌മെന്റിനെയാണു ഭൂരിഭാഗം പേര്‍ക്കും ഇടപാടുകള്‍ നടത്തുന്നതിനായി ആശ്രയിക്കേണ്ടി വന്നത്. ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളുമായി ഇപ്പോള്‍ നിരവധി കമ്പനികള്‍ രംഗത്തുണ്ട്. ഗൂഗിള്‍, ഫോണ്‍ പേ, പേ ടിഎം എന്നിവ അവയില്‍ ചിലതാണ്. ചൈനയിലാണ് ഏറ്റവുമധികം ഓണ്‍ലൈന്‍ പേയ്‌മെന്റ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അവിടെ ആലിബാബയുടെ ഉടമസ്ഥതയിലുള്ള ആലി പേ, ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള വീ ചാറ്റ് പേ എന്നിവ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ലഭ്യമാക്കുന്നവയാണ്. ആലി പേയ്ക്ക് 2018-ലെ കണക്ക്പ്രകാരം, ലോകമെമ്പാടുമായി 900 ദശലക്ഷം യൂസര്‍മാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്കു ഭാവിയിലുള്ള വമ്പിച്ച സാധ്യത കണക്കിലെടുത്ത് ഇപ്പോള്‍ കൂടുതല്‍ കമ്പനികള്‍ ഈ സേവനവുമായി രംഗത്തുവരാന്‍ പോവുകയാണ്. അവയിലൊരു പ്രമുഖ കമ്പനിയാണു ഫേസ്ബുക്ക്. അവര്‍ ഇന്ത്യയില്‍ വാട്‌സ് ആപ്പിലൂടെയാണു പേയ്‌മെന്റ് സര്‍വീസ് ലഭ്യമാക്കാനൊരുങ്ങുന്നത്. ഫേസ്ബുക്ക് പേ എന്ന പേരിലും ഫേസ്ബുക്ക് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനത്തിനു തുടക്കമിട്ടിട്ടുണ്ട്. അതു പക്ഷേ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഭാവിയില്‍ വാട്‌സ് ആപ്പ് പേ, ഫേസ്ബുക്കിന്റെ ലിബ്ര ക്രിപ്‌റ്റോ കറന്‍സി എന്നിവയെ ഫേസ്ബുക്ക് പേയുമായി സംയോജിപ്പിക്കാനും സാധ്യതയുണ്ടെന്നാണു പറയപ്പെടുന്നത്.

ഇന്ത്യയില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത് ഏകദേശം 450 ദശലക്ഷം (45 കോടി) പേരാണ്. 2014-ല്‍ വാട്‌സ് ആപ്പ് ഫേസ്ബുക്ക് ഏറ്റെടുത്തതിനു ശേഷം ഇതുവരെ വാട്‌സ് ആപ്പിലൂടെ വരുമാനം കണ്ടെത്താന്‍ ഫേസ്ബുക്കിനു സാധിച്ചിട്ടില്ല. കുറച്ചു വര്‍ഷങ്ങളായി വരുമാനം കണ്ടെത്താനുള്ള ശ്രമമാണു ഫേസ്ബുക്ക് നടത്തിവരുന്നത്. വാട്‌സ് ആപ്പ് പേ എന്ന ഫീച്ചറിലാണ് ഒടുവില്‍ വരുമാനമാര്‍ഗം കണ്ടെത്തിയതും. യൂസര്‍ക്ക് എളുപ്പം തോന്നുന്ന രീതിയിലാണ് വാട്‌സ് ആപ്പ് പേ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഒരു വര്‍ഷമായി ഫേസ്ബുക്ക് ഇതിന്റെ ബീറ്റാ പതിപ്പിന്റെ പരീക്ഷണവും നടത്തിവരുന്നുണ്ട്. ഇന്ത്യയില്‍ വാട്‌സ് ആപ്പ് പേ സേവനം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും ഉള്‍പ്പെടെയുള്ള അനുമതി നേടേണ്ടതുണ്ട്. അനുമതി ലഭിക്കണമെങ്കില്‍ വാട്‌സ് ആപ്പിനു ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അതായത്, ഒരു പ്രത്യേക പ്രദേശത്തോ, സ്ഥലത്തോ ഡാറ്റ പ്രോസസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട (data localisation law) നിയമം വാട്‌സ് ആപ്പ് പാലിക്കണം. ഇതുപ്രകാരം, വാട്‌സ് ആപ്പ് ഇന്ത്യയില്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ ഫിനാന്‍ഷ്യല്‍ ഡാറ്റ ഇന്ത്യയില്‍ തന്നെ സ്റ്റോര്‍ ചെയ്യണമെന്നാണ്. ഈ നിബന്ധന ആദ്യം ഫേസ്ബുക്ക് അംഗീകരിച്ചിരുന്നില്ല. അതുപോലെ വിദേശ സെര്‍വറുകളില്‍നിന്നുള്ള എല്ലാ ഡാറ്റയും 24 മണിക്കൂറിനകം നീക്കം ചെയ്യണം അഥവാ ഡിലീറ്റ് ചെയ്യണമെന്നും ഇന്ത്യ നിബന്ധന വച്ചിരുന്നു. വാട്‌സ് ആപ്പ് പേയ്‌മെന്റ് 100 ശതമാനം യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) അടിസ്ഥാനമാക്കിയുള്ളതിനാല്‍, ഇന്ത്യയുടെ ഡാറ്റയുടെ പൂര്‍ണ സുരക്ഷ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിലൊരു നിബന്ധന മുന്നോട്ടുവച്ചതും. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ വാട്‌സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് അംഗീകരിച്ചെന്നാണ്.

യുപിഐ

തല്‍ക്ഷണ പെയ്‌മെന്റ് സംവിധാനമാണു യുപിഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം മൊബൈല്‍ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ പണം കൈമാറ്റം ചെയ്യുവാന്‍ ഉപകരിക്കുന്നു. ഒരു ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായതിനാല്‍ ഇരുപത്തിനാല് മണിക്കൂറും പൊതു അവധി ദിനങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. പരമ്പരാഗത മൊബൈല്‍ വാലറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു മറ്റൊരു ബാങ്ക് അക്കൗണ്ടില്‍ ഉടനടി നിക്ഷേപിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്. പണം ലഭിക്കേണ്ട ആളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവയൊന്നും ചേര്‍ക്കാതെ തന്നെ പണം കൈമാറാം എന്നതും മൊബെലിലൂടെ ഏതു സമയത്തും എവിടെയിരുന്നും സുരക്ഷിതമായി പണമിടപാടുകള്‍ നടത്താം എന്നതുമാണു യുപിഐ സംവിധാനത്തിന്റെ പ്രധാന മേന്‍മ. സാധാരണയായി ഇന്റര്‍നെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോള്‍ പണം കൈമാറുന്ന ആളുടെ വിവരങ്ങള്‍ നേരത്തെ തന്നെ സ്ഥിരീകരിക്കേണ്ടതുണ്ട്. എന്നാല്‍, യുപിഐ ആപ്പ് വഴി പണം കൈമാറുമ്പോള്‍ ഇപ്രകാരം ചെയ്യേണ്ടി വരുന്നില്ല.

ബീറ്റ പതിപ്പ്

വാട്‌സ് ആപ്പ് പേയ്‌മെന്റിന്റെ ബീറ്റ പതിപ്പ് (ഏതെങ്കിലും സോഫ്റ്റ് വെയര്‍ വിപണിയിലിറക്കുന്നതിനുമുമ്പ് ആളുകളുടെ അഭിപ്രായം അറിയുന്നതിനായി വളരെ കുറച്ച് ആളുകള്‍ക്ക് മാത്രം നല്‍കുന്ന കോപ്പി) ഇന്ത്യയില്‍ ഒരു വര്‍ഷം മുമ്പ് പുറത്തിറക്കിയിട്ടുണ്ട് ഇത് ഒരു മില്യന്‍ പേര്‍ ഉപയോഗിക്കുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്‍ബിഐ നിയോഗിച്ച മൂന്നാംകക്ഷി (third party) സ്ഥാപനം വാട്‌സ് ആപ്പിന്റെ ഡാറ്റ ലോക്കലൈസേഷന്‍ നിയമം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) എല്ലാ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെയും നോഡല്‍ അതോറിറ്റി. എന്‍പിസിഐയുടെ കണക്ക്പ്രകാരം, 100 ദശലക്ഷം അഥവാ പത്ത് കോടി ഇന്ത്യക്കാര്‍ ഇപ്പോള്‍ ഡിജിറ്റല്‍ പേയ്‌മെന്റ് എന്ന ആശയം സ്വീകരിച്ചു കഴിഞ്ഞെന്നാണ്. ഈ പത്ത് കോടി ഇന്ത്യക്കാര്‍ പതിവായി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നുമുണ്ട്. മാത്രമല്ല, ഇടപാടുകള്‍ പണരഹിതമായി അഥവാ ക്യാഷ്‌ലെസായി മാറണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. എന്നാല്‍ ഡിജിറ്റല്‍ പേയ്മന്റ് സംവിധാനം ജനകീയമാകണമെങ്കില്‍ ഇന്ത്യയില്‍ ചുരുങ്ങിയത് 30 കോടി ജനങ്ങളെങ്കിലും ഡിജിറ്റല്‍ പേയ്‌മെന്റ് ഉപയോഗിക്കുന്നവരായിരിക്കണമെന്നു എന്‍പിസിഐ പറയുന്നു.

Comments

comments

Categories: Top Stories

Related Articles