ബഹിരാകാശ സ്ഥാപനങ്ങളില്‍ 100% വിദേശ ഉടമസ്ഥത നല്‍കി യുഎഇ

ബഹിരാകാശ സ്ഥാപനങ്ങളില്‍ 100% വിദേശ ഉടമസ്ഥത നല്‍കി യുഎഇ
  •  ബഹിരാകാശ വികസനം ലക്ഷ്യമിട്ട് വിവിധ കരാറുകള്‍ ഒപ്പുവെച്ചു
  • ബഹിരാകാശ മൈനിംഗ്, ടൂറിസം മേഖലകളില്‍ പുതിയ നയങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കി

അബുദാബി: രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം വിദേശ ഉടമസ്ഥത നല്‍കാന്‍ യുഎഇ തീരുമാനിച്ചു. ഇതിനായി ബഹിരാകാശ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക രഹിത മേഖലകളും അടിസ്ഥാന സൗകര്യങ്ങളും യുഎഇ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ദേശീയ ബഹിരാകാശ സ്ട്രാറ്റജി 2030 ന്റെയും ബഹിരാകാശ നിക്ഷേപ പദ്ധതികളുടേയും ഭാഗമായാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പുതിയ നയത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഇത് പ്രാബല്യത്തിലാകുകയും ചെയ്തു.

പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ ബഹിരാകാശ സ്ഥാപനങ്ങളായ വിര്‍ജിന്‍ ഗാലക്ടിക്, സ്‌പേസ്എക്‌സ്, ബ്ലൂ ഒറിജിന്‍ തുടങ്ങിയവര്‍ക്ക് രാജ്യത്ത് നിയമാനുസൃതമായി പ്രവര്‍ത്തിക്കാനും അടിസ്ഥാന സൗകര്യവികനസങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയും. ഈ സ്ഥാപനങ്ങള്‍ പ്രധാനമായും വാണിജ്യാടിസ്ഥാനത്തിലുള്ള മാനുഷിക ബഹിരാകാശ വിമാനങ്ങള്‍, പ്രത്യേകിച്ചും ബഹിരാകാശ ടൂറിസം വിമാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാറ്റലൈറ്റ് വികസനം, സാറ്റലൈറ്റ് ലോഞ്ചിംഗ് എന്നീ വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ക്കും പുതിയ നയം ഏറെ പ്രയോജനകരമാകും. പുതിയ യുഎഇ കമ്പനി ഉടമസ്ഥ നിയമം അനുസരിച്ച് ബഹിരാകാശ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക പങ്കാളികള്‍ ഇല്ലാതെ തന്നെ നൂറു ശതമാനം വിദേശ ഉടമസ്ഥത ഉറപ്പു വരുത്തുന്നുണ്ട്.

നിലവില്‍ വിര്‍ജിന്‍ ഗാലക്ട്കില്‍ മബുദലയ്ക്ക് 33 ശതമാനം ഓഹരികളുണ്ടെന്ന് യുഎഇ ബഹിരാകാശ ഏജന്‍സിയിലെ സ്‌പേസ് പോളിസി, റെഗുലേഷന്‍സ് വിഭാഗം ഡയറക്റ്റര്‍ നാസര്‍ അല്‍ റഷീദി പറഞ്ഞു. വിര്‍ജിന്‍ ഗാലക്ടില്‍ നിന്നുള്ള വിമാനങ്ങളുടെ പരീക്ഷണ പറക്കല്‍ യുഎസില്‍ നടന്നതായും പരീക്ഷണം വിജയകരമായതോടെ അവയെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ എയ്ന്‍ എയര്‍ പോര്‍ട്ടില്‍ അബുദാബി എയര്‍പോര്‍ട്ടും വിര്‍ജിന്‍ ഗാലക്ടികും ചേര്‍ന്ന് ഒരു ബഹിരാകാശ തുറമുഖം തുറക്കുന്നതിനായി യുഎഇ ബഹിരാകാശ ഏജന്‍സി മുമ്പ് കരാര്‍ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ബഹിരാകാശ സംബന്ധ വിഷയങ്ങളില്‍ ദുബായ് സൗത്തുമായും ബഹിരാകാശ ഏജന്‍സി കരാര്‍ ഒപ്പുവെക്കുകയുണ്ടായി.

രാജ്യത്ത് ബഹിരാകാശ, എയ്‌റോസ്‌പേസ് മേഖലയില്‍ ദുബായ് സൗത്ത് നിക്ഷേപം ഇറക്കുന്നുണ്ടെന്ന് യുഎഇ ബഹിരാകാശ ഏജന്‍സി ഡയറക്റ്റര്‍ ജനറല്‍ ഡോ. മൊഹമ്മദ് അലാഹ്ബാബി പറഞ്ഞു. ബഹിരാകാശ മേഖലയില്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇരുവരും ഒരുമിച്ച് നിന്നു പ്രവര്‍ത്തിക്കുമെന്നും അതിനായി ചെയ്യേണ്ട നടപടിക്രമങ്ങളുടെ ചര്‍ച്ച പുരോഗമിക്കുകയാണെന്നും മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിന് സഹായകമാകുന്ന കാര്യങ്ങള്‍ കാലതാമസം കൂടാതെ നടപ്പാക്കാനും അതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനുമാണ് നിര്‍ദേശമെന്നും മൊഹമ്മദ് അലാഹ്ബാബി വ്യക്തമാക്കി.

നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബഹിരാകാശ മൈനിംഗ്, ബഹിരാകാശ ടൂറിസം മേഖലകളില്‍ പുതിയ നയങ്ങളും നിയന്ത്രണങ്ങളും രാജ്യം നടപ്പാലാക്കിയിട്ടുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആറ് സുപ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകോത്തര ബഹിരാകാശ സേവനങ്ങള്‍, സ്‌പേസ് സയന്‍സില്‍ പ്രാദേശിക ശേഷി വിപുലീകരണം, ബഹിരാകാശ സാങ്കേതികവിദ്യയില്‍ ഗവേഷണ, വികസന, നിര്‍മാണ സൗകര്യം, സ്‌പേസ് മിഷന്‍ ലോഞ്ചിംഗ്, ബഹിരാകാശ മേഖലയില്‍ ഉന്നത തല വിദഗ്ധ സംഘത്തെ വാര്‍ത്തെടുക്കല്‍ ,ബഹിരാകാശ വ്യവസായത്തില്‍ പ്രാദേശിക, ആഗോള പങ്കാളിത്തവും നിക്ഷേപവും പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍. അടുത്ത പത്ത് വര്‍ഷത്തേക്കും അതിനുശേഷവും മേഖലയില്‍ സുസ്ഥിര വികസനം ഊട്ടിയുറപ്പിക്കാനാണ് യുഎഇ ഇതുവഴി പദ്ധതിയിട്ടിരിക്കുന്നത്.

Comments

comments

Categories: Arabia
Tags: Space, UAE Space