ഇ-കൊമേഴ്‌സ് വിപണിയിലേക്ക് കടന്ന് എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ

ഇ-കൊമേഴ്‌സ് വിപണിയിലേക്ക് കടന്ന് എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ

മൂന്നു മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ വിതരണം

അബുദാബി: എമിറേറ്റ്‌സിന്റെ ചരക്കുഗതാഗത വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ ഇ-കൊമേഴ്‌സ് വിപണിയിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി എമിറേറ്റ് ഡെലിവേഴ്‌സ് എന്ന പേരില്‍ പുതിയ ഇ-കൊമേഴ്‌സ് വിതരണ കമ്പനിക്ക് സ്‌കൈകാര്‍ഗോ രൂപം നല്‍കി. ലോകത്ത് ഇതാദ്യമായാണ് ഒരു അന്തര്‍ദേശീയ വിമാന കമ്പനി ഇ-കൊമേഴ്‌സ് വിതരണ പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നത്.

പുതിയ പ്ലാറ്റ്‌ഫോമിലൂടെ യുഎസ് പങ്കാളിത്തത്തിലുള്ള ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാം. നിലവില്‍ വ്യക്തികള്‍ക്കും യുഎഇയിലെ ചെറുകിട കച്ചവടക്കാര്‍ക്കിടയിലും മാത്രമാണ് പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം ലഭ്യമാകുക. ദുബായിയെ ഇ-കൊമേഴ്‌സിന്റെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള ദുബായ് വിഷന്റെ ഭാഗമായാണ് പുതിയ വിതരണ പ്ലാറ്റ്‌ഫോം പുറത്തിറക്കിയതെന്ന് എമിറേറ്റ്‌സ് അറിയിച്ചു.

എമിറേറ്റ്‌സ് ഡെലിവേഴ്‌സ്, വേഗത്തിലുള്ളതും വിശ്വാസയോഗ്യവും ചെലവ് കുറഞ്ഞതുമായ വിതരണ പ്ലാറ്റ്‌ഫോമാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ചെറിയ തോതിലുള്ള ബിസിനസ് ആവശ്യങ്ങള്‍ക്കുമായി നിരന്തരം ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്കാണ് എമിറേറ്റ്‌സ് ഡെലിവേഴ്‌സ് സഹായം നല്‍കുക. പുതിയ വിതരണ പ്ലാറ്റ്‌ഫോമിലൂടെ യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സ്‌റ്റോറില്‍ നിന്നും യുഎഇകള്‍ക്ക് ഷോപ്പിംഗ് നടത്താനാകുമെന്ന് ചരക്ക് വിഭാഗം എമിറേറ്റ്‌സ് ഡിവിഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നബീല്‍ സുല്‍ത്താന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്ത് ഇ-കോമേഴ്‌സ് വിപണി 150 ശതമാനത്തോളം വളര്‍ച്ച നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദുബായില്‍ മികച്ച ഇ-കൊമേഴ്‌സ് അടിത്തറ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കള്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ വഴിയാകും ദുബായിലേക്ക് എത്തുക. തുടര്‍ന്ന് മുന്നു മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചതിനോട് അനുബന്ധിച്ച് നവംബര്‍ 30 വരെ ഷിപ്പിംഗ് നിരക്കില്‍ 15 ശതമാനത്തോളം ഇളവും എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ യുഎസില്‍ 13 ഇടങ്ങളിലാണ് എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോയുടെ പ്രവര്‍ത്തനം.

Comments

comments

Categories: Arabia