ഇലക്ട്രിക് സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തി

ഇലക്ട്രിക് സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തി

2020 ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കും. വില അന്ന് പ്രഖ്യാപിക്കും

പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം ബജാജ് ചേതക് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നു. എന്നാല്‍ ഇത്തവണ ഇലക്ട്രിക് സ്‌കൂട്ടറായാണ് രംഗപ്രവേശം. ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ അനാവരണം ചെയ്തു. ബജാജ് ഓട്ടോയുടെ അര്‍ബനൈറ്റ് എന്ന ഉപ ബ്രാന്‍ഡിലാണ് പുതിയ ചേതക് വിപണിയിലെത്തിക്കുന്നത്. അര്‍ബനൈറ്റ് ബ്രാന്‍ഡിനും ഇതോടെ ശുഭാരംഭം കുറിച്ചു. 2020 ജനുവരിയില്‍ പുണെയില്‍ നടക്കുന്ന ചടങ്ങില്‍ ഇലക്ട്രിക് ചേതക് വിപണിയില്‍ അവതരിപ്പിക്കും. വില അന്ന് പ്രഖ്യാപിക്കുമെന്ന് ബജാജ് ഓട്ടോ അറിയിച്ചു. ഐവറി, ഗോള്‍ഡ് ഉള്‍പ്പെടെ ആറ് നിറങ്ങളില്‍ ഇലക്ട്രിക് ചേതക് ലഭിക്കും. മേവാര്‍ ചക്രവര്‍ത്തിയായിരുന്ന മഹാറാണാ പ്രതാപ് സിംഗിന്റെ കുതിരയുടെ പേരാണ് ചേതക്.

അര്‍ബനൈറ്റ് ബ്രാന്‍ഡില്‍നിന്നുള്ള ആദ്യ ഉല്‍പ്പന്നമാണ് ഇലക്ട്രിക് ചേതക്. സെപ്റ്റംബര്‍ 25 നാണ് പ്രീമിയം സ്‌കൂട്ടര്‍ നിര്‍മിച്ചുതുടങ്ങിയത്. ആകര്‍ഷകമായ രീതിയില്‍ വില നിശ്ചയിക്കുമെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജ് പറഞ്ഞു. ഒന്നര ലക്ഷം രൂപ വില വരില്ലെന്ന് അദ്ദേഹം സൂചന നല്‍കി. പുണെയ്ക്കുശേഷം ബെംഗളൂരുവില്‍ സ്‌കൂട്ടര്‍ അവതരിപ്പിക്കും. തുടര്‍ന്ന് മറ്റ് നഗരങ്ങളില്‍. നിലവിലെ വില്‍പ്പന ശൃംഖലയിലൂടെ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം 2 പദ്ധതി പ്രകാരമുള്ള സബ്‌സിഡി സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ ലഭിക്കും.

ഇലക്ട്രിക് മോട്ടോര്‍, ബാറ്ററി എന്നിവ സംബന്ധിച്ച സ്‌പെസിഫിക്കേഷനുകള്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ ഐപി 67 മാനദണ്ഡങ്ങള്‍ അനുസരിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കും. വീടുകളിലെ 5 ആംപിയര്‍ സോക്കറ്റില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം, നാമമാത്ര തുക സ്വീകരിച്ച് ഹോം ചാര്‍ജിംഗ് സ്‌റ്റേഷന്‍ വില്‍ക്കുമെന്നും ബജാജ് ഓട്ടോ അറിയിച്ചു. അതിവേഗ ചാര്‍ജിംഗ്, ചാര്‍ജിംഗ് സമയം എന്നിവ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഇല്ല. ഇക്കോ മോഡില്‍ 95 കിലോമീറ്ററും സ്‌പോര്‍ട്ട് മോഡില്‍ 85 കിലോമീറ്ററും റേഞ്ച് ലഭിക്കുമെന്ന് ബജാജ് ഓട്ടോ അവകാശപ്പെടുന്നു.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്വിംഗ്ആമിലാണ് മോട്ടോര്‍ സ്ഥാപിച്ചിരിക്കുന്നത്. ‘ഉയര്‍ന്ന ക്ഷമതയുള്ള ഓട്ടോമേറ്റഡ് ഗിയര്‍ബോക്‌സ്’ വഴി പിന്‍ ചക്രത്തിലേക്ക് കരുത്ത് എത്തിക്കും. മുന്നില്‍ കോയില്‍-ഓവര്‍ സജ്ജീകരണത്തോടെ സിംഗിള്‍-സൈഡ് ട്രെയ്‌ലിംഗ് ആം സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്കും നല്‍കിയിരിക്കുന്നു. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്ക് കാണാം. 12 ഇഞ്ച് വ്യാസമുള്ള മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്. റീജനറേറ്റീവ് ബ്രേക്കിംഗ് സവിശേഷതയാണ്. റിവേഴ്‌സ് അസിസ്റ്റ് ഫീച്ചര്‍ ഉണ്ടായിരിക്കും.

ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് സ്ലീക്ക്, റെട്രോ സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. എല്ലായിടത്തും എല്‍ഇഡി ലൈറ്റിംഗ്, ഹെഡ്‌ലൈറ്റിനുചുറ്റും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് എന്നിവ കാണാം. പുതിയ ഔഡി കാറുകളിലേതുപോലെ പ്രകാശം നീങ്ങിനീങ്ങിപോകുന്നതാണ് ഇന്‍ഡിക്കേറ്ററുകള്‍. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണമായും ഡിജിറ്റലാണ്. നിരവധി കണക്റ്റഡ് ഫീച്ചറുകള്‍ നല്‍കും. ഇക്കോ, സ്‌പോര്‍ട്ട് എന്നിവയാണ് രണ്ട് റൈഡിംഗ് മോഡുകള്‍. ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനായി പ്രത്യേക മൊബീല്‍ ആപ്പ് ലഭ്യമായിരിക്കും. ഗ്ലൗവ് ബോക്‌സ് സവിശേഷതയാണ്. ഫൈബര്‍, പ്ലാസ്റ്റിക് എന്നിവയ്ക്കുപകരം ലോഹം ഉപയോഗിച്ചുള്ള ബോഡി പാനലുകള്‍ നല്‍കി.

ഇതേസമയം, ന്യൂഡെല്‍ഹിയില്‍ ‘ചേതക് ഇലക്ട്രിക് യാത്ര’ സംഘടിപ്പിച്ചു. ഇരുപത് ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉത്തരേന്ത്യയിലും പശ്ചിമേന്ത്യയിലുമായി 3000 കിലോമീറ്ററോളം സഞ്ചരിച്ച് പുണെയില്‍ യാത്ര അവസാനിപ്പിക്കും. ഇലക്ട്രിക് സ്‌കൂട്ടര്‍ അനാവരണ ചടങ്ങില്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Categories: Auto