sale war: ഓണ്‍ലൈന്‍ vs ഓഫ്‌ലൈന്‍

sale war: ഓണ്‍ലൈന്‍ vs ഓഫ്‌ലൈന്‍

ഈ ഉത്സവകാലത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും, ഗൃഹോപകരണ സാധനങ്ങള്‍ക്കും, അപ്പാരലുകള്‍ക്കും വിലക്കിഴിവ് ലഭിക്കുന്നത് ഓണ്‍ലൈനില്‍ മാത്രമായിരിക്കില്ല. പകരം ഓഫ്‌ലൈനിലും ലഭിക്കും. ഓണ്‍ലൈനില്‍ മാത്രം ശ്രദ്ധയൂന്നിയിരുന്ന പ്രമുഖ ബ്രാന്‍ഡുകളായ വണ്‍പ്ലസ്, റിയല്‍മീ, ടിസിഎല്‍ എന്നിവര്‍ ഓണ്‍ലൈനില്‍ നല്‍കുന്ന അത്രയും വിലക്കിഴിവ് ഇക്കുറി ഓഫ്‌ലൈനിലും നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ്. അപ്പാരല്‍സ് രംഗത്തെ പ്രമുഖരായ ലൈഫ്‌സ്റ്റൈലും, ഫ്യൂച്ചര്‍ ഗ്രൂപ്പും സമാനമായ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ചാനലില്‍ മാത്രം അഥവാ ഓണ്‍ലൈനില്‍ മാത്രം വലിയ തോതിലുള്ള വിലക്കിഴിവ് നല്‍കുന്നത് മൊത്തത്തിലുള്ള വില്‍പ്പനയെ ബാധിക്കുമെന്ന് ബ്രാന്‍ഡുകള്‍ മനസിലാക്കിയതു കൊണ്ടാണ് ഇപ്രാവിശ്യം ഓണ്‍ലൈനിനോടൊപ്പം ഓഫ്‌ലൈനിലും വിലക്കിഴിവ് നല്‍കാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ജനസംഖ്യയിലെ ഒരു ഭൂരിഭാഗം വരുന്ന വിഭാഗങ്ങളും ഓണ്‍ലൈനിലേക്കു ചുവടുവച്ച വര്‍ഷമായിരുന്നു 2017. അതിന് പ്രധാന പങ്കുവഹിച്ചതാകട്ടെ, 2016 നവംബര്‍ മാസം ഡീമോണിട്ടൈസേഷന്‍ (demonetisation) അഥവാ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതായിരുന്നു. 500, 1000 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ നോട്ടുകള്‍ക്കു ക്ഷാമം അനുഭവപ്പെടുകയും ഇടപാടുകള്‍ക്കായി ആളുകള്‍ ഓണ്‍ലൈനിനെ ആശ്രയിക്കുകയും ചെയ്തു. അത്രയും കാലം ഇന്ത്യയിലെ നഗരങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചു. വെള്ളവും വെളിച്ചവുമെത്താത്ത ഗ്രാമങ്ങളില്‍ പോലും വിവിധ തരത്തിലും തലത്തിലുമുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കിയോസ്‌കുകള്‍ വന്നു. അതോടെ നഗരമെന്നോ, ഗ്രാമമെന്നോ വ്യത്യാസമില്ലാതെ പേയ്‌മെന്റും, പര്‍ച്ചേസുമൊക്കെ ഡിജിറ്റലിലേക്കു മാറി. ക്യു ആര്‍ കോഡ്, സ്‌കാന്‍, ഒടിപി തുടങ്ങിയ പദങ്ങളൊക്കെ ഗ്രാമവാസികളിലും സുപരിചിതമായി.

ഡീമോണിട്ടൈസേഷന്‍ സൃഷ്ടിച്ച കറന്‍സി നോട്ട് ക്ഷാമം 2017 പകുതിയായപ്പോഴേക്കും ഏറെക്കുറെ മാറി തുടങ്ങി. അത്രയും കാലം എടിഎമ്മുകള്‍ക്കു മുന്‍പില്‍ കാണപ്പെട്ടിരുന്ന നീണ്ട ക്യു മെല്ലെ ഇല്ലാതാവുകയും ചെയ്തു. ക്രമേണ വിപണിയില്‍ പുതിയ കറന്‍സി നോട്ടുകളുടെ ലഭ്യത ഉണ്ടാവുകയും ചെയ്തു. ഇടപാടുകള്‍ വീണ്ടും കറന്‍സി നോട്ടുകള്‍ അടിസ്ഥാനമാക്കി നടക്കാനും തുടങ്ങി. എങ്കിലും ഭൂരിഭാഗം ആളുകളും ഡിജിറ്റല്‍ പേയ്‌മെന്റ്/പര്‍ച്ചേസ് സംവിധാനത്തെ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ചില്ലറ വ്യാപാരശാലയിലോ, സൂപ്പര്‍മാര്‍ക്കറ്റിലോ പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോഴും, ഇലക്ട്രോണിക്‌സ് കടകളിലെത്തി സ്മാര്‍ട്ട്‌ഫോണും, ടിവിയും മറ്റ് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുമ്പോഴും പണം നല്‍കുന്നത് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെ ആയി. അത്രയും നാള്‍ പേയ്‌മെന്റിനായി കറന്‍സി നോട്ടുകള്‍ നല്‍കിയിരുന്ന രീതി മാറി. ഡിജിറ്റല്‍ പേയ്‌മെന്റിനെ ഭൂരിഭാഗം പേരും ഉപയോഗിക്കാന്‍ തുടങ്ങി. ഈയൊരു വലിയ മാറ്റം രണ്ട് ഓണ്‍ലൈന്‍ ചില്ലറ വ്യാപാര ഭീമന്മാര്‍ തമ്മിലുള്ള മത്സരത്തെ തീവ്ര തലത്തിലേക്ക് എത്തിച്ചു. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ 2017 വര്‍ഷം ഓണ്‍ലൈനിന്റേതായിരുന്നു. പേയ്‌മെന്റ് ഭൂരിഭാഗവും നടക്കുന്നത് ഓണ്‍ലൈനിലൂടെയാണെന്നു ബോധ്യപ്പെട്ട ഇ-കൊമേഴ്‌സ് ഭീമന്മാര്‍ അവരുടെ വ്യാപാരത്തെ പരിപോഷിപ്പിക്കാന്‍ ബിഗ് സെയില്‍, ഫെസ്റ്റിവല്‍ സെയില്‍ തുടങ്ങിയ പേരുകളില്‍ ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് മേള വലിയ തോതില്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. ഇന്ത്യയില്‍ 2017-ല്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം 90 ദശലക്ഷം പിന്നിട്ടു. 2013-നെ അപേക്ഷിച്ച് എട്ട് മടങ്ങിന്റെ വര്‍ധനയാണിത്. 2013-ലായിരുന്നു ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വേരുറപ്പിക്കാന്‍ തുടങ്ങിയത്.

ഓണ്‍ലൈനും ഓഫ്‌ലൈനും

ഓണ്‍ലൈനില്‍ വന്‍കിട ഓഫറുകള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ പല കടകളിലും ആളുകള്‍ പര്‍ച്ചേസിംഗിനു വരാതെയായി. ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ഈ പ്രതിഭാസം കാണപ്പെട്ടു. പാശ്ചാത്യരാജ്യങ്ങളില്‍ ബ്രിക് ആന്‍ഡ് മോര്‍ട്ടര്‍ എന്നൊരു സംവിധാനമുണ്ട്. ഒരു സ്ഥാപനത്തിന്റെ സാന്നിധ്യം അറിയിക്കാന്‍ ഏതെങ്കിലുമൊരു പ്രമുഖ നഗരത്തിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറ വ്യാപാര ശാല അഥവാ ഷോറൂമിനെയാണ് ബ്രിക് ആന്‍ഡ് മോര്‍ട്ടര്‍ എന്നു വിശേഷിപ്പിക്കുന്നത്. സ്ഥാപനത്തിന്റെ ഉല്‍പാദനത്തിനു വേണ്ടിയോ, വെയര്‍ഹൗസായോ ചില ഘട്ടത്തില്‍ ബ്രിക് ആന്‍ഡ് മോര്‍ട്ടറിനെ ഉപയോഗിക്കാറുമുണ്ട്. ഇത്തരത്തില്‍ പല സ്ഥാപനങ്ങളും ബ്രിക് ആന്‍ഡ് മോര്‍ട്ടറിനായി വലിയ വാടക നല്‍കാറുണ്ട്. ഓണ്‍ലൈന്‍ കച്ചവടം പൊടിപൊടിക്കാന്‍ തുടങ്ങിയതോടെ ബ്രിക് ആന്‍ഡ് മോര്‍ട്ടര്‍ അടച്ചുപൂട്ടേണ്ടി വന്നു. ഓണ്‍ലൈനില്‍ വന്‍ ഓഫര്‍ നല്‍കുന്ന കാര്യം ബോധ്യപ്പെട്ടതോടെ, പ്രമുഖ ബ്രാന്‍ഡുകള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫ്‌ലൈനിലും ഓഫര്‍ വാഗ്ദാനം ചെയ്ത് രംഗത്തുവന്നു. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ വന്‍ നേട്ടമുണ്ടാക്കിയ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളാണ് ഷവോമി. അവര്‍ ഇപ്പോള്‍ ഓഫ്‌ലൈന്‍ വില്‍പ്പനയ്ക്കായും ഇടം വികസിപ്പിച്ചിരിക്കുകയാണ്. ഷവോമിക്ക് ഇന്ത്യയിലെ 15 നഗരങ്ങളില്‍ ഇന്ന് സാന്നിധ്യമുണ്ട്. ആയിരത്തിലധികം സെയില്‍സ് പോയ്ന്റുകളും ഫ്രാഞ്ചൈസികളും, കമ്പനി ഉടമസ്ഥതയിലുള്ള 14 എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളുമുണ്ട്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഭാവി യഥാര്‍ഥത്തില്‍ ഓഫ്‌ലൈനിലാണെന്നു മനസിലാക്കിയ ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ പ്രൊജക്റ്റ് ഉഡാന്‍ ആരംഭിക്കുകയുണ്ടായി. 2015-ലാണ് ഈ പ്രൊജക്റ്റിന് ആമസോണ്‍ തുടക്കമിട്ടത്. ഉഡാന്‍ പിന്നീട് ആമസോണ്‍ ഈസി എന്ന പേരില്‍ റീ ബ്രാന്‍ഡ് ചെയ്യുകയുണ്ടായി. മെഡിക്കല്‍ സ്റ്റോര്‍, മൊബൈല്‍ ഷോപ്പിംഗ് ഔട്ട്‌ലെറ്റുകള്‍, കിരാന (പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ കട. പ്രത്യേകിച്ച് ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കിരാന) തുടങ്ങിയ ഓഫ്‌ലൈന്‍ പങ്കാളികളിലൂടെ ആമസോണിന്റെ റീച്ച് അഥവാ സ്വാധീനം ഗ്രാമീണ, ഉപനഗര പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനായിട്ടായിരുന്നു ഉഡാന്‍ ആരംഭിച്ചത്. അതുവഴി പ്രാദേശിക സംരംഭകര്‍ക്കു ഓണ്‍ലൈന്‍ ഷോപ്പിംഗിലെ തുടക്കക്കാരെ സഹായിക്കുവാനും സാധിക്കുമെന്ന് ആമസോണ്‍ പ്രതീക്ഷിച്ചിരുന്നു. ചില്ലറ ഉപഭോക്താക്കള്‍ ഭൂരിഭാഗവും ഉള്‍പ്പെടുന്ന ടയര്‍-11, ടയര്‍-111 പട്ടണങ്ങളില്‍ നിന്നുള്ളവരെ ലക്ഷ്യമിടാന്‍ ഉഡാനിലൂടെ സാധിക്കുമെന്നും ആമസോണ്‍ കരുതി. ഉഡാന്‍ പദ്ധതി പ്രകാരം മഹാരാഷ്ട്രയിലും രാജസ്ഥാനിലും 15 സ്റ്റോറുകള്‍ പ്രാരംഭഘട്ടത്തില്‍ തുറന്നു. ഇപ്പോള്‍ 18-ലേറെ പാര്‍ട്ണര്‍മാര്‍ പദ്ധതിപ്രകാരം 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഉണ്ട്.

ദീപാവലിയും ബിഗ് ബില്യന്‍ ഡേയും

രാവണനു മേല്‍ ശ്രീരാമന്റെ വിജയം, തിന്മയ്ക്കു മേല്‍ നന്മയുടെ വിജയം അടയാളപ്പെടുത്തുന്നതാണു ദീപാവലി ആഘോഷം. എന്നിരുന്നാലും, ഇന്ത്യയിലെ ബിസിനസുകളെ സംബന്ധിച്ചിടത്തോളം ദീപാവലിയാണു പണം കൊയ്യാനുള്ള ഉത്സവം. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ടൂര്‍ പാക്കേജ് എന്നിവ പര്‍ച്ചേസ് ചെയ്യുന്നതിനുള്ള മികച്ച ഡീലുകള്‍ ഉള്‍ക്കൊള്ളുന്ന വലിയ ഇന്ത്യന്‍ ഉത്സവ സീസണ്‍ എന്നാണു ദീപാവലി ഉത്സവ കാലം അറിയപ്പെടുന്നത്. ഇക്കാര്യം മനസിലാക്കിയാണ് ഇ-കൊമേഴ്‌സ് ഭീമന്മാര്‍ ദീപാവലി ഉത്സവകാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. ആമസോണ്‍ അവരുടെ വെയര്‍ഹൗസില്‍ 2014 മുതല്‍ റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്. ഉത്സവകാലത്ത് ലഭിക്കുന്ന ഓര്‍ഡറുകള്‍ സോര്‍ട്ട് ചെയ്തും, പിക്കിംഗ്, സ്റ്റാക്കിംഗ് ഉള്‍പ്പെടെയുള്ള ജോലി ചെയ്തും ഓര്‍ഡര്‍ ചെയ്ത് സാധനം ഉപഭോക്താവിന് എത്തിക്കുന്നതടക്കമുള്ള നിരവധിയായ പ്രക്രിയയില്‍ സഹായിക്കാനാണ് റോബോട്ടുകളെ വിന്യസിച്ചിരിക്കുന്നത്. യുഎസില്‍ ആമസോണ്‍ ഒരു ലക്ഷത്തോളം റോബോട്ടുകളെ ഉപയോഗിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ തട്ടിപ്പ് തിരിച്ചറിയാനും അവ ഇല്ലാതാക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയും ആമസോണ്‍ അടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്.

Comments

comments

Categories: Top Stories