ആര്‍സിഇപി; എതിര്‍പ്പുകള്‍ പ്രസക്തം

ആര്‍സിഇപി; എതിര്‍പ്പുകള്‍ പ്രസക്തം

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് പ്രസക്തിയുണ്ട്

തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമാണ് ഒന്‍പതാമത് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറുമായി ബന്ധപ്പെട്ട മന്ത്രിതല സമ്മേളനം നടന്നത്. കേന്ദ്ര വാണിജ്യ, വ്യവസായ, റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് അതില്‍ പങ്കെടുത്തത്. പ്രസ്തുത വ്യാപാര കരാറിനെതിരെയുള്ള വമ്പന്‍ പ്രതിഷേധങ്ങള്‍ ആര്‍എസ്എസ് സംഘടനകള്‍ തന്നെ ആഹ്വാനം ചെയ്യുന്നതിനിടെയായിരുന്നു ഗോയലിന്റെ സന്ദര്‍ശനം. ബാങ്കോക്കില്‍ അടുത്തമാസം നാലിന് ചേരുന്ന മൂന്നാമത് നേതൃ ഉച്ചകോടിക്ക് മുന്നോടിയായുള്ള അവസാനവട്ട മന്ത്രിതല സമ്മേളനമാമായിരുന്നു അത്.

മേഖലാ സമഗ്ര പങ്കാളിത്തത്തിനുള്ള വിദഗ്ധതലത്തിലെ 28-ാമത് കൂടിയാലോചനകള്‍ കഴിഞ്ഞമാസം വിയറ്റ്‌നാമില്‍ നടക്കുകയുണ്ടായി. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപം, ഉത്ഭവ രാജ്യം സംബന്ധിച്ച നിയമാവലി, ബൗദ്ധികസ്വത്ത് അവകാശം, ഇ-കോമേഴ്‌സ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.

ബാങ്കോക്ക് മന്ത്രിതല സമ്മേളനത്തിനിടെ ജപ്പാന്‍, സിംഗപ്പൂര്‍, ചൈന, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാര വാണിജ്യ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു പീയുഷ് ഗോയല്‍. ആര്‍സിഇപി രാജ്യങ്ങളില്‍ നിന്ന് പെട്ടെന്ന് ഉണ്ടാകാനിടയുള്ള ഇറക്കുമതി തള്ളിക്കയറ്റത്തില്‍ ആവശ്യമായ പരിരക്ഷകള്‍ ഉറപ്പാക്കുകയായിരുന്നു ഗോയല്‍ നടത്തിയ ചര്‍ച്ചകളുടെ കാതല്‍ എങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ ധാരണ വന്നിട്ടില്ല എന്നതാണ് വാസ്തവം.

2013ലാണ് ആര്‍സിഇപി കൂടിയാലോചനകള്‍ ആരംഭിച്ചത്. ആസിയാന്‍ അംഗരാഷ്ട്രങ്ങള്‍ക്കിടയിലും അവരുടെ സ്വതന്ത്ര വ്യാപാര കരാര്‍ പങ്കാളികളുമായും ആധുനികവും സമഗ്രവും പരസ്പര ഉപകാരപ്രദവുമായ സാമ്പത്തിക പങ്കാളിത്ത കരാറിന് രൂപം കൊടുക്കുകയായിരുന്നു ലക്ഷ്യം. ബ്രൂണെയ്, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളുമായും ആര്‍സിഇപിയുടെ ഭാഗമായ ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ മറഅറ് അഞ്ച് രാജ്യങ്ങളുമായും ഇന്ത്യക്കുള്ള വ്യാപാര കമ്മി പ്രതിവര്‍ഷം വലിയ തോതില്‍ ഉയര്‍ന്നു വരികയാണ് എന്നതാണ് വാസ്തവം. 2013-14 വര്‍ഷത്തില്‍ ഈ രാജ്യങ്ങളുമായി ഭാരതത്തിനുള്ള വ്യാപാര കമ്മി 54 ബില്യണ് ഡോളറായിരുന്നുവെങ്കില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ അത് 105 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മൊത്തം കയറ്റുമതിയുടെ 20 ശതമാനവും ഇന്ത്യ മുകളില്‍ പറഞ്ഞ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. എന്നാല്‍ ഇതേ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതിയുടെ 35 ശതമാനവും സംഭഴിക്കുന്നത്.

ആര്‍സിഇപിയുടെ മുഖമായി മാറാന്‍ ശ്രമിക്കുന്ന ചൈനയാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്നത്. അതുകൊണ്ടുതന്നെ സ്വതന്ത്ര വ്യാപാര കരാര്‍ എന്ന നിലയില്‍ കാര്യമായ നിയന്ത്രണങ്ങളിലാതെ ആര്‍സിഇപി നടപ്പിലായാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ചവറ് പോലെ തള്ളാനുള്ള ഇടമായി ചൈന ഇന്ത്യയെ മാറ്റുമോയെന്നതാണ് പലരുടെയും സംശയം. ഇതിന് സാധ്യത വളരെ കൂടുതലാണ് താനും. ചൈനയുമായുള്ള വ്യാപാരത്തിന്റെ മുന്‍ അനുഭവങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Categories: Editorial, Slider