ഇന്‍സ്റ്റയല്ല, ഫിന്‍സ്റ്റയാണു യുവാക്കളുടെ പുതിയ ആശ്വാസ കേന്ദ്രം

ഇന്‍സ്റ്റയല്ല, ഫിന്‍സ്റ്റയാണു യുവാക്കളുടെ പുതിയ ആശ്വാസ കേന്ദ്രം

കാലിഫോര്‍ണിയ: ഫോട്ടോ ഷെയറിംഗ് സൈറ്റുകള്‍, ഹാഷ് ടാഗ്, മറ്റ് ഓണ്‍ലൈന്‍ ടൂളുകള്‍ എന്നിവ ഓരോരുത്തര്‍ക്കും ഓണ്‍ലൈനില്‍ സാമൂഹിക അടയാളങ്ങള്‍ രേഖപ്പെടുത്താനും, സാന്നിധ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നവയാണ്. എന്നാല്‍ അവയെല്ലാം ഒരുതരം സമ്മര്‍ദ്ദം ചെലുത്തുന്നവയുമാണ്. എല്ലാം തികഞ്ഞവരാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എഡിറ്റ് ചെയ്ത പതിപ്പുകള്‍ (ചിത്രങ്ങള്‍) പ്രദര്‍ശിപ്പിക്കുന്ന ഒരു തലമുറയെയാണ് ഇതിലൂടെ സൃഷ്ടിച്ചിരിക്കുന്നതെന്നാണു വിമര്‍ശകര്‍ പറയുന്നത്.

പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ലൈക്ക് ലഭിക്കാനായി ആഢംബര വസ്ത്രങ്ങളും ആഭരണങ്ങളും അണിയുകയും വാഹനങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ ഒപ്പിയെടുക്കുന്നു. ചിലര്‍ സുന്ദരമായ പ്രദേശങ്ങള്‍ വരെ തേടി പോവുകയും ചെയ്യുന്നു. പൂര്‍ണത കൈവരിക്കാന്‍ ശ്രമിക്കുന്നതിലൂടെ ഒരു വ്യക്തി അയാളുടെ യഥാര്‍ഥ അഥവാ തനത് വ്യക്തിത്വം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ നിരന്തരമായ പ്രദര്‍ശിപ്പിക്കലിന്റെയും സമ്മര്‍ദ്ദത്തിന്റെയും കടലില്‍നിന്നും സ്വയം വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണു ഫിന്‍സ്റ്റാഗ്രാം. ഫേക്ക് (വ്യാജം), ഇന്‍സ്റ്റാഗ്രാം എന്നീ പദങ്ങളുടെ സംയോജനമാണു ഫിന്‍സ്റ്റാഗ്രാം. ഓരോരുത്തര്‍ക്കും അവരുടെ യഥാര്‍ഥ സ്വഭാവം വെളിപ്പെടുത്താന്‍ അല്ലെങ്കില്‍ പ്രദര്‍ശിപ്പിക്കാന്‍ സഹായിക്കുന്നു ഫിന്‍സ്റ്റാഗ്രാം. എല്ലാം തികഞ്ഞവരായി മാറുവാനുള്ള ശ്രമം ഓരോരുത്തരിലും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ദൂരെ എറിയാനും അവരുടെ യഥാര്‍ഥ വ്യക്തിത്വത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുവാനും കഴിയുന്നൊരു ഇടമാണു ഫിന്‍സ്റ്റാഗ്രാം. ആഡംബര റിസോര്‍ട്ടുകളില്‍ കഴിയുന്ന, വിലയേറിയ ഭക്ഷണം കഴിക്കുന്ന, വസ്ത്രങ്ങള്‍ അണിയുന്ന വ്യക്തിയായിട്ടല്ല ഫിന്‍സ്റ്റയില്‍ ഒരാളെത്തുന്നത്. പകരം സാധാരണ ജീവിതം നയിക്കുന്ന ഒരാളായിട്ടായിരിക്കും. ഒരു വ്യക്തിയുടെ വളരെയടുത്ത സുഹൃത്തുക്കളായിരിക്കും ഫിന്‍സ്റ്റാഗ്രാമിലുണ്ടാവുക. ഫിന്‍സ്റ്റാഗ്രാം ഒരു വ്യത്യസ്ത അപ്ലിക്കേഷനല്ല, മറിച്ച് ഇന്‍സ്റ്റാഗ്രാമിലെ തന്നെ മറ്റൊരു അക്കൗണ്ടാണ്. പല ഉപയോക്താക്കളും ഫിന്‍സ്റ്റാഗ്രാംസ് എന്നു വിളിക്കുന്ന രണ്ടാമത്തെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നു, അവിടെ അവര്‍ സത്യം, യാഥാര്‍ഥ്യം എന്നിവ പങ്കിടുന്നു. ഫിന്‍സ്റ്റയിലെ പോസ്റ്റുകള്‍ യാഥാര്‍ഥ്യമുള്ളവയായതിനാല്‍ അവ സുന്ദരമായിരിക്കില്ല. ചിലത് അവലക്ഷണമുള്ളവയായിരിക്കുകയും ചെയ്യും. സോഷ്യല്‍ മീഡിയ ഭൂരിഭാഗവും യഥാര്‍ഥ ജീവിതത്തെ ഉള്‍ക്കൊള്ളുന്നില്ല, അവയില്‍ കാണപ്പെടുന്നത് ഉയര്‍ന്ന ജീവിതങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ്. അതു കൊണ്ടാണു കൂടുതല്‍ പേരും പ്രത്യേകിച്ചു യുവാക്കളും യുവതികളും ഫിന്‍സ്റ്റയിലേക്കു തിരിയുന്നതെന്നാണു നിരീക്ഷകര്‍ പറയുന്നത്.

Comments

comments

Categories: Tech
Tags: Finsta, Instagram