സര്‍ക്കാരിന് വ്യക്തമായ സാമ്പത്തിക കാഴ്ചപ്പാടില്ല: രാജന്‍

സര്‍ക്കാരിന് വ്യക്തമായ സാമ്പത്തിക കാഴ്ചപ്പാടില്ല: രാജന്‍

മന്ത്രിമാരെ കടത്തിവെട്ടി തീരുമാനങ്ങളുണ്ടാവുന്നു; ഉദ്യോഗസ്ഥര്‍ക്ക് പരിഷ്‌കരണ ആശയങ്ങളില്ല

ന്യൂഡെല്‍ഹി: മോദി സര്‍ക്കാരിന് ശക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുണ്ടെങ്കിലും സാമ്പത്തിക കാഴ്ച്ചപ്പാടില്‍ വ്യക്തതയില്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം വളര്‍ന്നുകഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍, ഇത്തരമൊരു നിയന്ത്രണം സാധ്യാമാവില്ലെന്ന് തെളിഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കേന്ദ്രസര്‍ക്കാര്‍ തികച്ചും കേന്ദ്രീകൃതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് നേതൃത്വത്തിന് മേല്‍ വലിയ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കും. സാമ്പത്തിക വളര്‍ച്ച നേടേണ്ടതെങ്ങനെയാണെന്ന കാര്യത്തില്‍ നേതൃത്വത്തിന് സ്ഥിരവും വ്യക്തവുമായ കാഴ്ചപാടില്ല,’ രാജന്‍ അഭിപ്രായപ്പെട്ടു. യുഎസിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിനുള്ളില്‍ മാത്രമല്ല പ്രധാനമന്ത്രിയുടെ ഓഫീസിലും അധികാരം കേന്ദ്രീകൃതമാണ്. ഉദ്യോഗസ്ഥ തലത്തിലാണ് ഭരണം നടക്കുന്നത്. മന്ത്രിമാര്‍ക്ക് അധികാരമില്ല, അവരെ എപ്പോഴും മറികടക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ പരിഷ്‌കരണ ആശയങ്ങളില്ലെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ മടിച്ചുനില്‍ക്കുകയാണെന്നും രാജന്‍ കുറ്റപ്പെടുത്തി. ഉന്നതതലത്തില്‍ സാമ്പത്തിക രംഗത്തെപ്പറ്റി അസ്ഥിരതയാണുള്ളത്. ഭൂരിപക്ഷ പ്രീണനം വഴി കുറെ കാലത്തേക്ക് തെരഞ്ഞെടുപ്പ് വിജയം നേടാനാകും, എന്നാല്‍ അത് ഇന്ത്യയെ ഇരുണ്ട അസ്ഥിരമായ പാതയിലേക്ക് നയിച്ചിരിക്കുകയാണ്. സ്വേച്ഛാധിപത്യത്തിലേക്ക് ആകര്‍ഷിക്കപ്പെടാതെ ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും ശക്തമാക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കുകളെ സ്വതന്ത്രമാക്കണം

വായ്പാ വിഷയത്തില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ മോദി സര്‍ക്കാര്‍ ബാങ്കുകളെ അനുവദിച്ചിട്ടുണ്ട്. പക്ഷേ ഇത് അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ്. ഓരോ ശാഖയ്ക്കും നിര്‍ബന്ധമായി നിശ്ചിത വായ്പാ വിതരണ ലക്ഷ്യം നിശ്ചയിക്കുന്ന മുദ്ര പോലെയുള്ള പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നത് വായ്പയുടെ വാണിജ്യ തത്വങ്ങള്‍ക്ക് എതിരാണ്. ഇത് കിട്ടാക്കടങ്ങള്‍ കുറയ്ക്കാനല്ല വര്‍ധിക്കാനാണ് ഉപകരിക്കുകയെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മുന്‍പ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതടക്കമുള്ള പല കാര്യങ്ങളിലും രഘുറാം രാജന്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Categories: Business & Economy