ഹ്യുണ്ടായ് വെന്യൂ ബുക്കിംഗ് 75,000 യൂണിറ്റ് പിന്നിട്ടു

ഹ്യുണ്ടായ് വെന്യൂ ബുക്കിംഗ് 75,000 യൂണിറ്റ് പിന്നിട്ടു

രാജ്യത്തെ ആദ്യ കണക്റ്റഡ് എസ്‌യുവിയായ ഹ്യുണ്ടായ് വെന്യൂ മെയ് 21 നാണ് വിപണിയില്‍ അവതരിപ്പിച്ചത്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന യൂട്ടിലിറ്റി വാഹനമായി ഹ്യുണ്ടായ് വെന്യൂ മാറി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ (മെയ്-സെപ്റ്റംബര്‍) 42,681 യൂണിറ്റ് ഹ്യുണ്ടായ് വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് വിറ്റുപോയത്. വെന്യൂവിന്റെ തൊട്ടടുത്ത എതിരാളിയായ മാരുതി സുസുകി വിറ്റാര ബ്രെസ്സയുടെ മെയ്-സെപ്റ്റംബര്‍ കാലയളവിലെ വില്‍പ്പന 40,425 യൂണിറ്റാണ്. ഇതുവരെയായി 75,000 ല്‍ കൂടുതല്‍ യൂണിറ്റ് ബുക്കിംഗ് സ്വീകരിക്കാനും കമ്പനിക്ക് കഴിഞ്ഞു. രാജ്യത്തെ ആദ്യ കണക്റ്റഡ് എസ്‌യുവിയായ ഹ്യുണ്ടായ് വെന്യൂ മെയ് 21 നാണ് വിപണിയില്‍ അവതരിപ്പിച്ചത്.

33 കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന ഹ്യുണ്ടായുടെ ‘ബ്ലൂലിങ്ക്’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയാണ് വെന്യൂ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നത്. ഇവയില്‍ പത്തെണ്ണം ഇന്ത്യന്‍ വിപണി മാത്രം ഉദ്ദേശിച്ചുള്ളതാണ്. ‘ബ്ലൂലിങ്ക്’ നല്‍കിയ വേരിയന്റുകള്‍ വാങ്ങാനാണ് അമ്പത് ശതമാനത്തോളം പേര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി. എസ്എക്‌സ് ഡിസിടി, എസ്എക്‌സ് (ഒ) ട്രിമ്മുകളിലാണ് ‘ബ്ലൂലിങ്ക്’ നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ കൂടുതല്‍ പേര്‍ കണക്റ്റഡ് എസ്‌യുവികള്‍ വാങ്ങുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്ക്. ഇന്ത്യയിലെ നമ്പര്‍ വണ്‍ യൂട്ടിലിറ്റി വാഹനമായി വെന്യൂ മാറിയത് അഭിമാന നിമിഷമാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എക്‌സ്‌ക്യൂട്ടീവ് ഡയറക്റ്റര്‍ എസ്‌ജെ ഹാ പറഞ്ഞു.

രണ്ട് പെട്രോള്‍ എന്‍ജിന്‍, ഒരു ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായ് വെന്യൂ വിപണിയിലെത്തിയത്. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 1.0 ലിറ്റര്‍ ജിഡിഐ പെട്രോള്‍ മോട്ടോറിന്റെ കൂട്ട് 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ്. മാന്വല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനും ലഭ്യമാണ്. 1.2 പെട്രോള്‍ എന്‍ജിന്റെ കൂടെ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും 1.4 ഡീസല്‍ മോട്ടോറിന്റെ കൂടെ 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും ചേര്‍ത്തുവെച്ചു.

Comments

comments

Categories: Auto