ജപ്പാനില്‍ ഹാഗിബിസ് ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ജപ്പാനില്‍ ഹാഗിബിസ് ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ടോക്കിയോ: ജപ്പാനില്‍ ഹാഗിബിസ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. കഴിഞ്ഞ ശനിയാഴ്ചയാണു ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷൂവില്‍ ഹാഗിബിസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 60 വര്‍ഷത്തിനിടെ ആദ്യമായിട്ടാണു ജപ്പാനില്‍ ഇത്രയും ഭീകരമായ ചുഴലിക്കാറ്റ് വീശുന്നതെന്നു വിദഗ്ധര്‍ പറയുന്നു. ദുരന്തത്തില്‍ 40 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് പലയിടങ്ങളിലും കനത്ത മഴ പെയ്തു. ചില പ്രദേശങ്ങളില്‍ ശരാശരി വാര്‍ഷികമഴയുടെ 40 ശതമാനം കഴിഞ്ഞ ദിവസം പെയ്ത മഴയിലൂടെ ലഭിച്ചു. ഇതേ തുടര്‍ന്നു ജപ്പാനിലെ 25ാളം നദികള്‍ കരകവിഞ്ഞ് ഒഴുകുകയും നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. തിങ്കളാഴ്ച 16 പേരെ കാണാതായെന്നും 200-ാളം പേര്‍ക്കു പരിക്കേറ്റതായും സ്ഥിരീകരിച്ചു. ദുരിതം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലുള്ള വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും മുകളിലത്തെ നിലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, അഗ്നിശമന രക്ഷാ സേന തുടങ്ങിയ വിഭാഗങ്ങളിലുള്ള സേനാംഗങ്ങളെ വിന്യസിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലുണ്ടായ പ്രദേശം, ചെളി നിറഞ്ഞ പ്രദേശം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. സെന്‍ട്രല്‍ ജപ്പാനിലെ നഗാനോ എന്ന പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ജപ്പാനിലെ പതിനായിരക്കണക്കിനു വീടുകള്‍ വൈദ്യുതിയില്ലാതെ കഴിയുകയാണ്. അതേസമയം നിരവധി വീടുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. ദുരിതബാധിത പ്രദേശങ്ങളില്‍ തിങ്കളാഴ്ചയും മഴ പെയ്യുകയാണ്. ഇത് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ജപ്പാന്റെ തലസ്ഥാനമായ ടോക്യോ നഗരത്തെ ചുഴലിക്കാറ്റ് ബാധിച്ചിട്ടില്ല. എന്നാല്‍ സമീപപ്രദേശങ്ങളില്‍ കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Comments

comments

Categories: World