40 കമ്പനി നിയമ ലംഘനങ്ങള്‍ കുറ്റകരമല്ലാതാവും

40 കമ്പനി നിയമ ലംഘനങ്ങള്‍ കുറ്റകരമല്ലാതാവും

കമ്പനി നിയമ ലംഘനങ്ങള്‍ ജയില്‍ ശിക്ഷ വേണ്ടാത്ത സിവില്‍ കുറ്റങ്ങളാക്കി മാറ്റും

ന്യൂഡെല്‍ഹി: കമ്പനി നിയമ സംവിധാനം നവീകരിച്ചുകൊണ്ട് രാജ്യത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം. കമ്പനി നിയമത്തിന്റെ കീഴില്‍ വരുന്ന 40 ല്‍ അധികം ചട്ട ലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാനും പിഴയില്‍ ഇളവ് വരുത്താനുമാണ് പദ്ധതി. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം നിയമിച്ച മന്ത്രാലയം സെക്രട്ടറി ഇന്‍ജെത്തി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അടുത്തിടെ യോഗം ചേര്‍ന്ന് പരിഷ്‌കരണങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നു. കമ്പനി നിയമ ലംഘനങ്ങള്‍ ജയില്‍ ശിക്ഷ വേണ്ടാത്ത സിവില്‍ കുറ്റങ്ങളാക്കി മാറ്റാനും കൂടുതല്‍ പേര്‍ നിയമം അനുസരിക്കുന്നതിന് സഹായകമായ മാര്‍ഗങ്ങളും സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ സ്വഭാവമുള്ള വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യും. ചെറിയ ബിസിനസുകള്‍ക്കായി പിഴ വ്യവസ്ഥയില്‍ ഉദാരമായ സമീപനവും നിര്‍ദേശിക്കപ്പെടുമെന്നാണ് അനുമാനം.

പുതിയ പരിഷ്‌കരണങ്ങള്‍ ഉള്‍പ്പെടുത്തി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കമ്പനി നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. ഈ വര്‍ഷം നിയമത്തില്‍ വരുത്തുന്ന രണ്ടാമത്തെ ഭേദഗതിയായിരിക്കും ഇത്. നടപടിക്രമങ്ങളും ചെറിയ നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ലഘൂകരിച്ചുകൊണ്ട് ഈ വര്‍ഷം ആദ്യം കമ്പനീസ് ആക്റ്റ് സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ബിസിനസുകള്‍ക്ക് കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ മൂലധനം ലഭ്യമാകാന്‍ സഹായിക്കുന്ന തരത്തില്‍ പല ചട്ടങ്ങളും ഇത്തരത്തില്‍ പരിഷ്‌കരിക്കുകയുണ്ടായി. ആദായ നികുതിയുമായി ബന്ധപ്പെട്ട കേസുകള്‍ കുറയ്ക്കുന്നതിനായി അടുത്തിടെ നികുതി തര്‍ക്ക കേസുകളില്‍ ട്രൈബ്യൂണല്‍, ഹൈകോടതി, സുപ്രീം കോടതി എന്നിവിടങ്ങളില്‍ അപ്പീല്‍ പോകാനുള്ള ധനപരിധി സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചിരുന്നു.

Categories: FK News, Slider