ബാങ്കുകളുടെ പക്കല്‍ ആവശ്യത്തിന് പണമുണ്ട്

ബാങ്കുകളുടെ പക്കല്‍ ആവശ്യത്തിന് പണമുണ്ട്
  • എംഎസ്എംഇകള്‍ക്ക് ലഭിക്കാനുള്ള പണം ദീപാവലിക്ക് മുന്‍പ് കൊടുക്കാന്‍ ശ്രമം
  • വായ്പാ മേളകളിലൂടെ വിതരണം ചെയ്തത് 81,171 കോടി രൂപയെന്ന് ധനമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്തെ ബാങ്കുകളുടെ കൈവശം മതിയായ ധനമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. എംഎസ്എംഇ മേഖലയ്ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കാനുള്ള എല്ലാ ശ്രമവും നടത്തിവരുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. എംഎസ്എംഇ മേഖലയ്ക്ക് ബില്‍ ഡിസ്‌കൗണ്ട് സൗകര്യം ഏര്‍പ്പെടുത്താന്‍ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 40,000 കോടി രൂപയാണ് വിവിധ കോര്‍പ്പറേറ്റുകള്‍ എംഎസ്എംഇകള്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ളത്. ദീപാവലിക്ക് മുന്‍പ് എംഎസ്എംഇകള്‍ക്ക് ലഭിക്കാനുള്ള പണം മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ ശ്രമിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ഒക്‌റ്റോബര്‍ ഒന്നിന് ആരംഭിച്ച ഒന്‍പത് ദിവസത്തെ വായ്പാ മേളകളിലൂടെ രാജ്യത്തെ ബാങ്കുകള്‍ 81,781 കോടി രൂപ വായ്പകളായി നല്‍കി. ഇതില്‍ 34,342 കോടി രൂപയും പുതിയ വായ്പകളാണ്. പൊതുമേഖലാ ബാങ്കുകളുടെ ലയന പ്രക്രിയ തടസങ്ങളില്ലാതെ, ശരിയായ ദിശയില്‍ നടന്നു വരുന്നുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

Categories: Banking