എര്‍ട്ടിഗ ടൂര്‍ എം ഡീസല്‍ വിപണിയില്‍

എര്‍ട്ടിഗ ടൂര്‍ എം ഡീസല്‍ വിപണിയില്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 9.81 ലക്ഷം രൂപ

ന്യൂഡെല്‍ഹി: മാരുതി സുസുകി എര്‍ട്ടിഗ ടൂര്‍ എം ഡീസല്‍ വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.81 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എര്‍ട്ടിഗ ടൂര്‍ എം മോഡലിന്റെ സിഎന്‍ജി, പെട്രോള്‍ വേര്‍ഷനുകള്‍ യഥാക്രമം ഈ വര്‍ഷം ജൂലൈയിലും മെയ് മാസത്തിലും വിപണിയിലെത്തിച്ചിരുന്നു. ഫഌറ്റ്, കാബ് ഉപയോക്താക്കള്‍ക്കുള്ള എര്‍ട്ടിഗ എംപിവിയുടെ വാണിജ്യ പതിപ്പാണ് ടൂര്‍ എം. സ്റ്റാന്‍ഡേഡ് എര്‍ട്ടിഗയുടെ വിഡിഐ വേരിയന്റ് അടിസ്ഥാനമാക്കിയുള്ളതാണ് എര്‍ട്ടിഗ ടൂര്‍ എം ഡീസല്‍. സ്റ്റാന്‍ഡേഡ് മോഡലിന്റെ അതേ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓക്‌സ്-ഇന്‍, യുഎസ്ബി സപ്പോര്‍ട്ട് ചെയ്യുന്ന മ്യൂസിക് സിസ്റ്റം സവിശേഷതയാണ്. എര്‍ട്ടിഗ ടൂര്‍ എം ഡീസല്‍ മോഡലിന്റെയും ടോപ് സ്പീഡ് മണിക്കൂറില്‍ 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ബ്രേക്ക് അസിസ്റ്റ് എന്നിവ സഹിതം ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

1.5 ലിറ്റര്‍ എന്‍ജിനാണ് എര്‍ട്ടിഗ ടൂര്‍ എം ഡീസല്‍ പതിപ്പിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 94 ബിഎച്ച്പി കരുത്തും 225 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 24.2 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Comments

comments

Categories: Auto