അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള തീരുവ പ്രശ്‌നം യാത്രാച്ചിലവ് കൂട്ടുമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ്

അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള തീരുവ പ്രശ്‌നം യാത്രാച്ചിലവ് കൂട്ടുമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ്

ബോയിംഗിനും എയര്‍ബസിനും അതത് സര്‍ക്കാരില്‍ നിന്നും അനധികൃത സഹായം ലഭിച്ചുവെന്ന തര്‍ക്കമാണ് ഇറക്കുമതി തീരുവ കൂട്ടുമെന്ന തീരുമാനത്തിന് കാരണമായത്

ദുബായ്: വിമാനങ്ങളുടെ ഇറക്കുമതി തീരുവ സംബന്ധിച്ച് അമേരിക്കയും യൂറോപ്യന്‍ യൂണിയനും നടത്തിയ പുതിയ പ്രഖ്യാപനങ്ങള്‍ യാത്രാചിലവ് കൂടുന്നതില്‍ കലാശിക്കുമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ്.

ബോയിംഗിന്റെയും എയര്‍ബസിന്റെയും വിമാനങ്ങളുടെ ഇറക്കുമതി തീരുവ സംബന്ധിച്ചുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും പ്രഖ്യാപനം വിമാനങ്ങളുടെ വില കൂടാനും അത് പിന്നീട് ടിക്കറ്റ് നിരക്ക് കൂടാനും കാരണമാകുമെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലര്‍ക്ക് പറഞ്ഞു. അവസാനം തീരുവ വര്‍ധനവ് മൂലം വരുന്ന അധിക ബാധ്യത ഉപഭോക്താക്കള്‍ക്കായിരിക്കും അനുഭവപ്പെടുകയെന്നും, ടിക്കറ്റ് നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും ദുബായില്‍ നടന്ന ഈ വര്‍ഷത്തെ ഏവിയേഷന്‍ ഷോയില്‍ ക്ലര്‍ക്ക് പറഞ്ഞു.

വിമാന നിര്‍മാണ കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന അനധികൃത സബ്‌സിഡി സംബന്ധിച്ച ദീര്‍ഘകാല തര്‍ക്കമാണ് ഇറക്കുമതി തീരുവ കൂട്ടാനുള്ള തീരുമാനത്തിന് വഴിവെച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും എയര്‍ബസിന് അനധികൃത സഹായം ലഭിച്ചുവെന്ന ലോക വ്യാപാര സംഘടനയുടെ വിധിയുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ വിമാനങ്ങള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. യൂറോപ്യന്‍ വിമാനങ്ങള്‍ക്ക് അമേരിക്ക തീരുവ ഏര്‍പ്പെടുത്തിയാല്‍ ബോയിംഗിനെതിരെ തങ്ങളും സമാന നടപടി സ്വീകരിക്കുമെന്ന് യൂറോപ്യന്‍ യൂണിയനും ഭീഷണി മുഴക്കി. അമേരിക്കന്‍ കമ്പനിയായ ബോയിംഗിന് സര്‍ക്കാരില്‍ നിന്നും അനധികൃത സബ്‌സിഡി ലഭിച്ചുവെന്ന പരാതിയില്‍ ലോക വ്യാപാര സംഘടന ഇതുവരെ വിധി പറഞ്ഞിട്ടില്ല. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തീരുവ വര്‍ധിപ്പിച്ചാല്‍ തങ്ങള്‍ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ നിര്‍ബന്ധിതരാകുമെന്ന സൂചനയാണ് എമിറേറ്റ്‌സ് നല്‍കിയത്.

തോമസ് കുക്ക് ഗ്രൂപ്പിന്റെ തകര്‍ച്ച ദുബായ് നാഷ്ണല്‍ എയര്‍പോര്‍ട്ട് അസോസിയേഷന്റെ (ഡിനാറ്റ) പ്രവര്‍ത്തനങ്ങളെ ബാധിച്ചെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എമിറേറ്റ്‌സിന്റെ വരുമാനത്തില്‍ കാര്യമായ പുരോഗതി ഉണ്ടായതായി ക്ലര്‍ക്ക് അവകാശപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പാതകള്‍ പരിഷ്‌കരിച്ചതടക്കം എമിറേറ്റ്‌സ് സ്വീകരിച്ച ചിലവ് ചുരുക്കല്‍ നടപടികള്‍ കമ്പനിക്ക് ഗുണം ചെയ്തതായി ക്ലര്‍ക്ക് അവകാശപ്പെട്ടു.

Comments

comments

Categories: Arabia
Tags: UAE