ഡാറ്റ്‌സണ്‍ ഗോ സിവിടി, ഗോ പ്ലസ് സിവിടി പുറത്തിറക്കി

ഡാറ്റ്‌സണ്‍ ഗോ സിവിടി, ഗോ പ്ലസ് സിവിടി പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില 5.94 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി: ഡാറ്റ്‌സണ്‍ ഗോ സിവിടി, ഡാറ്റ്‌സണ്‍ ഗോ പ്ലസ് സിവിടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.94 ലക്ഷം രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില. അതാത് സെഗ്‌മെന്റുകളില്‍ സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ഓപ്ഷന്‍ ലഭിക്കുന്ന ആദ്യ മോഡലുകളാണ് ഡാറ്റ്‌സണ്‍ ഗോ, ഡാറ്റ്‌സണ്‍ ഗോ പ്ലസ് എന്നിവ. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന സിവിടി കാറുകളും ഇവ തന്നെ. റൂബി റെഡ്, വിവിഡ് ബ്ലൂ, ബ്രോണ്‍സ് ഗ്രേ, ആംബര്‍ ഓറഞ്ച്, ക്രിസ്റ്റല്‍ സില്‍വര്‍, ഓപല്‍ വൈറ്റ് എന്നീ ആറ് നിറങ്ങളില്‍ ഡാറ്റ്‌സണ്‍ ഗോ സിവിടി, ഡാറ്റ്‌സണ്‍ ഗോ പ്ലസ് സിവിടി ലഭിക്കും.

രാജ്യത്തെ എല്ലാ നിസാന്‍, ഡാറ്റ്‌സണ്‍ ഡീലര്‍ഷിപ്പുകളിലും സിവിടി വേരിയന്റുകള്‍ ഡെലിവറി ചെയ്തുതുടങ്ങിയതായി കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ആയാസരഹിത ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്നതാണ് നിസാന്റെ സിവിടി സാങ്കേതികവിദ്യയെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. രണ്ട് കാറുകളുടെയും ടി, ടി(ഒ) എന്നീ ടോപ് വേരിയന്റുകളില്‍ മാത്രമായിരിക്കും സിവിടി ഓപ്ഷന്‍ ലഭിക്കുന്നത്. ഫീച്ചറുകള്‍ മാന്വല്‍ വേരിയന്റുകളിലേതുതന്നെ.

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയോടെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സഹിതമാണ് സിവിടി മോഡലുകള്‍ വരുന്നത്. കൂട്ടിയിടി കൂടുതല്‍ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് ഡാറ്റ്‌സണ്‍ ഗോ സിവിടി, ഗോ പ്ലസ് സിവിടി. മുന്‍ഭാഗവും വശങ്ങളും റൂഫും കൂടുതല്‍ ബലപ്പെടുത്തിയതിനൊപ്പം കാല്‍നട യാത്രക്കാരും ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതരാണ്. സെഗ്‌മെന്റില്‍ ഇതാദ്യമായ വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍ (വിഡിസി) നല്‍കിയിരിക്കുന്നു. ഇരട്ട എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ് എന്നിവ സഹിതം എബിഎസ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഫോളോ മീ ഹോം ഹെഡ്‌ലാംപുകള്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്കുകള്‍ എന്നിവയാണ് മറ്റ് സുരക്ഷാ ഫീച്ചറുകള്‍.

അതേ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ രണ്ട് കാറുകള്‍ക്കും തുടര്‍ന്നും കരുത്തേകും. ഈ മോട്ടോര്‍ 67 ബിഎച്ച്പി കരുത്തും 104 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വലാണ് മറ്റൊരു ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച 185 മില്ലി മീറ്ററാണ് രണ്ട് കാറുകളുടെയും ഗ്രൗണ്ട് ക്ലിയറന്‍സ്. ഡാറ്റ്‌സണ്‍ ഗോ സിവിടി, ഗോ പ്ലസ് സിവിടി മോഡലുകള്‍ക്ക് രണ്ട് വര്‍ഷത്തെ വാറന്റി ലഭ്യമാണ്. നാമമാത്ര തുക നല്‍കിയാല്‍ വാറന്റി അഞ്ച് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ കഴിയും.

ഡാറ്റ്‌സണ്‍ ഗോ ടി സിവിടി 5.94 ലക്ഷം

ഡാറ്റ്‌സണ്‍ ഗോ ടി(ഒ) സിവിടി 6.18 ലക്ഷം

ഡാറ്റ്‌സണ്‍ ഗോ പ്ലസ് ടി സിവിടി 6.58 ലക്ഷം

ഡാറ്റ്‌സണ്‍ ഗോ പ്ലസ് ടി(ഒ) സിവിടി 6.80 ലക്ഷം

Comments

comments

Categories: Auto