ഗാംഗുലി ബിസിസിഐ പ്രസിഡന്റ്

ഗാംഗുലി ബിസിസിഐ പ്രസിഡന്റ്
  • അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചത് ഗാംഗുലി മാത്രം
  • ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറിയാവും

അനുഭവ പരിചയം തന്നെയാണ് മുന്നോട്ട് ആരു നയിക്കണമെന്നതിനെ നിര്‍ണയിച്ചത്. ആഭ്യന്തര അച്ചടക്കം കൊണ്ടുവരേണ്ടതുണ്ട്. രാഷ്ട്രീയക്കാരാരും എന്നെ ബന്ധപ്പെട്ടിട്ടില്ല. ബോര്‍ഡ് അംഗങ്ങളാണ് തീരുമാനമെടുത്തത്

-സൗരവ് ഗാംഗുലി

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റാവും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ ഗാംഗുലി മാത്രമാണ് മത്സര രംഗത്തുള്ളത്. ബിസിസിഐയില്‍ രൂപപ്പെട്ട സമവായത്തിന്റെ ഭാഗമായാണ് ഗാംഗുലി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. എന്‍ ശ്രീനിവാസന്റെ നോമിനിയായി രംഗത്തെത്തിയ ബ്രിജേഷ് പട്ടേലിനെ പിന്നിലാക്കിയാണ് ഗാംഗുലി ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ നേടിയത്. ബ്രിജേഷിനെ ഐപിഎല്‍ ചെയര്‍മാനാക്കിയേക്കും.

മുന്‍ ബിസിസിഐ അധ്യക്ഷന്‍മാരായ എന്‍ ശ്രീനിവാസന്‍, നിരഞ്ജന്‍ ഷാ, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല എന്നിവരോടൊത്ത് മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തെത്തി ഇന്നലെ ‘ദാദാ’ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് ടീം അസോസിയേഷന്‍ പ്രസിഡന്റാണ് അദ്ദേഹം. ബിസിസിഐയുടെ പ്രതിച്ഛായ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് താന്‍ ചുമതലയേല്‍ക്കുന്നതെന്നും നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള മികച്ച അവസരമായിട്ടാണ് പുതിയ ചുമതലയെ കാണുന്നതെന്നും ഗാംഗുലി പ്രതികരിച്ചു.

ബിസിസിഐയുടെ സെക്രട്ടറിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ എതിരില്ലാതെ നിയമിതനാകും. കേന്ദ്ര ധനകാര്യ സഹമന്ത്രിയും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ സിംഗ് ധൂമല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ട്രഷററാകുമെന്നും ഉറപ്പായിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജായിരിക്കും ജോയന്റ് സെക്രട്ടറി.

Categories: FK News, Slider