അഫ്ഗാനിസ്ഥാനിലെ നയതന്ത്ര പരിമിതിയും കശ്മീരും

അഫ്ഗാനിസ്ഥാനിലെ നയതന്ത്ര പരിമിതിയും കശ്മീരും

അഫ്ഗാനിസ്ഥാനില്‍ പാക് സഹായത്തോടെ താലിബാനുമായി നയതന്ത്ര നീക്കുപോക്കുണ്ടാക്കി തങ്ങളുടെ സൈന്യത്തെ അവിടെനിന്ന് പിന്‍വലിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തന്ത്രങ്ങള്‍ക്ക് കാബൂളിലെ ചാവേറാക്രമണം കടുത്ത തിരിച്ചടി നല്‍കി. അഫ്ഗാനിസ്ഥാനിലെ നിലവിലെ ജനാധിപത്യ ഭരണകൂടത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തി, താലിബാനുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചത് യുഎസ് മധ്യസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ തന്ത്രപരമായ പിഴവാണ്. മുഖ്യ പ്രശ്‌നത്തിന് പരിഹാരം കാണാതെ ഉപരിപ്ലവമായ പ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുകയാണെങ്കില്‍ നയതന്ത്രം ഒരിക്കലും വിജയിക്കില്ലെന്ന് ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു

അഫ്ഗാനിസ്ഥാനില്‍ ഒരു സമാധാന കരാറുണ്ടാക്കുന്നതിനായി യുഎസ് പ്രതിനിധി സല്‍മയ് ഖാലില്‍സാദ് ഒരു വര്‍ഷമായി താലിബാനുമായി ചര്‍ച്ച നടത്തി വരികയായിരുന്നു. അഫ്ഗാനില്‍ നിന്നുള്ള യുഎസ് സൈന്യത്തിന്റെ പിന്‍മാറ്റം സാധ്യമാക്കുകയായിരുന്നു ചര്‍ച്ചകളുടെ പ്രാഥമിക ഉദ്ദേശ്യം. എന്നാല്‍ താലിബാന്‍ കാബൂളില്‍ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഈ നയതന്ത്ര ഇടപെടല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്് ട്രംപ് അവസാനിപ്പിച്ചു. ഖാലില്‍സാദിനെ യുഎസിലേക്ക് തിരികെ വിളിക്കുകയും ചെയ്തു. പൊതു തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ അഫ്ഗാനിസ്ഥാനില്‍ സവിശേഷമായ ഒരു സാഹചര്യവും രൂപപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ലക്ഷ്യ പ്രാപ്തിക്കായി ജിഹാദിനെ കൂട്ടുപിടിക്കുന്ന ഇസ്ലാമിക് തീവ്രവാദികളുടെ തിരുത്താനാകാത്ത സംഘമാണ് താലിബാന്‍ എന്ന യഥാര്‍ത്ഥ്യം വെളിപ്പെട്ടുകഴിഞ്ഞു. താലിബാന്‍ നേതൃത്വത്തിന്റെ തന്നെ വെളിപ്പെടുത്തലുകളിലൂടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള നിരവധി ഭീകര സംഘടനാ തലവന്‍മാര്‍ക്ക് തങ്ങളുടെ മണ്ണില്‍ സുരക്ഷിത താവളമൊരുക്കുന്ന പാക്കിസ്ഥാന്റെ ഒത്തുകളിലും ലോകത്തിന് മുന്നില്‍ വെളിവായിട്ടുണ്ട്.

ഭീകരവാദികള്‍ക്കെതിരെയുള്ള നയതന്ത്ര നീക്കങ്ങള്‍ ഫലവത്താകില്ലെന്ന യാഥാര്‍ത്ഥ്യം യുഎസ് പ്രസിഡന്റ് ട്രംപും ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോയും ഒരു തവണ കൂടി മനസിലാക്കിക്കഴിഞ്ഞു. സല്‍മയുടെ പരിപാടികളെല്ലാം അവസാനിപ്പിക്കുകയും അഫ്ഗാനില്‍ ശക്തമായ സൈനിക സാന്നിധ്യം തുടരാന്‍ തീരുമാനിക്കുകയും ചെയ്തത് ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ്. യുഎസ് പ്രസിഡന്റ്, വിവിധ രാജ്യങ്ങളിലെ ഇസ്ലാമിക ഭീകരരെ അമിതമായി ഒരിക്കലും മുഖവിലയ്‌ക്കെടുത്തിട്ടില്ല. താലിബാനുമായുള്ള വിലപേശല്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നത്, പാക്കിസ്ഥാനാണ് ഭീകര സംഘങ്ങളുടെ കേന്ദ്രമെന്ന വിലയിരുത്തുന്നതിലേക്ക് ട്രംപിനെ വീണ്ടും നയിച്ചേക്കും.

ട്രംപിന്റെ തീരുമാനത്തിനോടുള്ള പ്രതികരണമായി താലിബാന്‍ വക്താവായ മുഹമ്മദ് സുഹാല്‍ ഷാഹീന്‍ കാബൂളില്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ചില കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. തീവ്ര മത വിശ്വാസത്തിലധിഷ്ഠിതമായ താലിബാന്റെ പ്രവര്‍ത്തന മേഖലയില്‍ യുഎസിന് അനുകൂലമായി ഒരു സാഹചര്യവും മാറിയിട്ടില്ലെന്ന് ഇതോടെ തെളിയിക്കപ്പെട്ടു. ‘ഇസ്ലാമിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്’ താലിബാന് പാക്കിസ്ഥാനില്‍ നിന്നാണ് സഹായം ലഭിക്കുന്നതെന്ന, പരക്കെ ബോധ്യമായ വസ്തുത താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു. ഇസ്ലാമിക വിഘടനവാദികള്‍ അക്രമത്തിന്റെ പാത കൈവെടിയുമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ലെന്നും വെടിനിര്‍ത്തല്‍, സമാധാന കരാര്‍ എന്നിവയുടെ കാര്യത്തില്‍ താലിബാന്‍-പാക്കിസ്ഥാന്‍ സഖ്യം മൂലം സല്‍മയ് എങ്ങനെ സ്വയം വഞ്ചിക്കപ്പെട്ടുവെന്നും ഷാഹീനിന്റെ പ്രസ്താവന വെളിവാക്കുന്നു. അഷ്‌റഫ് ഘാനിയുടെ ജനാധിപത്യ ഭരണത്തെ പുറത്താക്കിക്കൊണ്ട് അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക സാമ്രാജ്യം പുനഃസ്ഥാപിക്കാന്‍ ഈ അച്ചുതണ്ട് എപ്പോളും പരിശ്രമിച്ചുപോന്നിരുന്നു.

അഫ്ഗാനിസ്ഥാനിലെ നിലവിലെ ജനാധിപത്യ ഭരണകൂടത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തി, താലിബാനുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചത് യുഎസ് മധ്യസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ തന്ത്രപരമായ പിഴവാണ്. പ്രധാന പ്രശ്‌നത്തിന് പരിഹാരം കാണാതെ ഉപരിപ്ലവമായ പ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുകയാണെങ്കില്‍ നയതന്ത്രം ഒരിക്കലും വിജയിക്കില്ല. വെടിനിര്‍ത്തല്‍ കരാറിന്റെ അഭാവത്തില്‍ യുഎസ് സൈന്യം തങ്ങളുടെ ഭീകര വിരുദ്ധ നടപടികള്‍ കൃത്യമായി നടപ്പാക്കുന്നുണ്ട്. കാബൂളിലെ യുഎസ് സൈനിക ട്രക്കില്‍ ചാവേര്‍ ആക്രമണം നടത്തി ഒരു സൈനികനെ വധിച്ചതിലൂടെ ആക്രമണോല്‍സുകരായ ഭീകര സംഘടനയെന്ന രീതിയിലുള്ള തങ്ങളുടെ യഥാര്‍ത്ഥ മുഖം താലിബാനും വെളിപ്പെടുത്തിക്കഴിഞ്ഞു.

വെടിനിര്‍ത്തല്‍ കരാറെന്ന സുപ്രധാന വിഷയം പ്രതിപാദിക്കാതെ സല്‍മയ് സമാധാന കരാറിന്റെ കരട് രൂപം ട്രംപിന് സമര്‍പ്പിച്ചുകഴിഞ്ഞതിനുശേഷമാണ് ഇത് സംഭവിച്ചത്. സമാധാന ചര്‍ച്ചകളുടെ മുന്‍കൂര്‍ വ്യവസ്ഥയായിരുന്ന, വിനാശം വിതയ്ക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യത്തിന് വഴങ്ങില്ലെന്നാണ് കാബൂളിലെ ചാവേര്‍ ആക്രമണത്തിലൂടെയും അത് ന്യായീകരിച്ച നടപടിയിലൂടെയും താലിബാന്‍ തെളിയിച്ചത്. അഫ്ഗാനിസ്ഥാനിലെ ഈ സംഭവ വികാസങ്ങള്‍, തുടര്‍ച്ചയായി ഉയരുന്ന ഇസ്ലാമിക ഭീകരാക്രമണ ഭീഷണികളില്‍ നിന്നും മോചനം നേടുന്നതിന് ജനാധിപത്യ ലോകം കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയ്ക്ക് അടിവരയിടുന്നു. മതഭ്രാന്ത് കൊണ്ട് അന്ധരായ അക്രമകാരികളുമായി ഇടപെടുമ്പോള്‍ എങ്ങനെയാണ് നയതന്ത്രം പരിമിതികളെ നേരിടുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സല്‍മയുടെ ദൗത്യം.

ഇന്നത്തെ ലോകത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ഒരുപാധിയായി ജിഹാദിനെ വിവിധ ഇസ്ലാമിക് രാജ്യങ്ങള്‍ ഉപയോഗിക്കുന്നെന്ന വസ്തുതയെ തിരിച്ചറിഞ്ഞ് ലോകം മുഴുവന്‍ അതിനെ പരസ്യമായി അപലപിക്കേണ്ടത് ആവശ്യമാണ്. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്താല്‍ പ്രോല്‍സാഹിപ്പിക്കപ്പെട്ടിരുന്ന നല്ല തീവ്രവാദവും മോശം തീവ്രവാദവും തമ്മിലുള്ള കൃത്രിമമായ വേര്‍തിരിവ് അവസാനിപ്പിച്ചതില്‍ ട്രംപ് ഭരണകൂടം അഭിനന്ദനം അര്‍ഹിക്കുന്നു. അല്‍ ഖ്വയ്ദ മുതല്‍ ലക്ഷ്‌കര്‍ ഇ തോയ്ബ വരെയുള്ള അനേകം ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനെ യുഎസ് വിമര്‍ശിച്ചത് ഇന്ത്യക്ക് വലിയ ആശ്വാസമാണ് പകര്‍ന്നത്.

ഈ പുതിയ വിപത്തിനെ തിരിച്ചറിയുന്ന ഇന്ത്യ, യുഎസ്, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യ ഭരണം സ്ഥാപിക്കാനുള്ള എല്ലാ ശ്രമവും നടത്തേണ്ടതാണ്. ലോകം ഭീകരവാദത്തിനെതിരെ നടത്തുന്ന യുദ്ധമെന്നതാണ് ഇതിന്റെ യുക്തിസഹമായ സംഗ്രഹം.

പാക്കിസ്ഥാനേക്കാള്‍ കൂടുതല്‍ ഇസ്ലാം മത വിശ്വാസികളുള്ള ജനാധിപത്യ ഇന്ത്യയും ഇസ്ലാമിക് രാജ്യമായ പാക്കിസ്ഥാനും തമ്മിലുള്ള പരമ്പരാഗതമായ രാഷ്ട്രീയ അസമാനത രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനപരമായ മാര്‍ഗതടസമാണ്. കശ്മീരിനെ ഒരു മുസ്ലീം പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുകയും ഇന്ത്യക്കെതിരെയുള്ള കുടിലമായ പദ്ധതി മുന്‍നിര്‍ത്തി പരസ്യമായി ജിഹാദിന് ആഹ്വാനം നല്‍കുകയും ചെയ്യുന്ന പാക്കിസ്ഥാന്‍ നടപടി ഈ സാഹചര്യങ്ങളെ കൂടുതല്‍ മോശമായിട്ടുണ്ട്. രാഷ്ട്രീയ വിഷയങ്ങള്‍ക്കായി ഭീകരാക്രമണം നടത്തുന്നവര്‍ക്കെതിരെ നയതന്ത്ര ഉപാധികള്‍ വിലപ്പോവില്ലെന്നത് ഇവിടെയും അന്വര്‍ത്ഥമാകുന്നു.

‘ഭീകരവാദവും ചര്‍ച്ചകളും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെ’ന്ന പ്രഖ്യാപിത നയത്തില്‍ നിന്ന് വ്യതിചലിക്കാതെ ഉറച്ചുനിക്കുകയും തങ്ങളുടെ നയതന്ത്ര സാമര്‍ത്ഥ്യമുപയോഗിച്ച് ലോകത്തെ ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഇക്കാര്യം മനസിലാക്കിക്കൊടുക്കുകയുമാണ് ഇന്ത്യ ചെയ്യേണ്ടത്. നിയന്ത്രണരേഖ കടന്ന് ലഷ്‌കര്‍ ഇ തോയ്ബയുടെ പാക് ചാവേറുകളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ നിന്നും കശ്മീരിനെ സംരക്ഷിച്ചുപോരുന്ന ഇന്ത്യയെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടേറിയ കാര്യമല്ല. കശ്മീരിയത്തിന്റെ സാസ്‌കാരിക മൂല്യങ്ങളെ നശിപ്പിക്കുകയും നിയമം അനുസരിക്കുന്ന കശ്മീരികളെ ദുസഹമായ സലഫി ആശയ പദ്ധതിക്ക് വഴങ്ങാന്‍ ഭീഷണിപ്പെടുത്തുകയുമാണ് ഭീകരര്‍.

തീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കി പിന്നോട്ടടിപ്പിക്കുമ്പോള്‍, കശ്മീര്‍ ജനത സ്വാതന്ത്ര്യം ആസ്വദിക്കാനും തീവ്രവാദികളോടുള്ള ഭയത്തെ അതിജീവിച്ചുകൊണ്ട് വിപണികള്‍ തുറക്കാന്‍ തയാറായെന്നും വരും. കശ്മീരില്‍ ഹ്രസ്വകാലത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ കൊണ്ട് അവിടെ ആര്‍ക്കും അപായം സംഭവിച്ചിട്ടില്ലെന്ന കാര്യം ലോകം മനസിലാക്കണം.

പാക്കിസ്ഥാന്‍ പിന്തുണയോടുകൂടിയുള്ള അതിര്‍ത്തി കടന്നുള്ള ഭീകരവാദം കാരണം വെല്ലുവിളി നേരിട്ടിരുന്ന ജമ്മു കശ്മീര്‍ ജനതയുടെ സുരക്ഷയും വികസനവും സാധ്യമാക്കുകയെന്നത് തങ്ങളുടെ നേരിട്ടുള്ള ഉത്തരവാദിത്തമായി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. സമയക്രമത്തിനനുസരിച്ച് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. കശ്മീര്‍ പ്രശ്‌നം എന്നത് തീവ്രവാദത്തിന് ഇരകളാകുന്ന ജനങ്ങളാണ്, അല്ലാതെ മനുഷ്യാവകാശ ലംഘനങ്ങളല്ല. ഈ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ ഇന്ത്യക്കെതിരെ പിന്തുണനേടുന്നതിനുള്ള പാക്കിസ്ഥാന്റെ പരാജയപ്പെട്ട ശ്രമം ഇന്ത്യയുടെ സുതാര്യമായ നിലപാടിനെ ശരിവെക്കുന്നതാണ്.

(ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്റ്ററാണ് ലേഖകന്‍)

Categories: FK Special, Slider