സാമ്പത്തിക നൊബേല്‍ അഭിജിത്ത് ബാനര്‍ജിക്ക്

സാമ്പത്തിക നൊബേല്‍ അഭിജിത്ത് ബാനര്‍ജിക്ക്
  • ഭാര്യ എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരുമായി പുരസ്‌കാരം പങ്കിട്ടു
  • അവാര്‍ഡ് ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സഹായകരമായ പരീക്ഷണങ്ങള്‍ക്ക്
  • അഭിജിത്തും എസ്തറും സാമ്പത്തിക നൊബേല്‍ ലഭിക്കുന്ന ആദ്യ ദമ്പതികള്‍
  • അമര്‍ത്യ സെന്നിനു ശേഷം സാമ്പത്തിക നൊബേല്‍ ലഭിക്കുന്ന ഇന്ത്യന്‍ വംശജന്‍

ന്യൂഡെല്‍ഹി: രണ്ട് പതിറ്റാണ്ടിന് ശേഷം സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ തിളക്കം വിണ്ടും ഒരു ഇന്ത്യന്‍ വംശജന്റെ കൈകളിലേക്ക്. ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനത്തിന് ഇന്ത്യന്‍ വംശജനായ അഭിജിത്ത് ബാനര്‍ജി അടക്കം മൂന്നു പേര്‍ അര്‍ഹരായി. അഭിജിത്തിന്റെ ഫ്രഞ്ചുകാരിയായ ഭാര്യയും ഗവേഷകയുമായ എസ്തര്‍ ഡഫ്‌ലോ, യുഎസില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധന്‍ മൈക്കല്‍ ക്രെമര്‍ എന്നിവരാണ് പുരസ്‌കാരത്തിന്റെ സംയുക്ത അവകാശികള്‍. ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സ്വീകരിച്ച പരീക്ഷണാത്മകമായ സാമ്പത്തിക സമീപനങ്ങളും ഗവേഷണങ്ങളുമാണ് ഇവരെ പുരസ്‌കാരാര്‍ഹരാക്കിയത്. പുരസ്‌കാര ജേതാക്കളുടെ സാമ്പത്തിക രംഗത്തെ ഗവേഷണങ്ങള്‍ ആഗോളതലത്തില്‍ ദാരിദ്രത്തിനെതിരെ പോരാടാന്‍ വലിയ തോതില്‍ പ്രയോജനപ്പെട്ടതായി നൊബേല്‍ പുരസ്‌കാര നിര്‍ണയ സമിതി നിരീക്ഷിച്ചു.

ഇന്ത്യന്‍ വംശജനായ രണ്ടാമത്തെ സാമ്പത്തിക നൊബേല്‍ ജേതാവാണ് കൊല്‍ക്കത്ത സ്വദേശിയായ അഭിജിത്ത് ബാനര്‍ജി. 1998 ല്‍ പുരസ്‌കാരത്തിനര്‍ഹനായ അമര്‍ത്യാ സെന്നാണ് ആദ്യത്തെയാള്‍. രണ്ടുപേരും ബംഗാള്‍ സ്വദേശികളാണെന്ന പ്രത്യേകതയുമുണ്ട്. 1961 ല്‍ ജനിച്ച അഭിജിത്, നിലവില്‍ യുഎസിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഐടി) സാമ്പത്തിക വിഭാഗം പ്രൊഫസറാണ്. കൊല്‍ക്കത്ത സര്‍വകലാശാല, ഡെല്‍ഹി ജെഎന്‍യു, ഹാര്‍വാഡ് സര്‍വകലാശാലകളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. ഹാര്‍വാഡില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി.

വീട്ടിലേക്ക് നൊബേല്‍

അഭിജിത്തിനും എസ്തര്‍ ഡഫ്‌ലോക്കും സംയുക്തമായി ലഭിച്ച അവാര്‍ഡ്, സാമ്പത്തിക ശാസ്ത്ര രംഗത്ത് ദമ്പതികള്‍ നേടുന്ന ആദ്യത്തെ നൊബേല്‍ പുരസ്‌കാരമാണ്. ഇരുവരും യുഎസിലെ എംഐടിയില്‍ സാമ്പത്തിക വിഭാഗം പ്രൊഫസര്‍മാരാണ്. 2003 ല്‍ ബാനര്‍ജിയും ഡഫ്‌ലോയും ചേര്‍ന്നാണ് അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് (ജെ-പാല്‍) സ്ഥാപിച്ചത്. ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഗവേഷണ കേന്ദ്രമായി ഇത് വളര്‍ന്നു. 2011 ല്‍ ദമ്പതികള്‍ ചേര്‍ന്നെഴുതിയ ‘പുവര്‍ ഇക്കണോമിക്‌സ്: എ റാഡിക്കല്‍ റീ തിങ്കിംഗ് ഓഫ് ദ വേ ടു ഫൈറ്റ് ഗ്ലോബല്‍ പോവര്‍ട്ടി’ എന്ന പുസ്തകം ഈ മേഖലയിലെ ഉന്നത ഗവേഷണ ഗ്രന്ഥമായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലടക്കം താഴെ തട്ടിലുള്ള ജനസമൂഹങ്ങളുമായും തൊഴില്‍ വിഭാഗങ്ങളുമായും ഇടപഴകിയാണ് ഇരുവരും പുസ്തകം തയാറാക്കിയത്. യുഎന്‍ സെക്രട്ടറി ജനറലിന്റെ പാനല്‍ ഓഫ് എമിനന്റ് പേഴ്‌സണ്‍ ഉന്നതതല സമിതിയില്‍ അഭിജിത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മൈക്കല്‍ ക്രെമര്‍

ഹാര്‍വാഡ് സര്‍വകലാശാലയിലെ ഡെവലപ്പിംഗ് സൊസൈറ്റി വിഭാഗം പ്രൊഫസറാണ് ക്രെമര്‍. അമേരിക്കന്‍ സൊസൈറ്റി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ ഗവേഷകനാണ്. ലോക സാമ്പത്തിക ഫോറം ആഗോള യുവ നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനകളുടെ സജീവ പ്രവര്‍ത്തകനാണ് അദ്ദേഹം.

Categories: FK News, Slider