മാനേജ്‌മെന്റ് തലത്തില്‍ വനിതകള്‍ ഇരട്ടിച്ചു, ഇന്ത്യയില്‍ കുറവ്

മാനേജ്‌മെന്റ് തലത്തില്‍ വനിതകള്‍ ഇരട്ടിച്ചു, ഇന്ത്യയില്‍ കുറവ്

ആഗോളതലത്തില്‍ ഉയര്‍ന്ന മാനേജ്‌മെന്റ് പദവികളില്‍ വനിതാപ്രതിനിധ്യം ഇരട്ടിക്കുമ്പോള്‍ ഇന്ത്യയിലിത് മന്ദഗതിയിലാണ്. 56 രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയില്‍ ഇന്ത്യക്ക് 23ാം സ്ഥാനം

ആഗോളതലത്തില്‍ മാനേജ്‌മെന്റ് പദവികളില്‍ വനിതാ പ്രാതിനിധ്യം കൂടുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ പിന്നോട്ടാണെന്നാണ് സൂചന. ഗവേഷണ സ്ഥാപനമായ ക്രഡിറ്റ് സ്യൂസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ മൂന്നാമത്തെ സിഎസ് ജെന്‍ഡര്‍ 3000 റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സിഎസ് ജെന്‍ഡര്‍ 3000, 2019: കമ്പനിയിലെ മാറ്റത്തിന്റെ മുഖങ്ങള്‍ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോര്‍ട്ടില്‍, ആഗോളതലത്തില്‍ ഉയര്‍ന്ന മാനേജ്‌മെന്റ് പദവികളില്‍ വനിതാപ്രാതിനിധ്യം ഇരട്ടിച്ചതായി സൂചിപ്പിക്കുന്നു. ബോര്‍ഡുകളിലുള്ള വനിതകളുടെ എണ്ണം കഴിഞ്ഞ ദശകത്തേക്കാള്‍ വര്‍ധിച്ച് 20.6 ആയി മാറിയിരിക്കുകയാണിപ്പോള്‍. 2016ല്‍ ഇത് 15.3 ശതമാനം മാത്രമായിരുന്നു. മാനേജ്‌മെന്റ് തലത്തിലുള്ള വനിതകളുടെ എണ്ണം 2016ല്‍ 13.8 ശതമാനമായിരുന്നത് ഈ വര്‍ഷം 17.6 ആയി ഉയര്‍ന്നിട്ടുണ്ട്. 56 രാജ്യങ്ങളില്‍ സ്ത്രീ പുരുഷ സാന്നിധ്യമുള്ള മൂവായിരം കമ്പനികളിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 30,000 എക്‌സിക്യൂട്ടിവ് പദവികള്‍ പഠന വിധേയമാക്കി. ഏഷ്യ, പസഫിക് രാജ്യങ്ങളില്‍ ബോര്‍ഡ്, മാനേജ്‌മെന്റ് തലത്തില്‍ വനിതകളുടെ സാന്നിധ്യം കൂടിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ യൂറോപ്പാണ് പട്ടികയില്‍ മുന്നിലിടം പിടിച്ചിരിക്കുന്നത്. 29.7 ശതമാനം. വടക്കേ അമേരിക്കയിലും വനിതാ പ്രതിനിധ്യം മികച്ച തോതിലാണ്. 2015ല്‍ ബോര്‍ഡ് തലത്തില്‍ വനിതകളുടെ പ്രാതിനിധ്യം 17.3 ആയിരുന്നത് 2019ല്‍ 24.7 നോട് അടുത്തിരിക്കുന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഉയര്‍ന്ന പദവികളില്‍ ഇന്ത്യ പിന്നോട്ട്

പഠനം അനുസരിച്ചുള്ള റാങ്കിംഗ് പട്ടികയില്‍ ഇന്ത്യ 23ാം സ്ഥാനത്താണുള്ളത്. രാജ്യത്ത് ബോര്‍ഡ് തലത്തിലുള്ള വനിതാ പ്രാതിനിധ്യം കഴിഞ്ഞ അഞ്ച് വര്‍ഷത്തേതില്‍ നിന്നും 4.3 ശതമാനം ഉയര്‍ന്ന് 15.2ല്‍ എത്തിയിട്ടുണ്ടെങ്കിലും ആഗോള ശരാശരി കണക്കിലെടുക്കുമ്പോള്‍ ഇത് കുറവാണ്. ഏഷ്യ, പസഫിക് രാജ്യങ്ങളില്‍ വെച്ച് വനിതാ ചീഫ് എക്‌സിക്യൂട്ടിവ് പദവികളിലും ഇന്ത്യ പിന്നോട്ടാണ്(2%). വനിതാ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിഭാഗത്തില്‍ ഏറ്റവും പിന്നില്‍ നിന്നും രണ്ടാം സ്ഥാനമാണ് (1%) ഇന്ത്യക്ക് നേടാനായത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഉയര്‍ന്ന മാനേജ്‌മെന്റ് പദവികളില്‍ ഇന്ത്യയില്‍ 1.6 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 2016ല്‍ 6.9 ശതമാനമായിരുന്നത് 2019ല്‍ 8.5 ശതമാനമായി മാറി. എഷ്യ പസഫിക് രാജ്യങ്ങളില്‍ വെച്ച് വനിതാ പ്രാതിനിധ്യത്തില്‍ ദക്ഷിണകൊറിയ (4%), ജപ്പാന്‍(3%) രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യ.

സിംഗപ്പൂരും ഇറ്റലിയും മുന്നില്‍

15 ശതമാനം വനിതാ സിഇഒകളുമായി സിംഗപ്പൂര്‍, ഇറ്റലി രാജ്യങ്ങളാണ് മുന്നിലുള്ളത്. തൊട്ടുപിന്നില്‍ തായ്‌ലന്‍ഡ് (9%), ഫിലിപ്പൈന്‍സ്(8%) രാജ്യങ്ങളാണ്. എഷ്യാ പസഫിക് രാജ്യങ്ങളില്‍ വനിതാ സിഎഫ്ഒ സാന്നിധ്യത്തില്‍ തായ്‌ലന്‍ഡ്(42%), മലേഷ്യ (29%), ഫിലിപ്പൈന്‍സ് (28%) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.

Comments

comments

Categories: FK News