വ്യാപാര കമ്മി കുറച്ചേ മതിയാകൂ

വ്യാപാര കമ്മി കുറച്ചേ മതിയാകൂ

മോദി-ഷി കൂടിക്കാഴ്ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി കുറയ്ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. അതിന് ഇന്ത്യയുടെ നയപരിപാടികള്‍ നിര്‍ണായകമാകും

പതിവ് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള വ്യക്തിഗത സൗഹൃദത്തിന്റെ പ്രതിഫലനമാണ് മഹാബലിപുരത്ത് കണ്ടത്. ഇരുരാജ്യങ്ങളിലും അധികാരത്തിലിരിക്കുന്ന നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ആഗോള മാനങ്ങള്‍ കല്‍പ്പിക്കപ്പെട്ടിരുന്നു. ചര്‍ച്ചകളുടെ ഏറ്റവും ശ്രദ്ധേയമായ ഫലമായി വിലയിരുത്താവുന്നത് ചൈനയുമായി ഇന്ത്യക്കുള്ള വ്യാപാര കമ്മി കുറയ്ക്കാന്‍ ഉന്നത തല സംഘം രൂപീകരിക്കുമെന്ന തീരുമാനമാണ്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈനയുമായി അസാധാരണമായ വ്യാപാര കമ്മിയാണ് ഭാരതത്തിനുള്ളത്. സാമ്പത്തികപരമായും രാഷ്ട്രീയപരമായും സുരക്ഷാപരമായും അത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ വുഹാന് ശേഷം ഇരുനേതാക്കളും തമ്മില്‍ മറ്റൊരു അനൗപചാരിക കൂടിക്കാഴ്ച്ച കൂടി നടത്തിയപ്പോള്‍ വ്യാപാരത്തിനൊപ്പം തന്നെ വ്യാപാരകമ്മിയും പ്രധാന വിഷയമായി എന്നത് സ്വാഭാവികമാണ്. കശ്മീര്‍, പാക്കിസ്ഥാന്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലം ഈ കൂടിക്കാഴ്ച്ചയ്ക്കുണ്ടായിരുന്നെങ്കിലും വിവാദങ്ങളില്‍ തൊടാതെ നിക്ഷേപവും വ്യാപാരവും മുന്‍ഗണനാ വിഷയങ്ങളാക്കി എന്നത് ശ്രദ്ധേയമാണ്. വിദേശാകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇത് വ്യക്തമാക്കുകയുമുണ്ടായി.

2018ലെ കണക്കനുസരിച്ച് ഏകദേശം 95.54 ബില്യണ്‍ ഡോളറാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം. എന്നാല്‍ ഇന്ത്യക്ക് കമ്യൂണിസ്റ്റ് രാജ്യവുമായുള്ള വ്യാപാര കമ്മിയാകട്ടെ 53 ബില്യണ്‍ ഡോളറും. ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിനിവേശം നടത്താനുള്ള സാഹചര്യമൊരുക്കിക്കൊടുത്തതാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിന് കാരണം. ഈ വ്യാപാര കമ്മി പരിഹരിക്കാനുള്ള പദ്ധതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതുണ്ട്.

വ്യാപാര കമ്മി വിഷയം വേണ്ട രീതിയില്‍ പരിഗണിക്കാന്‍ ചൈന തയാറാണെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് ഏത് തരത്തില്‍ പ്രാവര്‍ത്തികമാകും എന്നതാണ് ചോദ്യം. പ്രത്യേകിച്ചും മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാര്‍ പോലുള്ള ചൈനീസ് കേന്ദ്രീകൃത പദ്ധതികളില്‍ ചേരാന്‍ ഇന്ത്യ തയാറായി നില്‍ക്കുമ്പോള്‍. 2013ലാണ് ആര്‍സിഇപി കൂടിയാലോചനകള്‍ ആരംഭിച്ചത്. ആസിയാന്‍ അംഗരാഷ്ട്രങ്ങള്‍ക്കിടയിലും അവരുടെ സ്വതന്ത്ര വ്യാപാര കരാര്‍ പങ്കാളികളുമായും ആധുനികവും സമഗ്രവും ഉയര്‍ന്ന ഗുണനിലവാരമുള്ളതും പരസ്പരം ഗുണപ്രദവുമായ ഒരു സാമ്പത്തിക പങ്കാളിത്ത കരാറിന് രൂപം കൊടുക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വീണ്ടും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുവന്ന പരവതാനി വിരിക്കുന്നതിന് സമമാണെന്നാണ് വിമര്‍ശനങ്ങള്‍. വ്യാപാര കമ്മി കൂടാനുള്ള സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യ നിക്ഷേപത്തിന്റെ മുഖംമൂടിയണിഞ്ഞുള്ള ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡിന്റെ കാര്യത്തില്‍ ന്യൂഡെല്‍ഹിയും ബെയ്ജിംഗും തമ്മില്‍ ഇതുവരെ ധാരണയിലെത്തിയിട്ടില്ല. ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്തുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ നിരവധി തവണ അതൃപ്തി അറിയിച്ചെങ്കിലും ചൈന ഇതുവരെ അത് കണക്കിലെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ വ്യാപാര കമ്മി കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ അതിവേഗം ലക്ഷ്യം കാണേണ്ടതുണ്ട്.

Categories: Editorial, Slider