മധുരപാനീയങ്ങളുടെ പരസ്യം നിരോധിക്കാനൊരുങ്ങി സിംഗപ്പൂര്‍

മധുരപാനീയങ്ങളുടെ പരസ്യം നിരോധിക്കാനൊരുങ്ങി സിംഗപ്പൂര്‍

ലോകത്തെ മുന്‍നിര ഫിനാന്‍ഷ്യല്‍ സെന്ററാണു സിംഗപ്പൂര്‍. ഈ പ്രത്യേകതയുള്ളപ്പോള്‍ തന്നെ പ്രായമായവരുടെയും പ്രമേഹരോഗികളുടെയും എണ്ണം വര്‍ധിച്ചുവരുന്ന നഗരമെന്ന വിശേഷണവും സിംഗപ്പൂരിനുണ്ട്. ഇത് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സിംഗപ്പൂരിനെ പ്രേരിപ്പിച്ചിരിക്കുകയാണ്. അതിനായി സിംഗപ്പൂര്‍ കണ്ടുപിടിച്ച മാര്‍ഗങ്ങളിലൊന്നു മധുരപാനീയങ്ങളുടെ പരസ്യം നിരോധിക്കുക എന്നത്. മധുരപാനീയങ്ങള്‍ ഉപഭോഗം ചെയ്യുന്നതിലൂടെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ശരീരത്തിലേക്ക് പ്രവേശിക്കുകയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു പരസ്യങ്ങള്‍ക്കു നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്

ഏഷ്യയിലെ ഏറ്റവും വലിയ പഞ്ചസാര ഉപഭോക്താക്കളിലൊരു രാജ്യമാണു സിംഗപ്പൂര്‍. പഞ്ചസാരയുടെ വര്‍ധിച്ച ഉപഭോഗം ആ രാജ്യത്തെ പ്രമേഹ രോഗികളുമാക്കിയിരിക്കുന്നു. രാജ്യത്തു വര്‍ദ്ധിച്ചുവരുന്ന പ്രമേഹ നിരക്കിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായി അനാരോഗ്യകരമായ പഞ്ചസാര പാനീയങ്ങളുടെ പരസ്യങ്ങള്‍ നിരോധിക്കാന്‍ പോവുകയാണ്. ഇത്തരത്തില്‍ നടപടിയെടുക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി അതോടെ സിംഗപ്പൂര്‍ മാറും. സിംഗപ്പൂരിലെ ആരോഗ്യകാര്യ മന്ത്രാലയം വ്യാഴാഴ്ചയാണ് (ഒക്ടോബര്‍ 10) ഇക്കാര്യം അറിയിച്ചത്. പഞ്ചസാര പാനീയങ്ങളുടെ പരസ്യങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ എങ്ങനെ നടപ്പാക്കാമെന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത വര്‍ഷം പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ പഞ്ചസാര പാനീയ വ്യവസായത്തിന്റെ പ്രതികരണം ആരായുമെന്നു മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പ്രമേഹത്തിനെതിരേയുള്ള യുദ്ധത്തിന്റെ ഭാഗമായി പഞ്ചസാരയുടെ അളവ് കൂടുതലുള്ള പാനീയങ്ങളുടെ പരസ്യങ്ങള്‍ നിരോധിക്കുക മാത്രമല്ല, അത്തരം പാനീയങ്ങളുടെ പാക്കേജിന്റെ മുന്‍വശത്ത് പാനീയത്തില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാരയുടെ അംശമുണ്ടെന്നും അവ പാനം ചെയ്യുന്നത് അനാരോഗ്യകരമാണെന്നും എഴുതി ചേര്‍ക്കാനും ആവശ്യപ്പെടും. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍, ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിംഗ്, ബ്രോഡ്കാസ്റ്റ്, പ്രിന്റ് മീഡിയ പ്ലാറ്റ്‌ഫോം തുടങ്ങിയ എല്ലാ വിഭാഗം മാധ്യമങ്ങളിലും പരസ്യം നിരോധിക്കാനാണു പദ്ധതിയിടുന്നത്. ആളോഹരി അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉപഭോക്താക്കളാണു തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂരും മലേഷ്യയും. ഈ ഈയൊരു കാരണം ഒന്നു കൊണ്ടു തന്നെ പ്രമേഹം, അമിതവണ്ണം എന്നീ ആരോഗ്യപ്രശ്‌നങ്ങളുടെ വര്‍ധനവിനും കാരണമായതായിട്ടാണു കണ്ടെത്തിയിരിക്കുന്നത്. സിംഗപ്പൂരില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 65 വയസും അതില്‍ കൂടുതല്‍ പ്രായമുള്ളവരുടെയും എണ്ണം ഇരട്ടിയാകുമെന്നാണു കരുതുന്നത്. ‘പ്രായമാകുന്ന ജനസംഖ്യയില്‍ നിരവധി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ നമ്മള്‍ ഇടപെടുന്നില്ലെങ്കില്‍ അനാരോഗ്യമുള്ള ജനതയായി തീരും സിംഗപ്പൂരിലേതെന്നു’ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി എഡ്‌വിന്‍ ടോങ് പറയുകയുണ്ടായി. സമ്പന്നമായ സിംഗപ്പൂരിലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രമേഹ നിരക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന സര്‍വേയില്‍ കണ്ടെത്തിയത് സിംഗപ്പൂരിലെ ഓരോ വ്യക്തിയും പ്രതിദിനം 60 ഗ്രാം പഞ്ചസാര ഭക്ഷണത്തിലൂടെ കഴിക്കുന്നതായിട്ടാണ്. ഇതില്‍ തന്നെ കൂടുതലും മധുരപാനീയങ്ങളിലൂടെയാണു പഞ്ചസാര ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്നും കണ്ടെത്തുകയുണ്ടായി. ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച് സിംഗപ്പൂരില്‍ മുതിര്‍ന്നവരില്‍ 13.7 ശതമാനവും പ്രമേഹ രോഗികളാണ്. അതിവേഗം പ്രായമാകുന്ന ജനസംഖ്യയും ഭക്ഷണ ശൈലിയില്‍ വന്ന മാറ്റവുമാണ് ഇതിനു കാരണം. ഇന്ന് ലോകമെമ്പാടുമുള്ള 420 ദശലക്ഷം ആളുകള്‍ പ്രമേഹ രോഗികളാണ്. 2045-ഓടെ ഇത് 629 ദശലക്ഷമായി ഉയരുമെന്നും ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കാപ്പി, ചായ എന്നിവയെ വെറുതെ വിടും

പഞ്ചസാരയുടെ അളവ് ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് നിര്‍ണയിച്ച് ഓണ്‍ ദ സ്‌പോട്ടില്‍ ഉണ്ടാക്കുന്ന ചായയ്ക്കും, കാപ്പിക്കും സിംഗപ്പൂര്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്ന നിയമം ബാധകമായിരിക്കില്ല. എന്നാല്‍ ഭാവിയില്‍ ഇവ ആരോഗ്യമന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുമെന്നു മന്ത്രി എഡ്‌വിന്‍ ടോങ് പറഞ്ഞു. ക്യാനുകള്‍, പാക്കറ്റുകള്‍, ബോട്ടിലുകള്‍ എന്നിവയില്‍ ലഭിക്കുന്ന റെഡി-ടു-ഡ്രിങ്ക് ഉല്‍പ്പന്നങ്ങളിലാണു പഞ്ചസാരയുടെ അളവ് കൂടിയ തോതിലുള്ളത്. ഇവ പാനം ചെയ്യുന്നതിലൂടെ ശരീരത്തിലേക്ക് വലിയ തോതില്‍ പഞ്ചസാര പ്രവേശിക്കുന്നു. പ്രമേഹം, അമിതവണ്ണം എന്നിവ ഉണ്ടാകുന്നത് ഇത്തരം പാനീയങ്ങള്‍ ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുമ്പോഴാണെന്ന് ലോക ആരോഗ്യ സംഘടന പറയുന്നു. ഇത്തരം പാനീയങ്ങള്‍ എങ്ങനെ ഒഴിവാക്കാനാകുമെന്നു പൊതുജനങ്ങളില്‍നിന്ന് സിംഗപ്പൂരില്‍ ആരോഗ്യ മന്ത്രാലയം അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിനു ശേഷം ഏകദേശം എട്ട് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ആരോഗ്യമന്ത്രാലയം പാനീയങ്ങളുടെ പരസ്യം നിരോധിക്കാനുള്ള തീരുമാനം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ആരാഞ്ഞപ്പോള്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നാല് പ്രൊപ്പോസലുകളാണു മുന്നോട്ടുവച്ചത്. ഇതില്‍ രണ്ട് പ്രൊപ്പോസലുകള്‍ക്കാണു കൂടുതല്‍ പിന്തുണ ലഭിച്ചത്. പാനീയങ്ങളുടെ പരസ്യം നിരോധിക്കലായിരുന്നു ആദ്യ പ്രൊപ്പോസല്‍. രണ്ടാമത്തേത്, പാനീയങ്ങളുടെ പാക്കേജിന്റെ മുന്‍വശത്ത് പാനീയത്തില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാരയുടെ അംശമുണ്ടെന്നും അവ പാനം ചെയ്യുന്നത് അനാരോഗ്യകരമാണെന്നും എഴുതി ചേര്‍ക്കുന്നതുമായിരുന്നു. ഇവ രണ്ടും നടപ്പിലാക്കണമെന്ന അഭിപ്രായമാണു പൊതുജനം മുന്നോട്ടുവച്ചത്. ഉയര്‍ന്ന അളവില്‍ പഞ്ചസാരയുള്ള പാനീയങ്ങളുടെ വില്‍പ്പന രാജ്യമൊട്ടാകെ നിരോധിക്കാനുള്ള പ്രൊപ്പോസലിനും ശീതളപാനീയ വ്യവസായത്തിനു പഞ്ചസാര നികുതി ഏര്‍പ്പെടുത്താനുള്ള പ്രൊപ്പോസലിനും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. 3700-ാളം പേരില്‍നിന്നാണു സിംഗപ്പൂരിലെ ആഭ്യന്തര മന്ത്രാലയം അഭിപ്രായം ശേഖരിച്ചത്. ശീതളപാനീയ വ്യവസായത്തിലെ പ്രമുഖരോടും അഭിപ്രായം ആരായുകയുണ്ടായി.

പാനീയങ്ങള്‍ക്ക് 30-ാളം രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍

ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി 30-ലധികം രാജ്യങ്ങളില്‍ ഫ്രന്റ്-ഓഫ്-പായ്ക്ക് ലേബല്‍ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഉപഭോഗം ചെയ്യുന്ന പാനീയത്തിലെ പഞ്ചസാരയുടെ അളവ്, പോഷക ഗുണമേന്മ എന്നിവ പാനീയത്തിന്റെ പായ്ക്കറ്റിന്റെ പുറത്ത് രേഖപ്പെടുത്തുന്ന സംവിധാനമാണ് ഫ്രന്റ്-ഓഫ്-പായ്ക്ക് ലേബല്‍. ഭക്ഷണത്തിന്റെയും പാനീയത്തിന്റെ തെരഞ്ഞെടുപ്പുകളില്‍ ആരോഗ്യപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ ഇതുവഴി സാധിക്കുമെന്നതാണ് ആ രീതിയുടെ ഗുണം. 2016 മുതല്‍ ചിലിയില്‍ ഫ്രന്റ്-ഓഫ്-പായ്ക്ക് ലേബല്‍ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. അവിടെ ഒരു പാനീയത്തില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന തോതിലുണ്ടെങ്കില്‍ ആ പാനീയത്തിന്റെ പാക്കറ്റിന്റെ പുറത്ത് ‘പഞ്ചസാര ഉയര്‍ന്ന അളവില്‍’ (high in sugar) എന്ന് രേഖപ്പെടുത്തിയ ലേബല്‍ പതിക്കും. ഇങ്ങനെ രേഖപ്പെടുത്തിയതോടെ ഉയര്‍ന്ന അളവില്‍ പഞ്ചസാരയടങ്ങിയ പാനീയത്തിന്റെ വില്‍പ്പനയില്‍ എട്ട് മാസത്തിനിടെ ഗണ്യമായ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സമീപകാലത്ത് 79 രാജ്യങ്ങളില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയത് ജങ്ക് ഫുഡിന്റെ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ജങ്ക് ഫുഡിന്റെ വില്‍പ്പന ഒന്‍പതു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയെന്നാണ്. അതേസമയം ഇത്തരം പരസ്യ നിയന്ത്രണങ്ങളില്ലാത്ത രാജ്യങ്ങളിലെ ജങ്ക് ഫുഡ് വില്‍പ്പനയില്‍ 14 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും പഠനം കണ്ടെത്തി.

സ്വാഗതം ചെയ്ത് കൊക്കകോള

ശീതളപാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് പരസ്യങ്ങള്‍ നിരോധിക്കാനുള്ള സിംഗപ്പൂരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ലോകത്തിലെ ഏറ്റവും വലിയ പാനീയ നിര്‍മാതാക്കളായ കൊക്കകോള അറിയിച്ചു.

Categories: Top Stories