റഷ്യ-യുഎഇ ബന്ധത്തില്‍ പുതിയ അവസരങ്ങള്‍ തുറന്ന് നല്‍കി പുടിന്റെ യുഎഇ സന്ദര്‍ശനം

റഷ്യ-യുഎഇ ബന്ധത്തില്‍ പുതിയ അവസരങ്ങള്‍ തുറന്ന് നല്‍കി പുടിന്റെ യുഎഇ സന്ദര്‍ശനം
  • റഷ്യയിലെ 200 ബില്യണ്‍ ഡോളറിന്റെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ യുഎഇ നിക്ഷേപകര്‍ക്ക് അവസരം
  • റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ ഇന്ന് സൗദി സന്ദര്‍ശിക്കും

ദുബായ്: സഹകരണത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് 200 ബില്യണ്‍ ഡോളറിന്റെ റഷ്യന്‍ പദ്ധതികളില്‍ യുഎഇയ്ക്ക് നിക്ഷേപ അവസരങ്ങള്‍ തുറന്നുനല്‍കി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വഌദിമ്ര്‍ പുടിന്‍ നാളെ യുഎഇ സന്ദര്‍ശിക്കാനിരിക്കെയാണ് 200 ബില്യണ്‍ ഡോളറിന്റെ ദേശീയ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ യുഎഇ സര്‍ക്കാരിനും നിക്ഷേപകര്‍ക്കും നിക്ഷേപത്തിനുള്ള അവസരങ്ങള്‍ നല്‍കുമെന്ന് റഷ്യ അറിയിച്ചിരിക്കുന്നത്. പുതിയ നിക്ഷേപങ്ങളിലൂടെ റഷ്യ-യുഎഇ ബന്ധം കൂടുതല്‍ ആഴമുള്ളതാക്കുകയെന്നതാണ് ഇരുരാഷ്ട്രങ്ങളുടെയും ലക്ഷ്യം. മറ്റനേകം മേഖലകള്‍ക്കൊപ്പം ബഹിരാകാശ, ആണവ മേഖലകളില്‍ പദ്ധതിയിടുന്ന സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമായും.

യുഎഇ സര്‍ക്കാരിനും നിക്ഷേപകര്‍ക്കും വലിയ അവസരങ്ങള്‍ തുറന്നുനല്‍കുന്നവയാണ് രാജ്യത്തെ പദ്ധതികളെന്ന് റഷ്യയുടെ സൊവറീന്‍ വെല്‍ത്ത് ഫണ്ടായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(ആര്‍ഡിഐഎഫ്)സിഇഒ കിറില്‍ ദിമിത്രീവ് പറഞ്ഞു. സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലുള്ള സഹകരണം ദൃഢപ്പെടുത്തുന്നതിനായിരിക്കും ഇരുരാജ്യങ്ങളും മുന്‍ഗണന നല്‍കുകയെന്നും വ്യാപാര പദ്ധതികളും അന്യോന്യമുള്ള നിക്ഷേപ പദ്ധതികളും റഷ്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്നും ദിമിത്രീവ് കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകള്‍ നിലവിലുണ്ട്. മോസ്‌കോ സര്‍വ്വകലാശാല യുഎഇയിലുള്ള സര്‍വ്വകലാശാലകളുമായി ആഴത്തിലുള്ള അടുപ്പം കാത്തൂസൂക്ഷിക്കുന്നുണ്ട്. കൂടാതെ സാംസ്‌കാരിക രംഗത്തും സഹകരണത്തിന് പദ്ധതിയുണ്ട്. റഷ്യന്‍ മ്യൂസിയങ്ങള്‍ യുഎഇയില്‍ നിന്നുള്ള പ്രദര്‍ശകര്‍ക്കായി തുറന്നുനല്‍കും. ടൂറിസം മേഖലയില്‍ ഇപ്പോള്‍ തന്നെ വളരെ മികച്ച ബന്ധമാണ് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലുള്ളത്. ദുബായിലേക്ക് മാത്രമല്ല, അബുദാബിയിലേക്കും ഇപ്പോള്‍ റഷ്യന്‍ സഞ്ചാരികളുടെ ഒഴുക്കാണ്. അബുദാബിയില്‍ നടത്തപ്പെടുന്ന ഫോര്‍മുല വണ്‍ പോലുള്ള കായിക പരിപാടികളിലും സാദിയാത്ത് ദ്വീപില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികളിലും റഷ്യന്‍ സഞ്ചാരികള്‍ വളരെ ആകൃഷ്ടരാണെന്ന് ദിമിത്രീവ് പറഞ്ഞു. പശ്ചിമേഷ്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ക്കനുസൃതമായി ചെറിയ ആണവപ്ലാന്റുകള്‍ നിര്‍മിക്കാനും റഷ്യയ്ക്ക് പദ്ധതിയുണ്ട്. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി പുചിന്റെ യുഎഇ സന്ദര്‍ശനത്തിനുള്ള പ്രതിനിധി സംഘത്തില്‍ റോസാറ്റം സ്‌റ്റേറ്റ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടാകും.

വളരുന്ന ബന്ധം

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും പ്രസിഡന്റ് പുടിന്റെയും നേതൃത്വത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതായാണ് കഴിഞ്ഞ നാളുകളില്‍ കണ്ടതെന്നും ഈ സൗഹൃദം പ്രകടമാക്കുന്നതിനുള്ള മറ്റൊരു വഴിയാണ് നിക്ഷേപങ്ങളെന്നും ദിമിത്രീവ് പറഞ്ഞു. .

2013ല്‍ യുഎഇയുടെ സൊവറീന്‍ വെല്‍ത്ത് ഫണ്ടായ മുബദാലയുമായി ആര്‍ഡിഐഎഫ് സഹകരണത്തിന് തുടക്കമിട്ടിരുന്നു. പിന്നീട് ഇവര്‍ ഒരുമിച്ച് റഷ്യയില്‍ 45 ബിസിനസുകളില്‍ നിക്ഷേപം നടത്തി. റഷ്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക നിക്ഷേപങ്ങള്‍ നടത്തിയ മുബദാലയ്ക്ക് മറ്റേതൊരു രാജ്യത്ത് നിന്നും ലഭിക്കുന്നതിനേക്കാളും മികച്ച പ്രതിഫലമാണ് ആ നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് ദിമിത്രീവ് അവകാശപ്പെട്ടു.

റഷ്യന്‍ ഹെലികോപ്ടറുകള്‍, റഷ്യയുടെ വടക്കന്‍ മേഖലകളില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച പെട്രോകെമിക്കല്‍ കമ്പനിയായ സിബര്‍, റഷ്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് കമ്പനിയായ പിഎല്‍ടി, സെന്റ്പീറ്റേഴ്‌സബര്‍ഗിലെ പുല്‍കോവോ എയര്‍പോര്‍ട്ട് എന്നിവ റഷ്യയില്‍ മുബദാല നിക്ഷേപം നടത്തിയ ചില പ്രമുഖ സ്ഥാപനങ്ങളാണ്. ഇവ കൂടാതെ ആരോഗ്യം, അടിസ്ഥാനസൗകര്യം, ടെക്‌നോളജി തുടങ്ങി മറ്റ് മേഖലകളിലുമുള്ള 45 കമ്പനികളിലായി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 4 ബില്യണ്‍ ഡോളര്‍ ഇരുസ്ഥാപനങ്ങളും കൂടി ചിലവഴിച്ചതായി ഡിമിത്രീവ് പറഞ്ഞു. നിക്ഷേപത്തിനപ്പുറം വ്യാപരമേഖലയിലേക്കും ഈ സഹകരണം വ്യാപിപ്പിക്കാനും ചൈന പോലെ മറ്റ് രാഷ്ട്രങ്ങളിലും സംയുക്ത പങ്കാളിത്ത പദ്ധതികള്‍ നടപ്പിലാക്കാനും ഈ കൂട്ടുകെട്ടിന് പദ്ധതിയുള്ളതായി ദിമിത്രീവ് വ്യക്തമാക്കി.

റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് നിക്ഷേപങ്ങള്‍ പരമപ്രധാനമാണ്. പുടിന്റെ സന്ദര്‍ശനം യുഎഇയിലും റഷ്യയിലുമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും ബിസിനസുകാരുടെയും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്നും ഇത് പുതിയ നിക്ഷേപസാധ്യതകള്‍ സൃഷ്ടിക്കുമെന്നും ദിമിത്രീവ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനോടകം തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ പങ്കാളിത്തമുള്ള ഇന്ധനമേഖലയ്ക്കപ്പുറം പരസ്പരസഹകരണത്തില്‍ ടെക്‌നോളജി മേഖലയ്ക്ക് ഊന്നല്‍ നല്‍കാനാണ് ഇപ്പോഴുള്ള തീരുമാനം. വളരെ പുരോഗതി നേടിയിട്ടുള്ള രാജ്യമെന്ന നിലയില്‍ വന്‍കിട കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുള്ള യുഎഇ പശ്ചിമേഷ്യന്‍ മേഖലയിലെ ടെക്‌നോളജി ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്.

യുഎഇയുമായുള്ള പങ്കാളിത്തത്തില്‍ സംതൃപ്തര്‍

കഴിഞ്ഞ 10-15 വര്‍ഷത്തിനിടയില്‍ വളര്‍ച്ച കൈവരിക്കുന്നതിലും സമ്പദ് വ്യവസ്ഥ സുതാര്യമാക്കുന്നതിലും എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിലും യുഎഇ നേതൃത്വം കൈവരിച്ച നേട്ടങ്ങളില്‍ റഷ്യയ്ക്ക് ഏറെ മതിപ്പുള്ളതായി ദിമിത്രീവ് പറഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ യുഎഇയുമായി കൂടുതല്‍ മികച്ച പങ്കാളിത്തമാണ് റഷ്യ ആഗ്രഹിക്കുന്നത്. പുടിന്റെ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ നിക്ഷേപങ്ങള്‍ റഷ്യയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ദിമിത്രീവ് പ്രതീക്ഷ പ്രകടിപ്പിച്ചു

Comments

comments

Categories: Arabia

Related Articles