ഇനിയെന്ന് നാം ജീവിച്ചു തുടങ്ങും?

ഇനിയെന്ന് നാം ജീവിച്ചു തുടങ്ങും?

നാമെല്ലാവരും വേഗതയിലാണ്. കൂടുതല്‍ ഉയരങ്ങള്‍ തേടി നാം പായുകയാണ്. കൂടുതല്‍ അധികാരവും പണവും കൈവന്നാല്‍ കൂടുതല്‍ സന്തോഷം വരും എന്ന് നാം വിശ്വസിക്കുന്നു. അതിനായി ഈ നിമിഷത്തിലെ സന്തോഷത്തെ നാം വലിച്ചെറിയുന്നു. തിരക്കില്‍ നഷ്ടപ്പെടുന്ന ജീവിതത്തെ നാം തിരിച്ചറിയുന്നില്ല

‘ദി ആര്‍ട്ട് ഓഫ് പവര്‍’ എന്ന തന്റെ പുസ്തകത്തില്‍ വിയറ്റ്‌നാമിലെ സമാധാന പ്രവര്‍ത്തകനും ബുദ്ധ ഭിക്ഷുവുമായ തിക് നത് ഹന്‍, ഫ്രെഡറിക് എന്ന ഒരു ബിസിനസുകാരന്റെ കഥ പറയുന്നുണ്ട്. അതിവേഗം പായുന്ന വെള്ളച്ചാട്ടത്തില്‍ ഒരു ഇല പെട്ടുപോയാല്‍ എങ്ങിനെയിരിക്കും. അതുപോലെയാണ് നമ്മുടെ ജീവിതങ്ങളും. കുതിച്ചു പായുന്ന കാലത്തിനൊപ്പം അതും പായുകയാണ്. ഈ കഥ അത്തരമൊരു കുതിച്ചു പായലിനെ വരച്ചിടുന്നു, ഒപ്പം നമ്മളേയും.

തന്റെ ലാവണത്തില്‍ വളരെ പ്രഗത്ഭനായ, വിജയിച്ച, സാമ്പത്തികമായി മികച്ച നിലയിലുള്ള ഒരു ബിസിനസുകാരനായിരുന്നു ഫ്രെഡറിക്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബവും ഫ്രെഡറിക്കിന്റെ സമ്പത്തായിരുന്നു. ഭാവിയെക്കുറിച്ച് വളരെ പ്രതീക്ഷകളുള്ള ഫ്രെഡറിക്, ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തണമെന്ന പ്രതീക്ഷയോടെ അക്ഷീണം ജോലി ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യ ക്ലോഡിയ അയാളുടെ ബിസിനസിനെ പൂര്‍ണ്ണമായും പിന്തുണച്ചിരുന്നു. ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഫ്രെഡറിക്കിന്റെ ആശയങ്ങളെ അവര്‍ വിശ്വസിച്ചിരുന്നു. കൂടുതല്‍ ഉയര്‍ന്ന വരുമാനവും വലിയ വീടും തങ്ങള്‍ക്ക് സന്തോഷം കൊണ്ടുവരും എന്നവര്‍ പ്രത്യാശിച്ചു. ഫ്രെഡറിക്കും ക്ലോഡിയയും മണിക്കൂറുകളോളം സംസാരിച്ചിരിക്കും. ബിസിനസിലെ പ്രശ്‌നങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യും. അവരുടെ സംഭാഷണങ്ങള്‍ ഒരിക്കലും അവരുടെ കുടുംബത്തിനെക്കുറിച്ചായിരുന്നില്ല, അവരുടെ സന്തോഷങ്ങളെക്കുറിച്ചായിരുന്നില്ല, അവരുടെ കുട്ടികളെക്കുറിച്ചായിരുന്നില്ല, മറിച്ച് ബിസിനസിനെക്കുറിച്ച് മാത്രമായിരുന്നു.

ഫ്രെഡറിക്കിന് തന്റെ കുടുംബത്തിനായി മാറ്റി വെക്കുവാന്‍ സമയമുണ്ടായിരുന്നില്ല. തന്റെ കുട്ടികളെ അയാള്‍ ശ്രദ്ധിച്ചിരുന്നില്ല. അയാളുടെ ദിവസങ്ങള്‍ തിരക്കു നിറഞ്ഞതായിരുന്നു. അയാള്‍ ഒന്നും ആസ്വദിക്കുന്നുണ്ടായിരുന്നില്ല. തന്റെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കണമെന്ന് അയാള്‍ക്ക് അതിയായ മോഹമുണ്ടായിരുന്നു. പക്ഷേ തന്റെ പക്കല്‍ അതിനായി ഇപ്പോള്‍ സമയമില്ല എന്നയാള്‍ കരുതി.

ക്ലോഡിയ ഒറ്റപ്പെട്ട പോലെയായി. അവള്‍ക്ക് ഏകാന്തത അനുഭവപ്പെട്ടു തുടങ്ങി. തന്റെ സമയം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അവള്‍ മാറ്റിവെച്ചു. തന്റെയും കുട്ടികളുടെയും മാത്രമായ ഒരു ലോകത്തേക്ക് അവള്‍ ചുരുങ്ങി. മകന്റെ നിര്‍ണ്ണായകമായ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയുടെ സമയത്തുപോലും ഫ്രെഡറിക്കിന് തന്റെ ബിസിനസില്‍ നിന്നും വിട്ടുനില്‍ക്കുവാനായില്ല. അവളെ കാര്‍ന്നുതിന്നിരുന്ന ട്യൂമര്‍ മുറിച്ചുമാറ്റുന്ന സമയത്തും അയാള്‍ മറ്റെവിടെയോ ആയിരുന്നു.

താന്‍ ചെയ്യുന്നതാണ് ശരി എന്നായിരുന്നു ഫ്രെഡറിക്കിന്റെ വിശ്വാസം. തന്റെ കുടുംബത്തിന്റെയും ജോലിക്കാരുടെയും ഭാവി തന്റെ കഠിനാധ്വാനത്തിലാണ് നിലകൊള്ളുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചു. ബിസിനസില്‍ കൈവരിക്കുന്ന ഉയര്‍ച്ചയും ഉയരുന്ന വരുമാനവും അയാളില്‍ അഭിമാനം വളര്‍ത്തി. വേഗത കുറയ്ക്കുവാന്‍ ക്ലോഡിയ തുടര്‍ച്ചയായി അയാളോട് ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിനായും അയാള്‍ക്കായും സമയം കണ്ടെത്താന്‍ അവള്‍ അയാളോട് അപേക്ഷിച്ചിരുന്നു. വളരെ മനോഹരമായ ഒരു ഗൃഹവും അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബവും ഫ്രെഡറിക്കിനുണ്ടായിരുന്നു. പക്ഷേ അവയൊന്നും ആസ്വദിക്കുവാന്‍ അയാള്‍ക്ക് സാധിച്ചിരുന്നില്ല.

കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ റിട്ടയര്‍ ആകുമെന്നും അപ്പോള്‍ ധാരാളം സമയം തനിക്കായും തന്റെ കുടുംബത്തിനായും മാറ്റി വെക്കുമെന്നും അയാള്‍ അവളോട് പറയുമായിരുന്നു. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ ബിസിനസിലാണ് പിന്നീടൊരിക്കല്‍ സന്തോഷത്തിനായി സമയം കണ്ടെത്താം എന്നായിരുന്നു അയാളുടെ തത്വശാസ്ത്രം.

അന്‍പത്തൊന്നാമത്തെ വയസില്‍ അപ്രതീക്ഷിതമായ ഒരു കാറപകടം ഫ്രെഡറിക്കിന്റെ ജീവന്‍ അപഹരിച്ചു. ചിന്തിക്കാത്ത സമയത്ത് ഒരു റിട്ടയര്‍മെന്റ് ദൈവം നല്‍കി. തന്റെ സ്ഥാനം മറ്റൊരാള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റില്ലെന്ന് എന്നും ഫ്രെഡറിക് അഹങ്കരിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ കമ്പനിക്ക് പുതിയൊരാളെ ആ സ്ഥാനത്തേക്ക് നിയമിക്കാന്‍ വെറും മൂന്നു ദിവസമേ വേണ്ടിവന്നുള്ളൂ.

നാമെല്ലാവരും വേഗതയിലാണ്. കൂടുതല്‍ ഉയരങ്ങള്‍ തേടി നാം പായുകയാണ്. കൂടുതല്‍ അധികാരവും പണവും കൈവന്നാല്‍ കൂടുതല്‍ സന്തോഷം വരും എന്ന് നാം വിശ്വസിക്കുന്നു. അതിനായി ഈ നിമിഷത്തിലെ സന്തോഷത്തെ നാം വലിച്ചെറിയുന്നു. തനിക്കായി, കുടുംബത്തിനായി മാറ്റിവെക്കാന്‍ നമ്മുടെ കയ്യില്‍ സമയമില്ല. തിരക്കില്‍ നഷ്ടപ്പെടുന്ന ജീവിതത്തെ നാം തിരിച്ചറിയുന്നില്ല.

റിട്ടയര്‍ ചെയ്യുമ്പോള്‍ ആസ്വദിക്കാന്‍ നാം ജീവിതം മാറ്റിവെച്ചിരിക്കുകയാണ്. അധികാരത്തോടും പണത്തോടുമുള്ള ആര്‍ത്തി ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല. അവ കൈയിലേക്കെത്തുമ്പോഴേക്കും ജീവിതം ആസ്വദിക്കാന്‍ നമ്മുടെ പക്കല്‍ സമയം ബാക്കി കാണുമോ എന്നത് മറ്റൊരുകാര്യം. ബിസിനസും ജീവിതവും സമതുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നത് തന്നെയാണ് വിജയം.

അല്‍പ്പം വേഗത കുറയ്ക്കാം. നാമില്ലെങ്കിലും ഈ ലോകം മുന്നോട്ട് പോകും. ഒന്നിനും ഒരു കുറവും വരികയില്ല. നമ്മുടെ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ ആളുകളുണ്ടാവും. പക്ഷേ തന്റെ കുടുംബത്തില്‍ ഒരു ഭര്‍ത്താവിന്റെ, അച്ഛന്റെ സ്ഥാനം നമുക്ക് മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ. അവര്‍ക്കായി സമയം മാറ്റി വെക്കണം. ഓട്ടത്തിന്റെ വേഗത അല്‍പ്പം കുറച്ച് തിരിഞ്ഞുനോക്കിയാല്‍ നമുക്ക് നഷ്ടപ്പെട്ടവ എന്തെന്ന് കണ്ടെത്താം. അത് വീണ്ടെടുക്കാന്‍ നമുക്ക് ആവശ്യത്തിന് സമയമുണ്ട്. അതിനായി നാം തയ്യാറാവണം എന്നുമാത്രം.

Categories: FK Special, Slider