ലക്ഷ്യതുലനാങ്കവും സാരമേയാമൃതും

ലക്ഷ്യതുലനാങ്കവും സാരമേയാമൃതും

മഹാബലിപുരത്ത് ലോകത്തെ പ്രബലമായ രണ്ട് രാജ്യങ്ങളുടെ മേധാവികള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ക്കായി കണ്ടുമുട്ടിയത് ലോകമെങ്ങും ചര്‍ച്ചയായപ്പോഴും മലയാളിയുടെ സ്വീകരണമുറികളില്‍ നിറഞ്ഞത് കൂടത്തായിയിലെ സയനൈഡ് കൊലപാതക പരമ്പരയും അതിനെ ചുറ്റിപ്പറ്റിയ ഇക്കിളിച്ചര്‍ച്ചകളുമാണ്. ടിആര്‍പി വര്‍ധനയാണ് കൂടുതല്‍ പരസ്യവും ഒപ്പം വരുമാനവും തരുന്നതെന്നതിനാല്‍ ഓരോ ജനതയ്ക്കും അവരാഗ്രഹിക്കുന്ന കാഴ്ചകള്‍ നല്‍കുകയാണ് ദൃശ്യമാധ്യമങ്ങള്‍ ചെയ്തുവരുന്നത്. നമ്മുടെ തിരഞ്ഞെടുക്കലുകള്‍ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞു എന്നതിനാലാണിങ്ങനെ സംഭവിക്കുന്നത്

‘മത്തേഭം പാംസുസ്‌നാനം കൊണ്ടല്ലോ സന്തോഷിപ്പൂ
നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും’

– എഴുത്തച്ഛന്‍

1994 ജൂലൈ മാസം. ചികിത്സയ്ക്കായി ഒരു മാലിക്കാരി വനിത തിരുവനന്തപുരത്ത് എത്തുന്നു. മാലി പൗരന്മാര്‍ക്ക് വിസ കൂടാതെ 90 ദിവസം വരെ ഇന്ത്യയില്‍ കഴിയാം. അതിന് ശേഷം പ്രത്യേക അനുവാദം വേണം. തൊണ്ണൂറ് ദിവസത്തെ കാലാവധി തീരുന്നതിനുള്ളില്‍, ഒക്ടോബര്‍ 17 ന്, തിരിച്ചുപോകാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ, മാലിക്കാരിക്ക് യാത്ര ചെയ്യേണ്ട വിമാനം, പടര്‍ന്ന് പിടിച്ച ഒരു പ്ലേഗ് ഭീഷണി മൂലം, റദ്ദാക്കി. കാലാവധിക്കുള്ളില്‍ രാജ്യം വിടാന്‍ ആവാത്ത അവസ്ഥ. തന്മൂലം താമസ കാലാവധി നീട്ടിത്തരണമെന്ന അപേക്ഷയുമായി, ഒക്ടോബര്‍ 8 ന്, അവര്‍ ഇമിഗ്രേഷന്‍ പൊലീസ് ഓഫീസറെ സമീപിച്ചു. അദ്ദേഹം അവരുടെ പാസ്‌പോര്‍ട്ടും ടിക്കറ്റും വാങ്ങിവെച്ച ശേഷം പിന്നീട് വരാന്‍ ഉപദേശിച്ചു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം അവര്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ സമ്രാട്ട് ഹോട്ടലിലെ ഇരുന്നൂറ്റിഅഞ്ചാം നമ്പര്‍ മുറിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു എന്നാണ് യുവതി ആരോപിക്കുന്നത്. അവിടെ നടന്നതെന്താണെന്ന് നമുക്കറിയില്ല. ഇന്‍സ്‌പെക്റ്ററുടെ നടപടിയെ പറ്റി, വിസ പ്രശ്‌നവുമായി ബന്ധപ്പെട്ട് യുവതി ഇതിനിടയില്‍ കണ്ടിരുന്ന, ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനോട് പരാതി പറയുമെന്ന് അയാളോട് അറിയിച്ചു എന്ന് അവര്‍ പിന്നീട് പറയുകയുണ്ടായി. ഏതായാലും ഒക്ടോബര്‍ 20 ന് യുവതി അറസ്റ്റ് ചെയ്യപ്പെട്ടു. കാരണം, വിദേശീയര്‍ നിയമം വകുപ്പ് പതിനാലും വിദേശീയര്‍ ഉത്തരവ് ചട്ടം ഏഴും ലംഘിച്ചു എന്ന കുറ്റത്തിന്. യുവതിയോടൊപ്പം ഒരു മധ്യവയസ്‌കയും ഉണ്ടായിരുന്നു. അവരുടെ കുട്ടിയുടെ ചികിത്സയ്ക്കായാണ് ഇരുവരും തിരുവനന്തപുരത്ത് വന്നത്. മധ്യവയസ്‌കയുടെ കൈയിലുണ്ടായിരുന്ന നോട്ട് പുസ്തകത്തില്‍ ചില ഫോണ്‍ നമ്പറുകള്‍ ഉണ്ടായിരുന്നു. അതില്‍ ചിലത് ബഹിരാകാശ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥന്റെ ആയിരുന്നു എന്നാണ് ആരോപണം. യുവതി ഒരു റഷ്യന്‍ ബഹിരാകാശ കമ്പനിയുടെ ഉദോഗസ്ഥനെ യദൃച്ഛയാ കണ്ടുമുട്ടാന്‍ ഇടയായി എന്നതും അവര്‍ക്കെതിരെ സംശയത്തിന്റെ മുന നീളാന്‍ കാരണമായി. ഒരു ചാരക്കേസ് രൂപം കൊണ്ടു.

സ്വാഭാവികമായും അതീവ രഹസ്യ സ്വഭാവത്തില്‍ അന്വേഷിക്കേണ്ട കേസാണ് ചാരവൃത്തി. കാരണം, അതിന്റെ വേരുകള്‍ എവിടെ വരെ എത്തിയിട്ടുണ്ടാവും എന്ന് അറിയുകയില്ല. ചാരവൃത്തി ചെയ്യുന്നവര്‍ അവര്‍ക്കെതിരെ വരാവുന്ന ഓരോ ദൃഷ്ടിയേയും അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുന്നവര്‍ ആയിരിക്കും. എന്നാല്‍ ഇതിനിടയില്‍ യുവതിയുടെ ഫോട്ടോ പുറത്ത് വന്നു. അതോടെ പത്രങ്ങളായ പത്രങ്ങള്‍ (അന്ന് സര്‍ക്കാരിന്റെ ജിഹ്വയായ ദൂരദര്‍ശന്‍ ആണ് പ്രധാന ടിവി ചാനല്‍; അവര്‍ അന്നും ഇന്നും സെന്‍സേഷന്‍ കൈകാര്യം ചെയ്യാറില്ല) വെണ്ടക്ക നിരത്താന്‍ തുടങ്ങി. കേസന്വേഷണം പിന്നീട് അവരായി. രണ്ട് വിദേശീയരാണ് കേസില്‍ ഉള്ളത്. എന്നാല്‍ ഒരാളുടെ പേരാണ് പത്രങ്ങള്‍ പേര്‍ത്തും പേര്‍ത്തും എഴുതിയത്. കാരണം, മസാല ചേര്‍ക്കാന്‍ സ്‌കോപ്പുള്ളത് അവരില്‍ ആയിരുന്നു. മുഖകാന്തിയും അംഗസൗഷ്ഠവവും അധികാര കേന്ദ്രങ്ങളിലെ പുരുഷന്മാരുടെ പേരുകളും മസാലയുടെ ചേരുവകള്‍ ആയി. മൂന്നാംകിട മഞ്ഞ വാരികകള്‍ മാത്രമല്ല, ഒന്നാം നിരയിലെ ചിലതും രാസലീലയുടെ നീല നിറം പിടിപ്പിച്ച വിശദാംശങ്ങള്‍ വിതറിയെഴുതാന്‍ പേജ് കണക്കിന് അച്ചുനിരത്തി. ഒരു പത്രം വരുത്തിയിരുന്ന വീടുകളില്‍ പലതിലും രാവിലെ രണ്ടും മൂന്നും പത്രങ്ങള്‍ വീഴാന്‍ തുടങ്ങി. ഇക്കിളി, വാര്‍ത്താരൂപത്തില്‍ മാസങ്ങളോളം പകര്‍ന്നാടിയ കേരളത്തിലെ ആദ്യ സംഭവം ആയിരുന്നു, അത്. അതിനും മുപ്പത് വര്‍ഷം മുന്‍പ്, അപകടത്തില്‍ പെട്ട മന്ത്രി ശകടത്തില്‍, ആ അസമയത്ത് മന്ത്രിയോടൊപ്പം അപരിചിത ഉണ്ടായിരുന്നത് പോലും ഒന്നരക്കോളം വാര്‍ത്തയായി ഒരു ദിവസം കൊണ്ട് അസ്തമിച്ചിരുന്നു.

വ്യക്തികള്‍ തമ്മിലുള്ള സാമ്പത്തികത്തര്‍ക്കങ്ങളില്‍ കേസ് വരുമ്പോള്‍ അതില്‍ പ്രതിസ്ഥാനത്ത് അഴകളവുകള്‍ ഉണ്ടെങ്കില്‍ എന്ത് സംഭവിക്കും എന്ന് നമ്മള്‍ കുറച്ച് നാള്‍ മുന്‍പ് കണ്ടറിഞ്ഞതാണ്. (അപ്പോഴേയ്ക്കും നമ്മള്‍ വായന നിര്‍ത്തി, വിഡ്ഢിപ്പെട്ടിയില്‍ എത്തിയല്ലോ). ഒന്നാലോചിച്ചുനോക്കൂ, പല്ലുന്തിയ, ശരീരം ശോഷിച്ച, തല നരച്ച ഒരു വൃദ്ധനായിരുന്നു പ്രതിയെങ്കില്‍ സൂര്യതാപം കേരളത്തില്‍ ഇത്രമാത്രം വീശിയടിക്കുമായിരുന്നില്ല. കേസന്വേഷണം ടിവി ക്യാമറ ഏറ്റെടുക്കുമായിരുന്നില്ല. കിടപ്പറക്കാഴ്ചകള്‍ പ്രതീക്ഷിച്ച്, ഒരു സിഡി തേടി കോയമ്പത്തൂരിലേക്ക് ചാനല്‍ ഒബി വാനുകള്‍ പാഞ്ഞപ്പോള്‍ എത്ര യഥാര്‍ത്ഥ വാര്‍ത്തകളാണ് തമസ്‌കരിക്കപ്പെട്ടതെന്ന് നമ്മള്‍ കാണാതെ പോയി.

ലോക ജനസംഖ്യയില്‍ മൂന്നിലൊന്ന് വരുന്ന ജനതയെ പ്രതിനിധീകരിക്കുന്ന രണ്ട് രാഷ്ട്രനേതാക്കള്‍ ഇങ്ങ് തെക്കേ ഇന്ത്യയില്‍ മഹാബലിപുരത്ത് രണ്ട് ദിവസം കൂടിക്കാഴ്ച നടത്തിയത് വിദേശ ചാനലായ സിഎന്‍എന്‍ 6 മിനുട്ട് 36 സെക്കന്റ് നേരം ലൈവ് സംപ്രേഷണം ചെയ്തപ്പോള്‍, കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ നമ്മുടെ ചിന്തയിലേക്ക് സയനൈഡ് ഇറ്റിച്ച് തരികയായിരുന്നു. ഈ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് മാസങ്ങളോളം കേസന്വേഷിച്ച്, പതിനേഴ് വര്‍ഷം നീണ്ട ഒരു കൊലപാതക പരമ്പരയുടെ കുരുക്കുകെട്ടുകള്‍ അഴിച്ച കേരളത്തിലെ പോലീസ് സംവിധാനം പൊതുവിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശേഷിച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. പ്രതിയെ തിരിച്ചറിഞ്ഞ്, തെളിവുകള്‍ ശേഖരിച്ച്, കേസ് പോലീസ് ഒരു കരയ്ക്കടുപ്പിച്ച ശേഷം മാത്രം വിവരമറിഞ്ഞ ടിവി ക്യാമറക്കാര്‍, ട്രോളുകളില്‍ വന്ന പോലെ, പോലീസിനെ തള്ളിപ്പുറത്താക്കി അന്വേഷണം ഏറ്റെടുത്തു. എന്തേ ഇത്ര വൈകിയത് എന്നാണ് അവരുടെ അന്വേഷണാത്മക വിഭ്രമ പ്രവര്‍ത്തനം വിലാപവാക്യമോതുന്നത്.

മോദി-ഷി ജിംന്‍പിംഗ് ഉച്ചകോടിക്ക് രാജ്യാതിര്‍ത്തിക്കപ്പുറമുള്ള പ്രാധാന്യമുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പിന് ബദലായി, പത്ത് തെക്കനേഷ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി ഇന്ത്യയും ചൈനയുമടക്കമുള്ള ആറ് പ്രമുഖ കിഴക്കന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍സിഇപി) ഈ ചരിത്ര കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലുണ്ട്. അമേരിക്കയുമായി വ്യാപാരയുദ്ധത്തിലുള്ള ചൈന തന്നെയാണ് സ്വാഭാവികമായും, 2012 മുതല്‍ ആരംഭിച്ച, ഇത്തരം ഒരു നീക്കത്തിന് മുന്നില്‍ നടക്കുന്നത്. ഈ കൂടിക്കാഴ്ച നടക്കുന്ന സമയത്ത് തന്നെയാണ് കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയല്‍ കരാര്‍ സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ക്കായി തായ്ലന്‍ഡിലെ ബാങ്കോക്കില്‍ പോയതും. തീര്‍ച്ചയായും കരാറിന്റെ അസന്തുലിതാവസ്ഥകളെക്കുറിച്ച് ഇന്ത്യയ്ക്ക് സ്വാഭാവിക ആശങ്കകള്‍ ഉണ്ട്. പൂര്‍ണ്ണമായും അനൗപചാരിക കൂടിക്കാഴ്ച ആയിരുന്നതിനാല്‍, കരാര്‍ സംബന്ധിച്ച് മഹാബലിപുരത്ത് ഔപചാരിക ചര്‍ച്ചകള്‍ ഉണ്ടായതായി സ്ഥിരീകരണം ഇല്ലെങ്കിലും, കരാര്‍ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുമെന്ന് ചൈനീസ് പ്രസിഡന്റ് ഉറപ്പ് നല്‍കിയതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. ചട്ടാധിഷ്ഠിതമായ ഒരു ആഗോള വ്യാപാര സംവിധാനത്തിന്റെ പ്രാധാന്യം രണ്ട് നേതാക്കളും ഒരുപോലെ ഊന്നിപ്പറഞ്ഞപ്പോള്‍, കരാര്‍ സന്തുലിതവും നീതിപൂര്‍വ്വകവും ആവണമെന്ന ആവശ്യം ചൈനയെ ബോധ്യപ്പെടുത്താന്‍ ഇന്ത്യയ്ക്കായി എന്നതാണ് മഹാബലിപുരത്തെ നേട്ടം. ഇനിയും പ്രശ്‌നങ്ങള്‍ ബാക്കിയുണ്ടെന്നും അവ ദൂരീകരിക്കേണ്ടതുണ്ടെന്നും ചൈന സമ്മതിച്ചു.

പങ്കാളികളാവുന്ന പതിനാറ് രാജ്യങ്ങളുടെ വിപണി പരസ്പരം സ്വതന്ത്രമായി തുറന്ന് കൊടുക്കുകയാണ് കരാറിന്റെ ലക്ഷ്യം. ലോക ജനസംഖ്യയുടെ 45 ശതമാനത്തെയും ലോക സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്നിനെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് ആര്‍സിഇപി വിഭാവനം ചെയ്യുന്നത്. അമേരിക്ക നേതൃത്വം നല്‍കി വികസിപ്പിച്ച ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് അവര്‍ തന്നെ പിന്‍മാറിയ സാഹചര്യത്തില്‍ കിഴക്ക് ഒരു ഒരുമയുടെ പ്രസക്തി വര്‍ധിക്കുകയാണ്. വ്യാപാര ചര്‍ച്ചകളോട് വിചിത്രവും അസ്ഥിരമായതുമായ ട്രംപിന്റെ നിലപാടുകള്‍ ഒരുവശത്ത് നില്‍ക്കുമ്പോള്‍ അംഗരാജ്യങ്ങള്‍ക്ക് വിഭിന്നങ്ങളായ വിപണികള്‍ തുറന്ന് കൊടുക്കുവാന്‍ ആര്‍സിഇപിക്ക് അന്തര്‍ലീന ശക്തിയുണ്ടാവും. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ ചൈന ഒരുഭാഗത്ത് ശ്രമിക്കുന്നു. നാല് പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരുന്ന വ്യാപാര മുന്‍ഗണനാപദവി ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെട്ട ഭാരതവും, ഒരു പുതിയ വ്യാപാരക്കരാറിന് വേണ്ടി സൗഹൃദപൂര്‍ണമെങ്കിലും വീരോജ്വലമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം ആര്‍സിഇപി ഒരു വഴിക്കല്ലാവും.

എന്നാല്‍ നമുക്ക് ആര്‍സിഇപി സംബന്ധിച്ച് നമ്മുടേതായ ഉത്കണ്ഠകള്‍ ഉണ്ട്. അതുകൊണ്ടാണ് ആറ് വര്‍ഷങ്ങളായി മുപ്പത്തിമൂന്ന് ചര്‍ച്ചകള്‍ കഴിഞ്ഞിട്ടും നമ്മള്‍ കരാറില്‍ ചേരണമോ എന്ന് അവസാന തീരുമാനം എടുക്കാത്തത്. കരാറില്‍ ചേര്‍ന്നാല്‍, ചൈനയില്‍ നിന്നുള്ള ഇറക്കുമതിയുടെ 80 ശതമാനത്തിനും ഓസ്േ്രടലിയ, ന്യൂസിലാന്‍ഡ് എന്നിവയില്‍ നിന്നുള്ളതിന്റെ 86 ശതമാനത്തിനും കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളതിന്റെ 90 ശതമാനത്തിനും അഞ്ചുമുതല്‍ ഇരുപത്തഞ്ച് വര്‍ഷത്തിനുള്ളില്‍ ഇറക്കുമതിച്ചുങ്കം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യേണ്ടിവരും. ഇന്ത്യന്‍ വിപണിയില്‍, ഉല്‍പ്പാദനച്ചെലവും തന്‍മൂലം വിലയും കുറവുള്ള ചൈനീസ് സാധനങ്ങള്‍ കടന്നുവന്ന് പ്രളയം സൃഷ്ടിക്കുമെന്ന് ഇന്ത്യ ആശങ്കപ്പെടുന്നു. കാര്‍ഷിക-അനുബന്ധ വൃത്തികള്‍ക്ക് നിലനില്‍ക്കുവാന്‍ കരാര്‍ തടസ്സമാവും എന്നൊരു ചിന്തയും ഇന്ത്യക്കുണ്ട്. ഇതിനെല്ലാം പുറമേ, ചൈന എന്നൊരു സാമ്പത്തിക ഭീമന്‍ രംഗം പൂര്‍ണ്ണമായും കീഴടക്കുമോ എന്നൊരു ഭീതിയും നമുക്കില്ലാതില്ല.

ഇതെല്ലാംകൊണ്ടാണ് മഹാബലിപുരം പ്രാധാന്യമര്‍ഹിക്കുന്നത്. അവിടെ ചര്‍ച്ച ചെയ്യുന്ന ഓരോ കാര്യവും നമ്മുടെ ഭാവി ദൈനംദിന ജീവിതത്തെ ബാധിക്കുന്നതാണ്. അവയാണ്, നമ്മെ ഒരു തരത്തിലും ബാധിക്കാത്ത സയനൈഡ് കേസ് കാണിച്ച് മലയാള മാധ്യമങ്ങള്‍ നമ്മില്‍ നിന്ന് മാറ്റിവെച്ചത്. മലയാളി വീടുകളിലെ അകത്തളങ്ങളില്‍ ക്രൂര-കണ്ണീര്‍ സീരിയലുകള്‍ക്ക് കാഴ്ചക്കാര്‍ കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എല്ലാവരും, അതുവരെ ഒരിക്കല്‍ പോലും വാര്‍ത്ത കാണാത്തവര്‍ പോലും, വാര്‍ത്താ ചാനലുകള്‍ക്ക് മുന്നില്‍ വായും പൊളിച്ച് കണ്ണും കാതും മനസ്സും തുറന്നിരുന്നു എന്നാണറിയുന്നത്. ഇത് മാധ്യമക്കാര്‍ അവരുടെ ആഗ്രഹ പ്രകാരം ചെയ്തതല്ല. മറിച്ച്, അവര്‍ നമ്മുടെ തിരഞ്ഞെടുക്കലുകള്‍ തിരിച്ചറിഞ്ഞു എന്നതിനാലാണ് ഇത് സംഭവിച്ചത്. അന്യന്റെ കിടപ്പറയിലേക്കുള്ള ഒളിനോട്ടം! കൊലപാതകി പുരുഷന്‍ ആയിരുന്നെങ്കിലോ വൃദ്ധ ആയിരുന്നെങ്കിലോ ഈ ഒളിനോട്ടത്തിന് ഇത്രയും താല്‍പ്പര്യം ജനിക്കില്ലായിരുന്നു. കൊലപാതകിയുടെ സ്ത്രീ എന്ന അസ്തിത്വം, അവരുടെ പ്രായം, അംഗോപാംഗ ലക്ഷണം, പുരുഷ സംസര്‍ഗ്ഗ കഥകള്‍, അടവി വിഹാരങ്ങളിലെ സ്വച്ഛ ശാന്ത ഏകാന്തതയിലേക്കുള്ള യാത്രകള്‍, സിനിമാക്കൊട്ടകയിലെ ഇരുളടഞ്ഞ അകത്തളം, അതോര്‍ത്ത് മനസ്സിലുണരുന്ന ഇക്കിളിച്ചിന്തകള്‍ അല്ലെങ്കില്‍ കടുത്ത അസൂയ, ഒടുവില്‍ വാര്‍ത്ത തീര്‍ന്ന് പരസ്യം വരുമ്പോള്‍ ‘ഓ, ഇവന്റെ കൂടെ കിടക്കാനായിരുന്നോ ഇവള്‍ ഇതൊക്കെ ചെയ്തത്! കാണാനൊരു വര്‍ക്കത്തുള്ളവന്‍ ആയിരുന്നെങ്കില്‍ വേണ്ടുകേലാര്‍ന്നു’ എന്ന് ഉറക്കെ ആത്മഗതം നിര്‍ഗ്ഗമിപ്പിക്കുന്ന മനസ്സ്. ഇവയെല്ലാമാണ്, മഹാബലിപുരത്തേക്കാള്‍ കൂടത്തായി മരുന്നാണ് രോഗിക്കിഷ്ടം എന്ന് മഹാവൈദ്യന്‍ കല്‍പ്പിക്കുവാന്‍ കാരണം. കാരണം, മാധ്യമങ്ങള്‍ക്ക് വേണ്ടത് ടിആര്‍പി എന്ന ടെലിവിഷന്‍ റേറ്റിംഗ് പോയന്റ് എന്ന് പൊതുവില്‍ അറിയപ്പെടുന്ന ടാര്‍ഗറ്റ് റേറ്റിംഗ് പോയന്റ് ആണ്. ലക്ഷ്യവേധം തുലനം ചെയ്ത് അതായത് അളന്ന്, അങ്കപ്പെടുത്തി അഥവാ അക്കങ്ങളാക്കി കണക്കെടുക്കണം. ടിആര്‍പി വര്‍ധനയാണ് കൂടുതല്‍ പരസ്യം തരുന്നത്; അതാണ് വരുമാനം തരുന്നത് – മീഡിയയുടെ മുഖ്യ ഭക്ഷണം, അമൃതേത്ത്. അതിന് ഓരോ ജനതയ്ക്കും അവരാഗ്രഹിക്കുന്ന കാഴ്ചകള്‍ നല്‍കുക. അവരാഗ്രഹിക്കാത്തതിന് അവര്‍ക്കര്‍ഹതയില്ല. ആദ്യം എഴുതിയ രണ്ടുവരികള്‍ക്ക് അപ്പുറമാണോ ഇപ്പുറമാണോ എന്നോര്‍മ്മയില്ല, വേറെ രണ്ടുവരികള്‍ ‘ക്ഷീരമാംസാദി ഭുജിച്ചീടിലു………….പാരാതെ ഭുജിക്കണം സാരമേയങ്ങള്‍ക്കെല്ലാം’ എന്നാണ്. സയനൈഡ് വിശേഷം ഒരംശം പോലും വിടാതെ ഹൃദിസ്ഥമാക്കിയവരോട്: മുകളില്‍ വിട്ടുപോയ ഭാഗവും ‘സാരമേയ’ത്തിന്റെ അര്‍ത്ഥവും ഗൂഗിളില്‍ ഉണ്ടാവും.

Categories: FK Special, Slider