അരാംകോ ആക്രമണം നടന്നിട്ട് ഒരു മാസം: ആക്രമിക്കപ്പെട്ട ഇടങ്ങള്‍ മാധ്യമങ്ങളെ കാണിച്ച് സൗദി

അരാംകോ ആക്രമണം നടന്നിട്ട് ഒരു മാസം: ആക്രമിക്കപ്പെട്ട ഇടങ്ങള്‍ മാധ്യമങ്ങളെ കാണിച്ച് സൗദി

ഒരു മാസത്തിനുള്ളില്‍ വളരെ വേഗം ഭൂരിഭാഗം കേടുപാടുകളും പരിഹരിക്കാന്‍ അരാംകോയ്ക്ക് കഴിഞ്ഞെങ്കിലും ഖുറെയ്‌സിലും അബ്‌ഖൈകിലും ഇനിയും അറ്റകുറ്റപ്പണികള്‍ ബാക്കിയുണ്ട്

റിയാദ്: രാജ്യത്തെ പിടിച്ചുലച്ച ആക്രമണത്തില്‍ നിന്നും കരകയറിയെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ആക്രമണമുണ്ടായ ഇടങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടി സൗദി അരാംകോ. ആക്രമണമുണ്ടായി കൃത്യം ഒരു മാസത്തിന് ശേഷമാണ് വ്യോമാക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച,് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്ന എണ്ണപ്പാടവും സംസ്‌കരണശാലയും സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിയെന്ന് നേരില്‍ക്കണ്ട് മനസിലാക്കാന്‍ സൗദി മാധ്യമങ്ങള്‍ക്ക് അവസരമൊരുക്കിയത്.

ഖുറെയ്‌സിലെ അരാംകോ എണ്ണപ്പാടത്തെ സ്റ്റെബിലൈസേഷന്‍ ടവറുകളില്‍ നാലെണ്ണമാണ് സെപ്റ്റംബര്‍ 14ന് ഡ്രോണുകളാല്‍ ആക്രമിക്കപ്പെട്ടത്. ഇതിലൊരണ്ണത്തില്‍ ഇപ്പോഴും ആക്രമണത്തിന്റെ അവശേഷിപ്പുകള്‍ വ്യക്തമാണ്. എന്നാല്‍ ഇവിടം പൂര്‍ണ ഉല്‍പ്പാദനശേഷിയിലേക്ക് തിരികെയെത്തിയെന്നാണ് അരാംകോ അവകാശപ്പെടുന്നത്. അബ്‌ഖൈകിലെയും ഖുറെയ്‌സിലെയും എണ്ണ പ്ലാന്റുകളുടെ പ്രവര്‍ത്തനശേഷി വീണ്ടെടുക്കാന്‍ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അധ്വാനവുമായി അരാംകോ തൊഴിലാളികള്‍ രംഗത്തുണ്ട്. ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകര്‍ ഖുറെയ്‌സ് സന്ദര്‍ശിച്ചപ്പോള്‍ 90 മീറ്റര്‍ ഉയരമുള്ള മര്‍ദ്ദം കുറയ്ക്കുന്നതിനും അസംസ്‌കൃത എണ്ണയില്‍ നിന്നുള്ള വാതകം നീക്കം ചെയ്യുന്നതിനുമുള്ള സ്റ്റെബിലൈസേഷന്‍ ടവറുകള്‍ അടക്കം ഇവിടുത്തെ ഉപകരണങ്ങളും യന്ത്രങ്ങളും കത്തിനശിച്ച അവസ്ഥയിലായിരുന്നു.

ഇത്രയേറെ നാശനഷ്ടം സംഭവിച്ചിട്ടും അതിവേഗത്തിലാണ് അരാംകോ ഭൂരിഭാഗം കേടുപാടുകളും പരിഹരിച്ചത്. മാത്രമല്ല, കഴിഞ്ഞ മാസം അവസാനത്തോടെ തന്നെ എണ്ണയുല്‍പ്പാദനം പൂര്‍വ്വസ്ഥിതിയിലാക്കാനും അരാംകോയ്ക്ക് സാധിച്ചു. അരാംകോ ആക്രമണത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന എണ്ണവില പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യത്തിനും ആവശ്യകത സംബന്ധിച്ച ആശങ്കകള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചെത്തി.

പ്രതിദിനം പരമാവധി 14.5 ലക്ഷം ബാരല്‍ എണ്ണയാണ് ഖുറെയ്‌സ് പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുക. സാങ്കേതികമായി നിലവില്‍ പരമാവധി ശേഷിയില്‍ പ്ലാന്റിനെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് അരാംകോ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

ഖുറെയ്‌സിന് 150 മൈല്‍ അകലെയുള്ള അബ്‌ഖൈക് പ്ലാന്റിലും ആക്രമിക്കപ്പെട്ട സ്റ്റെബിലൈസേഷന്‍ ടവറുകളുടെ കേടുപാടുകള്‍ പരിഹരിച്ചിട്ടുണ്ട്. ഇവിടുത്തെ അഞ്ച് ടവറുകളാണ് ആക്രമിക്കപ്പെട്ടത്. ഇതില്‍ മൂന്നെണ്ണം ഇപ്പോള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അരാംകോയുടെ ദക്ഷിണമേഖല ഉല്‍പ്പാദന വിഭാഗം വൈസ് പ്രസിഡന്റ് ഖാലിദ് അല്‍ ബുറെയ്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ ടവറുകളുടെയും പ്രവര്‍ത്തനശേഷി വീണ്ടെടുക്കുന്നതിന് ഏതാണ്ട് ആറാഴ്ച കൂടി വേണ്ടിവരുമെന്നാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

നവംബര്‍ അവസാനത്തോടെയല്ലാതെ പ്രതിദിനം 120 ലക്ഷം ബാരലെന്ന അരാംകോയുടെ പരമാവധി ഉല്‍പ്പാദനശേഷിയിലേക്ക് തിരിച്ചെത്താന്‍ സാധ്യതയില്ലെന്നാണ് സൗദി ഊര്‍ജമന്ത്രിയായ അബ്ദുള്‍അസീസ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ മാസം സൂചിപ്പിച്ചത്.

18 തവണയാണ് അബ്‌ഖൈക് പ്ലാന്റ് ആക്രമണത്തിനിരയായത്. ഇതില്‍ പതിനൊന്നെണ്ണം എണ്ണയില്‍ നിന്നും പ്രകൃതി വാതകവും വെള്ളവും തമ്മില്‍ വേര്‍തിരിക്കുന്ന ഗോളാകൃതിയിലുള്ള ഭീമന്‍ ഉപകരണങ്ങളിലായിരുന്നു(സ്പിയറോയിഡ്‌സ്) . ഇവയുടെ കേടുപാടുകള്‍ ഏതാണ്ട് പരിഹരിച്ചതായാണ് മാധ്യമപ്രവര്‍ത്തകരുടെ സന്ദര്‍ശനത്തില്‍ വ്യക്തമായത്. അതേസമയം ആക്രമണത്തിനിരയായ എണ്ണടാങ്കുകളുടെ പകുതിഭാഗം മൂടിവെക്കപ്പെട്ട നിലയിലായിരുന്നു. ഇവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായില്ലെന്ന് വേണം അതില്‍ നിന്നും മനസിലാക്കാന്‍.

ആക്രമണത്തിന് ഉപയോഗിച്ച മിസൈലുകളും ഡ്രോണുകളും ഇറാന്‍ നിര്‍മിതമാണെന്നാണ് അമേരിക്കയും സൗദിയും അവകാശപ്പെടുന്നത്. എന്നാല്‍ ഇറാന്‍ ആക്രമണത്തിലുള്ള പങ്ക് നിഷേധിച്ചിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണയുല്‍പ്പാദനം നടക്കുന്ന മേഖലയുടെ സുരക്ഷ സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുന്നതായിരുന്നു ഈ ആക്രമണം. കഴിഞ്ഞ ദിവസം ചെങ്കടലില്‍ വെച്ച് ഇറാന്റെ എണ്ണടാങ്കര്‍ കൂടി ആക്രമിക്കപ്പെട്ടതോടെ പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷസാഹചര്യം കനപ്പെട്ടു.

Comments

comments

Categories: Arabia