രോഗനിര്‍ണയവും ഉയര്‍ന്ന രക്ത സമ്മര്‍ദവും

രോഗനിര്‍ണയവും ഉയര്‍ന്ന രക്ത സമ്മര്‍ദവും

തെറ്റായ രോഗ നിര്‍ണയത്താല്‍ കേരളത്തിലെ 51.6% ആളുകള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റെ റിസ്‌കിലാണെന്ന് ഇന്ത്യ ഹാര്‍ട്ട് പഠനം

തെറ്റായ രോഗ നിര്‍ണയത്താല്‍ കേരളം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റെ റിസ്‌കിലാണെന്ന് ഇന്ത്യ ഹാര്‍ട്ട് സ്റ്റഡിയുടെ പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ 36.2 ശതമാനം പേരും വൈറ്റ്-കോട്ട് ഹൈപ്പര്‍ ടെന്‍ഷന്റെ പിടിയിലാണെന്നും 15.4 ശതമാനം പേര്‍ മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷനിലാണെന്നും പഠനത്തില്‍ കണ്ടെത്തി. അങ്ങനെ ആകെ 51.6 ശതമാനം പേര്‍ തെറ്റായ രോഗനിര്‍ണയത്താല്‍ അപകടത്തിലാണെന്നാണ് കണ്ടെത്തല്‍. 279 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇതില്‍ 147 പേര്‍ പുരുഷന്‍മാരും 132 സ്ത്രീകളുമാണ്.

ഡോക്ടര്‍മാരുടെ മുമ്പില്‍ സാധാരണ രക്തസമ്മര്‍ദ്ദവും വീട്ടില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും കാണിക്കുന്നതാണ് മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷന്‍. ക്ലിനിക്കില്‍ എത്തുമ്പോള്‍ സാധാരണയിലും കവിഞ്ഞ രക്തസമ്മര്‍ദ്ദം പ്രകടിപ്പിക്കുന്നതാണ് വൈറ്റ്-കോട്ട് ഹൈപ്പര്‍ടെന്‍ഷന്‍. തെറ്റായ രോഗനിര്‍ണയത്താല്‍ വൈറ്റ്-കോട്ട് ഹൈപ്പര്‍ടെന്‍ഷന്‍കാര്‍ അനാവശ്യമായി മരുന്ന് കഴിക്കേണ്ടി വരുന്നു. മറുഭാഗത്ത് മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷന്‍കാര്‍ മരുന്നു കഴിക്കാതെ ഹൃദയം, കിഡ്‌നി, തലച്ചോര്‍ എന്നിവയെ അപകടപ്പെടുത്തി അകാല മരണം വരെ ഏറ്റുവാങ്ങുന്നു.

ആദ്യത്തെ ക്ലിനിക്ക് സന്ദര്‍ശനത്തില്‍ ഇന്ത്യക്കാരില്‍ 42 ശതമാനത്തിലും മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷനും വൈറ്റ്-കോട്ട് ഹൈപ്പര്‍ടെന്‍ഷനും ഉയര്‍ന്ന തോതില്‍ പ്രകടമാകുന്നുവെന്ന് ഇന്ത്യ ഹാര്‍ട്ട് സ്റ്റഡി പഠനം എടുത്തുകാട്ടുന്നു. മിനിറ്റില്‍ ശരാശരി 72 ഹാര്‍ട്ട് ബീറ്റുകളാണ് അഭികാമ്യമെങ്കിലും ഇന്ത്യക്കാര്‍ക്ക് മിനിറ്റില്‍ ശരാശരി 80 ഹാര്‍ട്ട് ബീറ്റുകളാണുള്ളത്. മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം ഉയരുന്നത് രാവിലെയല്ല, വൈകിട്ടാണെന്നതാണ് മറ്റൊരു നിര്‍ണായക കണ്ടെത്തല്‍. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് ഉപയോഗിക്കേണ്ട സമയം ഡോക്ടര്‍മാര്‍ പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലെ രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് കുറേകൂടി മെച്ചപ്പെട്ട ക്ലിനിക്കല്‍ പരിപാലനം ആവശ്യമാണെന്നാണ് ഇന്ത്യ ഹാര്‍ട്ട് സ്റ്റഡി ചൂണ്ടിക്കാട്ടുന്നതെന്നും ഇത് ഇന്ത്യയിലെ മാത്രം കണക്കുകളാണെന്നിരിക്കെ ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ളതാകണം രോഗനിര്‍ണയ രീതികളെന്നും ഹൈപ്പര്‍ടെന്‍ഷന്റെ വിവിധ വശങ്ങളെ കുറിച്ച് പഠനം വിശദമാക്കുന്നുണ്ടെന്നും ഐഎച്ച്എസിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ബത്രാ ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ റീസര്‍ച്ച് സെന്ററിലെ അക്കാദമിക്‌സ് ആന്‍ഡ് റീസര്‍ച്ച് ചെയര്‍മാനും ഡീനുമായ കാര്‍ഡിയോളജിസ്റ്റ് ഡോ. ഉപേന്ദ്ര കൗള്‍ പറഞ്ഞു.

മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ കണ്ടെത്തിയില്ലെങ്കില്‍ വളരെ അപകടം പിടിച്ച പ്രതിഭാസമാണെന്നും ഒരാളുടെ രക്തസമ്മര്‍ദ്ദം ക്ലിനിക്കിനപ്പുറം വീട്ടിലും മറ്റും നിര്‍ദേശപ്രകാരം പരിശോധിക്കേണ്ടത് പ്രധാനമാണെന്നും രക്തസമ്മര്‍ദ്ദം ശരിയായ രീതിയില്‍ പരിശോധിക്കേണ്ടത് ഹൈപ്പര്‍ടെന്‍ഷന്‍ പരിപാലനത്തില്‍ നിര്‍ണായകമാണെന്നും എറിസ് ലൈഫ്‌സയന്‍സസ് മെഡിക്കല്‍, പ്രസിഡന്റ് ഡോ. വിരാജ് സുവര്‍ണ പറഞ്ഞു.

ഹൃദ്‌രോഗങ്ങള്‍ കുറയ്ക്കുന്നതിന് മെച്ചപ്പെട്ട ആരോഗ്യ ജീവിത ശൈലി ആവശ്യമാണെന്നും യാതൊരു ലക്ഷണവും കാണിക്കാത്ത ഹൈപ്പര്‍ടെന്‍ഷന്‍ നിശബ്ദ കൊലയാളിയാണെന്നും നിയന്ത്രണമില്ലാത്ത രക്തസമ്മര്‍ദ്ദം ഹൃദ്‌രോഗങ്ങളിലേക്കും സ്‌ട്രോക്കിലേക്കും നയിക്കുമെന്നും പതിവായി രക്തസമ്മര്‍ദ്ദ പരിശോധന നടത്തി മെച്ചപ്പെട്ട ഹൈപ്പര്‍ടെന്‍ഷന്‍ പരിപാലനം ഉറപ്പാക്കണമെന്നും തിരുവനന്തപുരത്തെ പിആര്‍എസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ടിനി നായര്‍ പറഞ്ഞു.

രക്ത സമ്മര്‍ദ്ദത്തിന് മരുന്നൊന്നും കഴിക്കാത്ത ആളുകളുടെ കൂട്ടത്തെ പോലും പങ്കാളികളാക്കികൊണ്ടാണ് പഠനം നടത്തിയതെന്നതാണ് ഈ ഗവേഷണത്തിന്റെ പ്രത്യേകത. ഇന്ത്യയൊട്ടാകെ 15 സംസ്ഥാനങ്ങളിലായി 1233 ഡോക്ടര്‍മാരിലൂടെ 18,918 പേരെയാണ് ഒമ്പതു മാസം നീണ്ട പഠനത്തിന് വിധേയമാക്കിയത്. പങ്കെടുത്തവരുടെ രക്ത സമ്മര്‍ദ്ദം ഏഴു ദിവസത്തേക്ക് ദിവസവും നാലു നേരം വീട്ടില്‍ പരിശോധിച്ചുകൊണ്ടിരുന്നു.

Comments

comments

Categories: Health