ആശയം ഒന്ന്, കാലങ്ങളോളം

ആശയം ഒന്ന്, കാലങ്ങളോളം

സന്തൂര്‍ പരസ്യങ്ങള്‍ക്ക് വിഷയമാകുന്നത് ഒരേ ആശയമാണ്. ഇത് 30 വര്‍ഷമായി തുടര്‍ന്നു കൊണ്ടിരിക്കുന്നു

സന്തൂര്‍ സോപ്പിന്റെ ടെലിവിഷന്‍ പരസ്യങ്ങള്‍ കാണുമ്പോള്‍ പവര്‍ക്കും തോന്നിയിട്ടുണ്ടാകും, പരസ്യങ്ങളെല്ലാം ഒരു പോലെയുള്ളവയാണെന്ന്. എയ്‌റോബിക്‌സ് പഠിപ്പിക്കുന്ന അധ്യാപിക, കുട്ടികള്‍ക്കൊപ്പം കളിക്കുന്ന പെണ്‍കുട്ടി, ഫാഷന്‍ ഡിസെനര്‍ എന്നിങ്ങനെ വിവിധ ജീവിത മഹൂര്‍ത്തങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അമ്മയും മകളുമായിരുന്നു പരസ്യത്തിലെ താരങ്ങള്‍. സന്തൂര്‍ പരസ്യങ്ങള്‍ക്ക് വിഷയമാകുന്നത് ഒരേ ആശയമാണ്. ഇത് 30 വര്‍ഷമായി തുടര്‍ന്നു കൊണ്ടിരിക്കുന്നു. വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന അമ്മയെ കോളെജ് വിദ്യാര്‍ത്ഥിനിയാണെന്നാണ് പരസ്യങ്ങളിലെ മറ്റ് കഥാപാത്രങ്ങള്‍ തെറ്റിദ്ധരിക്കുന്നത്. അവര്‍ വിസ്മയിക്കുന്നത് മകള്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്. പ്രായം തോന്നിപ്പിക്കാത്ത ചര്‍മ്മം സമ്മാനിക്കുന്ന സോപ്പ് എന്ന് പൊസിഷന്‍ ചെയ്യാനും ബ്രാന്‍ഡിന് ഇതിലൂടെ കഴിഞ്ഞു.

വളരെക്കാലമായി തുടര്‍ന്നുപോരുന്ന ഈ ആശയം മാറ്റണമെന്ന് പല ബ്രാന്‍ഡ് വിദഗ്ധരും ആവശ്യപ്പെട്ടതാണത്രേ. നല്ല ബിസിനസ് ലഭിക്കുമെങ്കില്‍ പിന്നെയെന്തിന് പരസ്യത്തിന്റെ ആശയം മാറ്റണം എന്നായിരുന്നു ബ്രാന്‍ഡിന്റെ നിലപാട്. ഒരേ പരസ്യം ആശയം തന്നെ തുടരുന്ന സന്തൂര്‍ ഇന്ന് രണ്ടാമത്തെ വലിയ സോപ്പ് ബ്രാന്‍ഡായി മാറിയെന്ന് കമ്പനി പറയുന്നു. പക്ഷേ ഇപ്പോള്‍ മൂന്ന് സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തിയുള്ള കാമ്പയിന്‍ ഒരേ സമയം വിവിധ പ്രദേശങ്ങളില്‍ അവതരിപ്പിക്കുകയാണ്. ഇന്ത്യയില്‍ ഓരോ പ്രേദേശങ്ങളിലും താല്‍പ്പര്യങ്ങളും വ്യത്യസ്തമാണെന്നതില്‍നിന്നാണ് വിവിധ പ്രദേശങ്ങള്‍ക്കായി കാമ്പയിനുകള്‍ പ്രത്യേകമായി അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ബോളിവുഡിലെ വരുണ്‍ ധവാന്‍ ഇന്ത്യയുടെ വടക്ക് – പടിഞ്ഞാറ് ഭാഗങ്ങളിലും തെലുങ്ക് നടന്‍ മഹേഷ് ബാബു ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളുലും തമിഴ് നടന്‍ കാര്‍ത്തി തമിഴ്‌നാട്ടിലും കേരളത്തിലും അവതരിപ്പിക്കുന്ന പരസ്യങ്ങളിലുണ്ടാവും. തിരഞ്ഞെടുക്കപ്പെട്ട വിപണികളില്‍ തികച്ചും പ്രാദേശിക പസ്യ തന്ത്രങ്ങള്‍ സന്തൂറിന് ഇടം നേടാന്‍ സഹായിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിലേക്ക് സന്തൂറിനെ കൊണ്ടുപോകാന്‍ പരസ്യങ്ങളിലെ പുതുമുഖങ്ങള്‍ക്കാവുമെന്ന് പ്രത്യാശിക്കാം.

ദീര്‍ഘകാലമായി ഒരേ ആശയം പരസ്യങ്ങള്‍ക്കു സ്വീകരിക്കുന്ന ബ്രാന്‍ഡുകള്‍ക്ക് ഏറ്റവും നല്ല ഉദാഹരണം സന്തൂര്‍ സോപ്പാണ്. വിപണിയിലെത്തിയതുമുതല്‍ ഒരേ ആശയം തന്നെയാണ് പരസ്യങ്ങളില്‍ അവതരിപ്പിക്കുന്നത്. ദീര്‍ഘകാലം ഒരേ ആശ്യം ഉപയോഗിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് ശക്തമായ പൊസിഷനിംഗാണ്. ബ്രാന്‍ഡ് ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കളുടെ മനസ്സില്‍ ബ്രാന്‍ഡിന്റെ വാഗ്ദാനവും സവിശേഷതകളും നിലനിര്‍ത്താന്‍ ദീര്‍ഘകാലം ഒരേ ആശയം സ്വീകരിക്കുന്ന പരസ്യങ്ങള്‍ക്ക് എളുപ്പം കഴിയുന്നു. മാത്രമല്ല പഴയ ഉപഭോക്താക്കളെ നിലനിര്‍ത്താനും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കഴിയുന്നു. ഇങ്ങനെ ദീര്‍ഘകാലമായി ഒരേ ആശയം തുടരുന്നത് ഉപഭോക്താക്കളില്‍ മുഷിപ്പുണ്ടാക്കാനും പാടില്ല.

ദീര്‍ഘകാലമായി തുടരുന്ന ആശയം മാറ്റുന്നത് ശ്രദ്ധയോടെയല്ലെങ്കില്‍ തിരിച്ചടികളുമുണ്ടാകാം. ആശയം മാറ്റുന്നതിന് ഓരോ ബ്രാന്‍ഡിനും കാരണവും ഉണ്ടായേക്കാം. ഒനീഡ ടെലിവിഷന്‍ ഉടമയ്ക്ക് അഭിമാനം, അയല്‍ക്കാരന് അസൂയ എന്ന അവരുടെ പ്രശസ്തമായ പരസ്യവാചകം മാറ്റിയപ്പോള്‍ പറഞ്ഞത് അത് ആദ്യം അവതരിപ്പിച്ചപ്പോഴുള്ള സ്ഥിതിയല്ല അത് മാറ്റിയ സമയത്തുണ്ടായിരുന്നതെന്നാണ്. ടെലിവിഷന്‍ വ്യാപകമാകുന്നതിനും നിരവധി ബ്രാന്‍ഡുകള്‍ വിപണിയിലെത്തുന്നതിനും മുമ്പാണ് ഈ പരസ്യവാചകം അവതരിപ്പിക്കുന്നതെന്ന് ഓര്‍ക്കണം.

Categories: Business & Economy