യുഎം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു

യുഎം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു

ലോഹിയ ഓട്ടോയുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടാണ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത്

ന്യൂഡെല്‍ഹി: അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ യുഎം മോട്ടോര്‍സൈക്കിള്‍സ് (യുണൈറ്റഡ് മോട്ടോഴ്‌സ്) ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ലോഹിയ ഓട്ടോയുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടാണ് യുഎം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത്. നിരവധി യുഎം ഷോറൂമുകള്‍ രാജ്യത്ത് അടച്ചുപൂട്ടുന്നതായും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ജനറല്‍ മോട്ടോഴ്‌സ്, മാന്‍ ട്രക്ക് & ബസ് തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഇതിനുമുമ്പ് ഇന്ത്യ വിട്ടിരുന്നു. ഈ ഗണത്തിലേക്കാണ് യുഎം മോട്ടോര്‍സൈക്കിള്‍സ് ചേരുന്നത്.

റെനഗേഡ് കമാന്‍ഡോ ക്ലാസിക് എന്ന മോട്ടോര്‍സൈക്കിളാണ് യുഎം അവസാനമായി വിപണിയിലെത്തിച്ചത്. 2017 സെപ്റ്റംബറിലാണ് പുറത്തിറക്കിയത്. ഇരുചക്ര വാഹന വ്യവസായത്തിലെ മാന്ദ്യം കമ്പനിയെ വല്ലാതെ ബാധിച്ചതായി തോന്നുന്നു. ഉത്തരാഖണ്ഡിലെ കാശിപുര്‍ പ്ലാന്റില്‍ ഉല്‍പ്പാദനം നിര്‍ത്തിയതായാണ് മനസ്സിലാക്കുന്നത്. ആഗോളതലത്തില്‍, യുഎം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ യുഎം മോട്ടോര്‍സൈക്കിള്‍സ് അവസാനിപ്പിച്ചിരുന്നു.

യുഎം മോട്ടോര്‍സൈക്കിള്‍സും ലോഹിയ ഓട്ടോയും 50:50 അനുപാതത്തിലാണ് ഇന്ത്യയില്‍ സംയുക്ത സംരംഭം ആരംഭിച്ചത്. യുഎം മോട്ടോര്‍സൈക്കിള്‍സിന് നിലവില്‍ ഇന്ത്യയില്‍ പണമിറക്കാന്‍ കഴിയില്ലെന്നും കാശിപുര്‍ പ്ലാന്റില്‍ ഇപ്പോള്‍ യുഎം ബൈക്കുകള്‍ നിര്‍മിക്കുന്നില്ലെന്നും ലോഹിയ ഓട്ടോ ഇന്‍ഡസ്ട്രീസ് സിഇഒ ആയുഷ് ലോഹിയ പറഞ്ഞു. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ യുഎം മോട്ടോര്‍സൈക്കിള്‍സ് ഡീലര്‍മാര്‍.

40 ശതമാനം തദ്ദേശീയ പാര്‍ട്ടുകളും 60 ശതമാനം ഇറക്കുമതി ചെയ്തവയുമായാണ് യുഎം മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിച്ചിരുന്നത്. തദ്ദേശീയ വിതരണക്കാരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യയിലാണ്. ഇന്തോനേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് മറ്റ് പാര്‍ട്ടുകള്‍ ഇറക്കുമതി ചെയ്തിരുന്നത്. അവസാന യുഎം മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിച്ച വകയില്‍ എല്ലാ പാര്‍ട്‌സ് വിതരണക്കാര്‍ക്കും പണം നല്‍കിയതായും പുതിയ പാര്‍ട്‌സ് ഇനി പ്ലാന്റില്‍ എത്തിച്ചേരാനില്ലെന്നും ആയുഷ് ലോഹിയ വ്യക്തമാക്കി. എന്നാല്‍ സംയുക്ത സംരംഭം സംബന്ധിച്ച എല്ലാ പ്രതീക്ഷകളും അസ്തമിച്ചിട്ടില്ലെന്ന് ലോഹിയ പറഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ വരെ, ഇന്ത്യയില്‍ പ്രതിമാസം ഇരുനൂറോളം ബൈക്കുകള്‍ വില്‍ക്കാന്‍ യുഎം മോട്ടോര്‍സൈക്കിള്‍സിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ മിക്ക ഡീലര്‍മാരും ഷട്ടര്‍ താഴ്ത്തിക്കഴിഞ്ഞു. സര്‍വീസ് ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ചിലര്‍ തുറന്നിരിക്കുന്നു. ഡീലര്‍മാരുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നതിനുമുമ്പ് യുഎം മോട്ടോര്‍സൈക്കിള്‍സില്‍നിന്ന് വ്യക്തത തേടിക്കൊണ്ടിരിക്കുകയാണെന്ന് ആയുഷ് ലോഹിയ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍, ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ യുഎം മോട്ടോര്‍സൈക്കിള്‍സ് ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ അവസ്ഥ സംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ തനിക്കാവില്ലെന്നും ലോഹിയ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ബിസിനസ് യുഎം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വന്നുതുടങ്ങിയിരുന്നു. ഒരു മോട്ടോര്‍സൈക്കിളിലും ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നല്‍കാന്‍ യുഎം തയ്യാറായിരുന്നില്ല. ഇതാണ് സംശയം ജനിപ്പിച്ചത്. അതേസമയം, ഉല്‍സവ കാലത്ത് പുതിയ മോഡലുകള്‍ പ്രതീക്ഷിക്കാമെന്ന തരത്തിലുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകളും കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.

റെനഗേഡ് കമാന്‍ഡോ, റെനഗേഡ് സ്‌പോര്‍ട്ട് എസ്, റെനഗേഡ് മൊഹാവേ, റെനഗേഡ് ക്ലാസിക് എന്നിവയാണ് യുഎം മോട്ടോര്‍സൈക്കിള്‍സിന്റെ ഇന്ത്യയിലെ മോഡലുകള്‍. എല്ലാം അമേരിക്കന്‍ സ്‌റ്റൈല്‍ ക്രൂസര്‍ മോട്ടോര്‍സൈക്കിളുകള്‍. 300 സിസി, ലിക്വിഡ് കൂള്‍ഡ് എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്. ചില്‍ 150 എന്ന 150 സിസി സ്‌കൂട്ടര്‍ ഈ വര്‍ഷം വിപണിയിലെത്തിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍, ഈ പ്രോജക്റ്റ് തല്‍ക്കാലം വെളിച്ചം കാണില്ല.

Comments

comments

Categories: Auto